| Sunday, 24th August 2025, 3:38 pm

'സ്വയം പ്രതിരോധം' അടവാക്കി രാഹുൽ; ഗുരുതര ആരോപണങ്ങളിൽ മറുപടിയില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

അടൂര്‍: ഗുരുതരമായ ലൈംഗിക ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും വീണ്ടും സ്വയം ന്യായീകരിച്ച് പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തില്‍.

തനിക്കെതിരെ ട്രാന്‍സ്ജന്‍ഡര്‍ യുവതിയായ അവന്തിക ഉന്നയിച്ച ആരോപണങ്ങള്‍ വ്യാജമാണെന്ന് രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു. അവന്തിക ആരോപണങ്ങള്‍ ഉന്നയിക്കുന്നതിന് മുമ്പ് ഓഗസ്റ്റ് ഒന്നിന് ഇരുവരും നടത്തിയ ചാറ്റിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടുകൊണ്ടായിരുന്നു രാഹുലിന്റെ പ്രതികരണം.

എന്നാല്‍ രാഹുലിനെതിരെ ഒന്നിലധികം ആരോപണങ്ങള്‍ നിലനില്‍ക്കെ അവന്തികയുമായി ബന്ധപ്പെട്ട വിഷയത്തില്‍ മാത്രമാണ് എം.എല്‍.എ മാധ്യമങ്ങളോട് പ്രതികരിച്ചത്.

തനിക്കെതിരെ ചില നീക്കങ്ങള്‍ നടക്കുന്നതായി അവന്തിക അറിയിച്ചിരുന്നുവെന്നും ഒരു റിപ്പോര്‍ട്ടര്‍ വിളിച്ച് രാഹുലില്‍ നിന്ന് മോശം അനുഭവമുണ്ടായിരുന്നോ എന്ന് ചോദിച്ചതായും അവന്തിക പറയുന്നതാണ് ചാറ്റിലുള്ളത്. റിപ്പോര്‍ട്ടറും അവന്തികയും തമ്മില്‍ സംസാരിക്കുന്ന ഓഡിയോയും രാഹുല്‍ പുറത്തുവിട്ടിട്ടുണ്ട്.

രാഹുലില്‍ നിന്ന് മോശം അനുഭവം നേരിട്ടിട്ടില്ലെന്നും നല്ല സുഹൃത്താണെന്നുമാണ് അവന്തിക റിപ്പോര്‍ട്ടറോട് പറയുന്നത്. എന്നാല്‍ രാഹുല്‍ ലൈംഗിക വൈകൃതം നിറഞ്ഞ ഭാഷയില്‍ തന്നോട് സംസാരിച്ചുവെന്നും കേരളത്തിന് പുറത്ത്, ഹൈദരാബാദിലോ ബെംഗളൂരുവിലോ പോയി ബലാത്സംഗം ചെയ്യുന്നത് പോലെ ലൈംഗികബന്ധത്തിലേര്‍പ്പെടണമെന്ന് പറഞ്ഞുവെന്നുമാണ് അവന്തിക വെളിപ്പെടുത്തിയിരുന്നത്.

നിലവില്‍ താന്‍ ഉയര്‍ത്തിയ ആരോപണങ്ങളില്‍ അവന്തിക ഉറച്ചു നില്‍ക്കുകയാണ്. മാധ്യമങ്ങളോട് പ്രതികരിച്ച രാഹുല്‍, തന്റെ ആരോപണങ്ങളെ കുറിച്ച് ഒന്നും തന്നെ സംസാരിച്ചിട്ടില്ലെന്നും രാഹുല്‍ പുറത്തുവിട്ട ഓഡിയോ തന്റെയും കൈവശമുണ്ടെന്നും അവന്തിക മാധ്യമങ്ങളോട് പ്രതികരിച്ചു.

അതേസമയം തനിക്കെതിരെ ഉയര്‍ന്നിരിക്കുന്ന ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചു എന്നതടക്കമുള്ള ആരോപണങ്ങളില്‍ പ്രതികരിക്കാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ തയ്യാറായില്ല. മാധ്യമപ്രവര്‍ത്തകര്‍ തുടര്‍ച്ചയായി ചോദ്യങ്ങള്‍ ഉന്നയിച്ചിട്ടും രാഹുല്‍ മുഖം തിരിക്കുകയാണ് ചെയ്തത്.

കഴിഞ്ഞ ദിവസം രാഹുല്‍ മാധ്യമങ്ങളെ കാണുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിന്നീട് മാധ്യമങ്ങളെ കാണില്ലെന്ന വാര്‍ത്തകളാണ് പുറത്തുവന്നത്. നേതൃത്വം ഇടപെട്ട് തീരുമാനത്തില്‍ നിന്ന് രാഹുലിനെ പിന്തിരിപ്പിച്ചതായാണ് വിവരം.

ഇന്ന് (ഞായര്‍) രാഹുല്‍ മാധ്യമങ്ങളെ കണ്ടത് പാര്‍ട്ടിയുടെ തീരുമാനപ്രകാരമല്ല. എം.എല്‍.എ സ്ഥാനം രാജിവെക്കാന്‍ സമ്മര്‍ദമുയരുന്ന സാഹചര്യത്തിലാണ് രാഹുല്‍ മാധ്യമങ്ങളെ കണ്ടത്.നേരത്തെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെക്കുകയാണെന്ന് അറിയിച്ചുകൊണ്ടുള്ള വാര്‍ത്താസമ്മേളനത്തിലും രാഹുല്‍ സ്വയം ന്യായീകരിക്കുകയാണ് ചെയ്തത്.

തനിക്കെതിരെ ഒരു പരാതിയും ഇല്ലെന്നായിരുന്നു രാഹുലിന്റെ അവകാശവാദം. തെളിവുകള്‍ പുറത്തുവരികയാണെങ്കില്‍ അപ്പോള്‍ മറുപടി നല്‍കാമെന്നും രാഹുല്‍ പറഞ്ഞിരുന്നു. ശേഷം ഒന്നിലധികം തെളിവുകള്‍ പുറത്തുവന്നിട്ടും വ്യക്തമായ പ്രതികരണം നല്‍കാന്‍ എം.എല്‍.എ തയ്യാറായിട്ടില്ല.

Content Highlight: Rahul Mamkootathil attempt to self defence

We use cookies to give you the best possible experience. Learn more