| Wednesday, 24th September 2025, 10:09 am

38 ദിവസങ്ങള്‍ക്ക് ശേഷം പാലക്കാട് മണ്ഡലത്തിലെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: ലൈംഗിക വിവാദങ്ങള്‍ക്കിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ പാലക്കാട്ടെത്തി. 38 ദിവസങ്ങള്‍ക്ക് ശേഷമാണ് രാഹുല്‍ മണ്ഡലത്തിലെത്തുന്നത്. രാഹുല്‍ ഇന്ന് (ബുധന്‍) പാലക്കാടെത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പ്രതിഷേധം കണക്കിലെടുത്ത് എം.എല്‍.എ ഓഫീസിന് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്ന സേവിയറിന്റെ സഹോദരന്‍ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തെ സന്ദര്‍ശിക്കാനാണ് രാഹുല്‍ മണ്ഡലത്തില്‍ എത്തിയത്.

ഓഗസ്റ്റ് 17നാണ് രാഹുല്‍ പാലക്കാട് നിന്നും പോയത്. ഇപ്പോള്‍ മണ്ഡലത്തില്‍ തിരിച്ചെത്തിയ രാഹുലിനൊപ്പം കെ.എസ്.യു ജില്ലാ പ്രസിഡന്റ് നിഖില്‍ കണ്ണാടിയുമുണ്ട്.

ജനാധിപത്യപരമായ എല്ലാ പ്രതിഷേധങ്ങളെയും സ്വാഗതം ചെയ്യുന്നതായി രാഹുല്‍ മാങ്കൂട്ടത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. നേരത്തെ നിയമസഭാ സമ്മേളനത്തിന്റെ ആദ്യദിനത്തില്‍ രാഹുല്‍ സഭയിലെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് രാഹുല്‍ പാലക്കാടും എത്തിയത്.

ലൈംഗിക ആരോപണങ്ങള്‍ക്ക് പിന്നാലെ രാഹുലിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് കോൺഗ്രസ് സസ്പെന്‍ഡ് ചെയ്തിരുന്നു.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉള്‍പ്പെടെയുള്ള ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് രാഹുലിന് സഭയില്‍ എത്തരുതെന്ന കര്‍ശന നിര്‍ദേശവും ലഭിച്ചിരുന്നു. ഈ വിലക്ക് മറികടന്നുകൊണ്ടാണ് രാഹുല്‍ സഭയിലെത്തിയത്.

ലൈംഗികാതിക്രമ കേസില്‍ ക്രൈബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയിലെത്തിയത്. യുവനടി റെനി ജോര്‍ജാണ് രാഹുലിനെതിരെ ആദ്യമായി പരാതിയുമായി രംഗത്തെത്തിയത്.

ഇതിനുപിന്നാലെ രാഹുലിന് എതിരെ കൂടുതല്‍ പരാതികളും തെളിവുകളും പുറത്തുവരികയായിരുന്നു. ശബ്ദ സന്ദേശം, വാട്‌സ്ആപ്പ്-ടെലഗ്രാം ചാറ്റ് തുടങ്ങിയ തെളിവുകളാണ് പുറത്തുവന്നത്.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്നുവന്ന 13 പരാതികളിലാണ് നിലവില്‍ അന്വേഷണം നടക്കുന്നത്. ഈ പരാതികളില്‍ അധികവും മൂന്നാംകക്ഷികള്‍ നല്‍കിയതാണ്. കൂടാതെ റെനി ജോര്‍ജ് ക്രൈംബ്രാഞ്ചിന് മുമ്പാകെ മൊഴി രേഖപ്പെടുത്തിയിട്ടുമുണ്ട്.

Content Highlight: Rahul Mamkootathil arrives in Palakkad constituency

We use cookies to give you the best possible experience. Learn more