| Monday, 1st December 2025, 11:06 pm

'രണ്ട് രാഹുല്‍മാരും എനിക്കൊരു പ്രശ്‌നം വന്നപ്പോള്‍ പിന്തുണച്ചവര്‍'; സത്യഭാമയുടെ പോസ്റ്റ് ചര്‍ച്ചയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: ലൈംഗിക പീഡന കേസിലെ പ്രതി രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയെയും അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന വലത് ആക്ടിവിസ്റ്റ് രാഹുല്‍ ഈശ്വറിനെയും പിന്തുണച്ച് നര്‍ത്തകി സത്യഭാമ.

ഇരുവരും തനിക്ക് ഒരു പ്രശ്‌നം വന്നപ്പോള്‍ പിന്തുണ നല്‍കിയവരാണെന്ന് സത്യഭാമ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സത്യഭാമയുടെ പ്രതികരണം. വിഷമസമയത്ത് കൂടെയുണ്ടായ ആളുകളെ പുറകില്‍ നിന്ന് കുത്താന്‍ താന്‍ പഠിച്ചിട്ടില്ല കോയ എന്നും സത്യഭാമ പറഞ്ഞു.

‘വെട്ടുകിളികള്‍ ഒരുപാട് പേരുണ്ടല്ലോ…. രണ്ട് രാഹുല്‍മാരും എന്നോട് വ്യക്തിപരമായി ഒരു മോശപ്പെട്ട രീതിയിലും പെരുമാറിയിട്ടില്ല. മാത്രവുമല്ല എനിക്ക് ഒരു പ്രശ്‌നം വന്ന സമയത്ത് അവരെ കൊണ്ട് പറ്റുന്ന രീതിയില്‍ എനിക്ക് പിന്തുണ തന്നിട്ടുള്ളവര്‍ ആണ്,’ സത്യഭാമ പറഞ്ഞു.

ജീവന്‍ തന്നെ കൊടുക്കേണ്ടി വന്നാലും ഒപ്പം നിന്നവരെ പിന്നില്‍ നിന്ന് കുത്തില്ലെന്നും സത്യഭാമ പറയുന്നു. മഴ പെയ്തിട്ട് തണഞ്ഞിട്ടില്ല പിന്നെയല്ലേ മരം പെയ്യുമ്പോഴെന്നും സത്യഭാമ കുറിച്ചു.

കഴിഞ്ഞ ദിവസവും രാഹുല്‍ ഈശ്വറിനെ പിന്തുണച്ച് സത്യഭാമ സംസാരിച്ചിരുന്നു. വ്യക്തമായ തെളിവുകള്‍ ഇല്ലാതെ ഒരുകാരണവശാലും ഇത്രയും വലിയ ഒരു പ്രശ്‌നത്തില്‍ രാഹുല്‍ ഇടപെടില്ലെന്നായിരുന്നു സത്യഭാമയുടെ പ്രതികരണം.

തനിക്ക് ഒരുപാട് ശത്രുക്കള്‍ ഉണ്ടാകുമെന്ന് അറിഞ്ഞിട്ടുപോലും രാഹുല്‍ എം.എല്‍.എയുടെ വിഷയത്തില്‍ ഇത്രയും ധൈര്യം കാണിക്കുന്നുണ്ടെങ്കില്‍, 100 ശതമാനം ഉറപ്പിച്ചോ വ്യക്തമായ കൈകള്‍ എം.എല്‍.എയുടെ സ്വന്തം പാര്‍ട്ടിയില്‍ തന്നെയുണ്ടെന്നും സത്യഭാമ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

പ്രസ്തുത പോസ്റ്റ് വലിയ ചര്‍ച്ചയാവുകയും ചെയ്തു. അറിയാത്ത കാര്യത്തില്‍ അഭിപ്രായം പറയരുത്, രാഹുലെന്ന അവസരവാദിയെ വിശ്വസിക്കരുത്, കെ.എസ്.ആര്‍.ടി.സിയിലെ നഗ്‌നത പ്രദര്‍ശന കേസിലെ പ്രതിയെ പോലും പിന്തുണച്ചവനാണ്, സുന്ദരന്‍ ആയതുകൊണ്ടാണോ രാഹുലിനെ പിന്തുണക്കുന്നത് എന്നിങ്ങനെയുള്ള കമന്റുകളാണ് ഈ പോസ്റ്റിന് താഴെ നിലവില്‍ ഉയരുന്നത്.

Content Highlight: ‘Rahul mamkootathil and rahul eswar supported me when I had a problem’; Sathyabhama’s post under discussion

We use cookies to give you the best possible experience. Learn more