| Friday, 9th May 2025, 11:45 am

പാകിസ്ഥാന്‍ തീവ്രവാദത്തെയും ചില ചാനലുകളുടെ റേറ്റിങ്ങിന് വേണ്ടിയുള്ള അസത്യ പ്രചരണങ്ങളെയും അതിജീവിക്കും: രാഹുല്‍ മാങ്കൂട്ടത്തില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: ഇന്ത്യ-പാക് സംഘര്‍ഷത്തിനിടെ മാധ്യമങ്ങളുടെ വാര്‍ത്താവതരണ രീതിയെ വിമര്‍ശിച്ച് പാലക്കാട് എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ മാങ്കൂട്ടത്തില്‍. സംഘര്‍ഷം സംബന്ധിച്ച വിവരങ്ങള്‍ അമിതാവേശത്തോടെ റിപ്പോര്‍ട്ട് ചെയ്യുന്നതിലാണ് മാധ്യമങ്ങള്‍ക്കെതിരായ എം.എല്‍.എയുടെ വിമര്‍ശനം. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രതികരണം.

പാകിസ്ഥാന്റെ തീവ്രവാദത്തെയും ചില ചാനലുകളുടെ റേറ്റിങ് മത്സരത്തിന് വേണ്ടിയുള്ള അസത്യ പ്രചരണങ്ങളെയും നമ്മള്‍ അതിജീവിക്കുമെന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ കുറിച്ചത്. നേരത്തെ മാധ്യമങ്ങളെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവായ കെ.എസ്. ശബരിനാഥനും രംഗത്തെത്തിയിരുന്നു.

‘പറയാതിരിക്കാന്‍ വയ്യ, പല ടി.വി ചാനലുകളും പ്രത്യേകിച്ച് മലയാള ചാനലുകള്‍ ടി.ആര്‍.പി ലഭിക്കാനുള്ള തത്രപാടിലാണ്. ഔദ്യോഗിക സ്ഥിരീകരണമില്ലാത്ത ട്വിറ്ററിലും മറ്റും വരുന്ന പല വീഡിയോകള്‍ വെരിഫൈ ചെയ്യാതെ കാണിക്കുന്നതിന്റെ മത്സരത്തിലാണ്. ഈ പറയുന്ന ജലന്ധറിലും ചുറ്റുവട്ടത്തും മലയാളികള്‍ തന്നെ എത്രയോപേരുണ്ട്, പഠിക്കാന്‍ പോയിട്ടുള്ള വിദ്യാര്‍ത്ഥികളുണ്ട്. അതിനാല്‍ ജാഗ്രതയോടെ റിപ്പോര്‍ട്ട് ചെയ്യുക. ഇന്‍ഫര്‍മേഷന്‍ ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം ശക്തമായ നിബന്ധനകള്‍ നല്‍കിയാലും തെറ്റില്ല. നിമിഷം തോറും സ്റ്റോറീസ് ചെയ്യാന്‍ ഇത് ഐ.പി.എല്‍ മത്സരമോ അല്ലെങ്കില്‍ ഇലക്ഷന്‍ റിസള്‍ട്ടോ അല്ല, നഷ്ടം സംഭവിക്കുന്നത് സാധാരണ മനുഷ്യനാണ്. ആവേശമല്ല വിവേകമാണ് ഇപ്പോള്‍ ആവശ്യം,’ ശബരിനാഥന്‍ പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ശബരിനാഥന്റെ പ്രതികരണം.

നിലവില്‍ ഏഴ് ഭീകരരെ കൂടി ബി.എസ്.എഫ് വധിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ജെയ്ഷെ ബന്ധമുള്ള ഭീകരരാണ് മരിച്ചതെന്നാണ് വിവരം. സാംബയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടെ ബി.എസ്.എഫ് സൈനികര്‍ ഭീകരരെ വധിക്കുകയായിരുന്നു. ഇതിനിടെ ചെനാബ് നദിയിലെ രണ്ട് അണക്കെട്ടുകള്‍ ഇന്ത്യ മുന്നറിയിപ്പില്ലാതെ തുറന്നു.

ബാഗ് ലിഹാര്‍ ജലവൈദ്യുത പദ്ധതി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകളും സലാല്‍ ഡാമിന്റെ മൂന്ന് ഷട്ടറുകളുമാണ് ഇന്ത്യ തുറന്നുവിട്ടത്. ജമ്മു കശ്മീരിലെ കനത്ത മഴയെത്തുടര്‍ന്ന് ജലനിരപ്പ് ഉയരുന്നത് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഷട്ടറുകള്‍ തുറന്നതെന്നാണ് അധികൃതരുടെ വിശദീകരണം.

ഇതിനിടെ മലയാളികളായ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ജമ്മു കശ്മീരില്‍ കുടുങ്ങിക്കിടക്കുകയാണ്. ഇവരെ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായാണ് വിവരം. കേരളത്തിലും നിലവില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. ആവശ്യങ്ങള്‍ക്കായി 1471-2517500 എന്ന നമ്പറില്‍ ബന്ധപ്പെടാം.

Content Highlight: Rahul Mamkootathil against media

We use cookies to give you the best possible experience. Learn more