| Saturday, 11th October 2025, 7:57 pm

രാഹുല്‍ വീണ്ടും പൊതുപരിപാടിയില്‍; പങ്കെടുത്തത് കുടുംബശ്രീയുടെ വാര്‍ഷിക പരിപാടിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: വിവാദങ്ങള്‍ക്കിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ വീണ്ടും പൊതുപരിപാടിയില്‍. പാലക്കാട് നഗരസഭയിലെ പരിപാടിയിലാണ് രാഹുല്‍ പങ്കെടുത്തത്. നേരത്തെ പാലക്കാട് നടന്ന കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസിന്റെ ഫ്ലാഗ് ഓഫ് ചടങ്ങിലും രാഹുല്‍ പങ്കെടുത്തിരുന്നു.

നിലവില്‍ പാലക്കാട് നഗരസഭയിലെ 36 വാര്‍ഡില്‍ നടന്ന കുടുംബശ്രീയുടെ വാര്‍ഷിക പരിപാടിയിലാണ് രാഹുല്‍ പങ്കെടുത്തത്. രാഹുല്‍ മാങ്കൂട്ടത്തില്‍ പങ്കെടുക്കുന്നുണ്ടെന്ന വിവരം പരിപാടിയുടെ സംഘാടകര്‍ രഹസ്യമായി സൂക്ഷിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.

കൗണ്‍സിലറും യൂത്ത് കോണ്‍ഗ്രസ് ഭാരവാഹിയുമായ മന്‍സൂര്‍ മണലാഞ്ചേരിയുടെ വാര്‍ഡിലാണ് പരിപാടി നടന്നത്. രാഹുല്‍ പാലക്കാടെത്തിയാല്‍ അദ്ദേഹത്തിന് കവചമൊരുക്കുമെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ടതിന് പിന്നാലെ വിവാദത്തിലായ നേതാവ് കൂടിയാണ് മന്‍സൂര്‍.

ലൈംഗിക വിവാദങ്ങളെ തുടര്‍ന്ന് ഓഗസ്റ്റ് 17ന് പാലക്കാട് നിന്ന് പോയ രാഹുല്‍ 38 ദിവസങ്ങള്‍ക്ക് ശേഷം സെപ്റ്റംബര്‍ 24നാണ് മണ്ഡലത്തിലെത്തിയത്. തിരിച്ചെത്തിയ രാഹുല്‍ ഒക്ടോബര്‍ 15നാണ് ആദ്യമായി ഒരു പൊതുപരിപാടിയില്‍ പങ്കെടുത്തത്.

പാലക്കാട്-ബെംഗളൂരു കെ.എസ്.ആര്‍.ടി.സിയുടെ എ.സി ബസ് സര്‍വീസ് രാഹുല്‍ ഫ്ലാഗ് ചെയ്യുകയായിരുന്നു. ഇവിടെയും രഹസ്യമായാണ് രാഹുല്‍ എത്തിയത്. പരിപാടിയുടെ ഫോട്ടോകള്‍ എം.എല്‍.എയുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

അതേസമയം രാഹുല്‍ മാങ്കൂട്ടത്തില്‍ മണ്ഡലത്തിലെ പൊതുപരിപാടികളില്‍ പങ്കെടുത്താല്‍ തടയുമെന്ന് ഡി.വൈ.എഫ്.ഐ, സി.പി.ഐ.എം, ബി.ജെ.പി ഉള്‍പ്പടെയുള്ള സംഘടനകള്‍ ആഹ്വാനം ചെയ്തിരിക്കെയായിരുന്നു കെ.എസ്.ആര്‍.ടി.സിയുടെ ഫ്ലാഗ് ഓഫ് ചടങ്ങ് നടന്നത്.

ഇന്ന് (ശനി) പേരാമ്പ്രയിലെ പൊലീസ് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വടകര എം.പി ഷാഫി പറമ്പിലിനെയും രാഹുല്‍ സന്ദര്‍ശിച്ചിരുന്നു. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ എത്തിയാണ് രാഹുല്‍ ഷാഫിയെ കണ്ടത്.

Content Highlight: Rahul mamkootathil again at a public event in palakkad, participated in Kudumbashree’s annual event

We use cookies to give you the best possible experience. Learn more