തിരുവനന്തപുരം: പാര്‍ട്ടി തീരുമാനങ്ങള്‍ ലംഘിക്കുകയോ ധിക്കരിക്കുകയോ ചെയ്തിട്ടില്ലെന്ന് പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തില്‍. ഇന്ന് നടന്ന നിയമസഭാ സമ്മേളനത്തില്‍ രാഹുല്‍ എത്തിയതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുല്‍. നിയമസഭയിലെത്തുന്നതിന് മുമ്പ് രാഹുല്‍ കെ.പി.സി.സി അദ്ധ്യക്ഷന്‍ സണ്ണി ജോസഫുമായി ചര്‍ച്ച നടത്തിയെന്ന റിപ്പോര്‍ട്ടും രാഹുല്‍ തള്ളി.
സസ്പന്‍ഷന്‍ കാലാവധിയിലുള്ള ഒരു പ്രവര്‍ത്തകന്‍ എങ്ങനെയൊക്കെയാണ് പെരുമാറേണ്ടതെന്നുള്ള ബോധ്യം തനിക്കുണ്ടെന്നും അതുകൊണ്ട് തന്നെ ഒരു നേതാവിനേയും താന്‍ കാണാന്‍ ശ്രമിച്ചിട്ടില്ലെന്നും രാഹുല്‍ പറഞ്ഞു.
‘പാര്‍ട്ടി ഒരു തീരുമാനമെടുക്കുമ്പോള്‍ അത് ധിക്കരിക്കുവാനോ ലംഘിക്കുവാനോ ഒരു കാലത്തും ശ്രമിച്ചിട്ടില്ല. സസ്പന്‍ഷനിലാണെങ്കിലും പാര്‍ട്ടിക്ക് വിധേയനായി മാത്രം പ്രവര്‍ത്തിക്കുന്ന ഒരാളാണ് ഞാന്‍. മാത്രമല്ല ഒരു സസ്പന്‍ഷന്‍ കാലാവധിയിലുള്ള ഒരു പ്രവര്‍ത്തകന്‍ എങ്ങനെയൊക്കെയാണ് പെരുമാറേണ്ടതെന്നുള്ള ബോധ്യം നിരവധി കാലമായി പാര്‍ട്ടിയിലുള്ള പ്രവര്‍ത്തകന്‍ എന്ന നിലയില്‍ എനിക്കുണ്ട്. അതുകൊണ്ട് ഞാന്‍ ഒരു നേതാവിനേയും കാണാന്‍ ശ്രമിച്ചിട്ടില്ല. സസ്‌പെന്‍ഷന്‍ പിരീഡിന് ചില മാനദണ്ഡങ്ങളുണ്ട്. ആരേയും വ്യക്തിപരമായി കാണാന്‍ ശ്രമിച്ചിട്ടില്ല,’ രാഹുല്‍ മാങ്കൂട്ടത്തില്‍ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം നിലവില്‍ നടക്കുന്ന അന്വേഷണത്തെക്കുറിച്ചും രാഹുല്‍ സംസാരിച്ചിരുന്നു. പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്താണ് താന്‍ ഏറ്റവും കൂടുതല്‍ ജയിലില്‍ പോയതെന്നും ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ തനിക്ക് ഒരു തരത്തിലുള്ള ആനുകൂല്യങ്ങള്‍ ലഭിക്കില്ലെന്നും എം.എല്‍.എ ചൂണ്ടിക്കാട്ടി. മാത്രമല്ല തനിക്കെതിരെ എന്തെങ്കിലുമുണ്ടെങ്കില്‍ കൊന്നുതിന്നാന്‍ നില്‍ക്കുന്ന സര്‍ക്കാരിന്റെ ഏറ്റവും വിശ്വസ്തമായ അന്വേഷണ ഏജന്‍സിയാണിതെന്നും അന്വേഷണത്തിന്റെ ഓരോ ഘട്ടത്തിലും അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
ലൈംഗികാതിക്രമണക്കേസില്‍ പുറത്ത് വന്ന ഓഡിയോയെക്കുറിച്ചുള്ള ചോദ്യത്തിന് രാഹുല്‍ മറുപടി പറഞ്ഞില്ല. അന്വേഷണ സംഘത്തിന്റെ പരിധിയിലുള്ള കാര്യങ്ങള്‍ വ്യവസ്തകളനുസരിച്ച് പറയാന്‍ കഴിയില്ലെന്നാണ് രാഹുല്‍ മറുപടി പറഞ്ഞത്.
അതേസമയം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ എതിര്‍പ്പും എ ഗ്രൂപ്പിലെ ഭിന്നാഭിപ്രായവും മറികടന്നാണ് രാഹുല്‍ നിയമസഭയിലെത്തിയത്. നിയമസഭയിലെത്തിതിന് മുന്നോടിയായി കെ.പി.സി.സി അദ്ധ്യക്ഷന്‍ സണ്ണി ജോസഫുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ ചര്‍ച്ച നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ലൈംഗികാതിക്രമണക്കേസില്‍ ക്രൈബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയിലെത്തിയത്.രാഹുലിനെതിരെ ആദ്യമായി പരാതിയുമായി രംഗത്തെത്തിയ യുവനടിയാണ്. ഇതിനുപിന്നാലെയാണ് രാഹുലിന് എതിരെ കൂടുതല്‍ പരാതികള്‍ പുറത്തെത്തിയത്.
നേരത്തെ, രാഹുല്‍ മാങ്കൂട്ടത്തില്‍ നടിക്ക് അയച്ച സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ അടക്കമുള്ള ഡിജിറ്റല്‍ തെളിവുകളും ക്രൈബ്രാഞ്ചിന് കൈമാറിയിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്നു വന്ന 13 പരാതികളിലാണ് നിലവില്‍ അന്വേഷണം നടക്കുന്നത്. ഈ പരാതികളില്‍ അധികവും മൂന്നാംകക്ഷി നല്‍കിയതാണ്.