ഓരോ സിനിമയും പ്രേക്ഷകര്‍ക്ക് വ്യത്യസ്തമായ അനുഭവം സമ്മാനിക്കുന്ന സംവിധായകനാണ് എബ്രിഡ് ഷൈന്‍. ആദ്യ ചിത്രമായ 1983 മുതല്‍ ഇത് തെളിയിച്ചിട്ടുള്ളതാണ്. എബ്രിഡിന്റെ ഏറ്റവും പുതിയ ചിത്രം സ്പാ കഴിഞ്ഞദിവസം ഒ.ടി.ടിയില്‍ സ്ട്രീമിങ് ആരംഭിച്ചു. മനോരമ മാക്‌സിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.
തിയേറ്ററില്‍ അധികം ശ്രദ്ധ നേടാതെ പോയ ചിത്രം ഒ.ടി.ടിയില്‍ വലിയ പ്രശംസകള്‍ ഏറ്റുവാങ്ങുകയാണ്. മലയാളത്തില്‍ ഇതുവരെ കൈവെക്കാത്ത ഒരു കഥാപശ്ചാത്തലത്തെ സംവിധായകന്‍ അതിഗംഭീരമായി സമീപിച്ചിട്ടുണ്ടെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഒരു സ്പായില്‍ എത്തുന്ന വ്യത്യസ്തരായ കസ്റ്റമേഴ്‌സിനെയും അവിടത്തെ ജീവനക്കാരെയും ചുറ്റിപ്പറ്റിയാണ് സിനിമ വികസിക്കുന്നത്.
സ്പാ Photo: Theatrical poster
സമൂഹത്തില്‍ പകല്‍ മാന്യന്മാരായി കഴിയുകയും ആരുമറിയാതെ സ്പായില്‍ മസാജിന് പോവുകയും ചെയ്യുന്ന പകല്‍ മാന്യന്മാരെ കണക്കിന് പരിഹസിക്കുന്ന ചിത്രമാണ് സ്പാ. രണ്ടോ മൂന്നോ സീനുകളില്‍ വന്നുപോകുന്ന ആര്‍ട്ടിസ്റ്റുകള്‍ വളരെ ഗംഭീര പെര്‍ഫോമന്‍സാണ് കാഴ്ചവെക്കുന്നത്. അത്തരത്തിലൊരാളാണ് രാഹുല്‍ മാധവന്‍ അവതരിപ്പിച്ച മാസ്‌ക് മാന്‍. രാഹുല്‍ മാധവന്റെ സീനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച.
പേരില്ലാത്ത കഥാപാത്രമാണെങ്കിലും ഗംഭീര പ്രകടനമാണ് രാഹുല്‍ കാഴ്ചവെച്ചത്. ആരുമറിയാതെ മസാജിനെത്തുന്ന സിനിമാനടനാണ് ഈ കഥാപാത്രം. തിരിച്ചറിയാതിരിക്കാന്‍ മാസ്‌കും ധരിച്ചാണ് മസാജിന് പോകുന്നത്. മാസ്‌ക് അഴിച്ചാല്‍ ഫേസ് മസാജ് ചെയ്യാമെന്ന് തെറാപ്പിസ്റ്റ് പറയുമ്പോഴും തന്നെ തിരിച്ചറിയുമോ എന്നാണ് അയാളുടെ പേടി. ഒടുവില്‍ അയാള്‍ മാസ്‌ക് അഴിക്കുന്നുണ്ട്. എന്നാല്‍ തെറാപ്പിസ്റ്റിന് അയാളെ തിരിച്ചറിയാന്‍ സാധിക്കുന്നില്ല.
മുഖം കണ്ടിട്ട് ഒന്നുരണ്ട് പേര് തെറാപ്പിസ്റ്റായി എത്തിയ സാറ എന്ന കഥാപാത്രം പറയുന്നുണ്ട്. ആദ്യം ഫഹദ് ഫാസിലാണോ എന്നാണ് സാറ സംശയിക്കുന്നത്. പിന്നീട് ഇത് രാഹുല്‍ മാന്‍വെട്ടത്തിലാണോ എന്നും സംശയിക്കുന്നുണ്ട്. ഈയൊരു സീനാണ് ചര്‍ച്ചയായിരിക്കുന്നത്. ബലാത്സംഗക്കേസില്‍ അന്വേഷണം നേരിടുന്ന മുന്‍ പാലക്കാട് എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ മാങ്കൂട്ടത്തിലിനുള്ള ഇന്‍ഡയറക്ട് ട്രോളാണ് ഈ സീന്‍.
ഒരു സ്പായില്‍ നടക്കുന്ന സംഭവങ്ങളെ കൃത്യമായി ചിത്രീകരിച്ചിട്ടുണ്ടെങ്കിലും ക്ലൈമാക്‌സിലെ ഴോണര്‍ ഷിഫ്റ്റ് വര്‍ക്കായിട്ടില്ലെന്നും വിമര്‍ശനങ്ങളുണ്ട്. ആക്ഷന് ഹീറോ ബിജുവിലൂടെ പൊലീസ് സ്റ്റേഷനുകളിലെ കാഴ്ചകള്‍ ചിത്രീകരിച്ചതുപോലെ സ്പായിലും സംവിധായകന്‍ നീതി പുലര്‍ത്തിയെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.
Content Highlight: Rahul Madhav’s scene in Spa movie viral
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ