| Saturday, 19th July 2025, 9:43 am

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചത് പ്രതിപക്ഷ കൂട്ടായ്മയെ ദോഷകരമായി ബാധിച്ചു: സി.പി.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചണ്ഡീഗഡ്: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് പ്രതിപക്ഷ കൂട്ടായ്മയെ ദോഷകരമായി ബാധിച്ചെന്ന് സി.പി.ഐയുടെ കരട് രാഷ്ട്രീയപ്രമേയം.

ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടിയുടെ ദേശീയ നേതാവ് എന്ന നിലയില്‍ ബി.ജെ.പിക്കെതിരെ മത്സരിച്ച് രാഹുല്‍ ശക്തമായ സന്ദേശം നല്‍കണമായിരുന്നെന്നും അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വം ഒഴിവാക്കാമായിരുന്നെന്നും സി.പി.ഐ വിമര്‍ശിച്ചു. സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി. രാജയാണ് ചണ്ഡീഗഡിലെ സി.പി.ഐ പാര്‍ട്ടി കോണ്‍ഗ്രസില്‍വെച്ച് രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചത്.

ബി.ജെ.പി ഉയര്‍ത്തുന്ന വെല്ലുവിളികള്‍ അതിജീവിക്കാന്‍ കോണ്‍ഗ്രസ് പ്രയാസപ്പെട്ടപ്പോഴാണ് ഇന്ത്യ മുന്നണി രൂപീകരിച്ചത്. മുന്നണിയുടെ പ്രവര്‍ത്തനത്തിനായി ഇടതുപാര്‍ട്ടികള്‍ നിരന്തരം പരിശ്രമിച്ചു. കൂട്ടായ പ്രവര്‍ത്തനങ്ങളും പ്രക്ഷോഭങ്ങള്‍ ആസൂത്രണം ചെയ്യാനുമെല്ലാം ഇടതുപാര്‍ട്ടികള്‍ സഹായിച്ചിരുന്നു.

മറ്റ് പ്രതിപക്ഷ പാര്‍ട്ടികളോട് കൂടുതല്‍ ആദരവോടെ കോണ്‍ഗ്രസ് പെരുമാറണമെന്നും മതനിരപേക്ഷതയ്ക്കും ഫെഡറലിസത്തിനും എതിരായ വിഷയങ്ങളില്‍ കോണ്‍ഗ്രസ് കൂടുതല്‍ വ്യക്തതയുള്ള നിലപാട് എടുക്കണമെന്നും സി.പി.ഐ വ്യക്തമാക്കി. ജനാധിപത്യപരമായതും താഴെത്തട്ടലുള്ളതുമായ സാഹചര്യങ്ങള്‍ കോണ്‍ഗ്രസ് പരിഗണിക്കണം.

ഇന്ത്യ മുന്നണിക്കായി ഇടതുപാര്‍ട്ടികള്‍ പരിശ്രമിച്ചപ്പോഴും പ്രാദേശികമായ താത്പര്യങ്ങള്‍ സംരക്ഷിക്കാനും നേതൃത്വത്തിന്റെ അഭിലാഷങ്ങള്‍ സംരക്ഷിക്കാനുമൊക്കെയാണ് മുന്നണിയിലെ ചില പാര്‍ട്ടികള്‍ ശ്രമിച്ചതെന്നും സി.പി.ഐ പ്രമേയത്തില്‍ പരാമര്‍ശമുണ്ട്. സീറ്റ് ചര്‍ച്ചകളില്‍ അടക്കം ഇത് വ്യക്തമായെന്നും ഇത് മുന്നണിയുടെ പ്രഭാവത്തിന് മങ്ങലേല്‍പ്പിച്ചുവെന്നും പ്രമേയത്തില്‍ പറയുന്നു.

സി.പി.ഐ.എമ്മും ഇന്നലെ രാഹുല്‍ ഗാന്ധിക്കെതിരെ സമാനമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. ആര്‍.എസ്.എസും സി.പി.ഐ.എമ്മും ആശയപരമായി ഒരുപോലെയാണെന്ന് രാഹുലിന്റെ പരാമര്‍ശത്തിലായിരുന്നു വിമര്‍ശനം.

ആര്‍.എസ്.എസിനെയും സി.പി.ഐ.എമ്മിനെയും തുല്യമാക്കുന്ന രാഹുലിന്റെ പരാമര്‍ശം അസംബന്ധവും അപലപനീയവുമായമാണെന്ന് സി.പി.ഐ.എം പറഞ്ഞു. കേരളത്തില്‍ ആര്‍.എസ്. എസിനെതിരെ പോരാടുന്നത് ആരാണെന്ന കാര്യം രാഹുല്‍ ഗാന്ധി മറക്കുന്നുവെന്നും സംഘ ഭീകരതയെ ചെറുക്കുന്നതിനിടെ നിരവധി പ്രവര്‍ത്തകരെ നഷ്ടപ്പെട്ട പാര്‍ട്ടിയാണിതെന്നും സി.പി.ഐ.എം വ്യക്തമാക്കി.

കേരളത്തില്‍, കമ്മ്യൂണിസ്റ്റ് വിരുദ്ധത പ്രചരിപ്പിക്കുകയാണ് കോണ്‍ഗ്രസും ആര്‍.എസ്.എസും ചെയ്യുന്നതെന്നും കേരളത്തില്‍ കാലുകുത്തുമ്പോള്‍ രാഹുല്‍ ഗാന്ധിയും ആ ഭാഷയാണ് സംസാരിക്കുന്നതെന്നും സി.പി.ഐ.എം പ്രസ്താവനയില്‍ പറഞ്ഞു.

Content Highlight: Rahul Gandhi contesting from Wayanad has had a detrimental effect on the opposition coalition: CPI

We use cookies to give you the best possible experience. Learn more