| Saturday, 18th July 2026, 7:38 pm

ഒടുവില്‍ പ്രതികരണം; അസത്യവും ഹിംസയും മോദി സര്‍ക്കാരിന്റെ നയം'; വാങ്ചുക്കിനെ മാറ്റിയ നടപടിയില്‍ രാഹുല്‍

ആദർശ് എം.കെ.

ന്യൂദല്‍ഹി: നീറ്റ്-യു.ജി ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തര്‍ മന്തറില്‍ സമാധാനപരമായി നിരാഹാര സമരം നടത്തിവരികയായിരുന്ന സോനം വാങ്ചുക്കിനെ ദല്‍ഹി പൊലീസ് നിര്‍ബന്ധപൂര്‍വം നീക്കം ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.

അസത്യവും അക്രമവുമാണ് നരേന്ദ്ര മോദി സര്‍ക്കാരിന്റെ അടിസ്ഥാന തത്വങ്ങളെന്നും സമാധാനപരമായ പ്രതിഷേധങ്ങളെ സര്‍ക്കാര്‍ അടിച്ചമര്‍ത്തുകയാണെന്നും രാഹുല്‍ ഗാന്ധി സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ കുറ്റപ്പെടുത്തി.

ഈ നീക്കം ജനാധിപത്യത്തിനും ഭരണഘടനയ്ക്കുമേറ്റ ‘കറുത്ത പാട്’ ആണെന്ന് കോണ്‍ഗ്രസ് വിശേഷിപ്പിച്ചു.

വാങ്ചുക്കിന്റെ നിരാഹാര സമരം 21ാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് നാടകീയമായ പൊലീസ് നടപടിയുണ്ടായത്. ഡോക്ടര്‍മാരെന്ന വ്യാജേന സിവില്‍ വേഷത്തിലെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ വാങ്ചുക്കിനെ സമരപ്പന്തലില്‍ നിന്ന് ബലമായി ആംബുലന്‍സില്‍ കയറ്റി സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന്, കോടതി ഉത്തരവുകളുടെയും വൈദ്യോപദേശത്തിന്റെയും അടിസ്ഥാനത്തിലാണ് ഈ മുന്‍കരുതല്‍ നടപടിയെന്നാണ് ദല്‍ഹി പൊലീസ് നല്‍കുന്ന വിശദീകരണം.

എന്നാല്‍, ഇത് അദ്ദേഹത്തിന്റെ ഇഷ്ടത്തിന് വിരുദ്ധമായി തടങ്കലിലാക്കുന്നതിന് തുല്യമായ നടപടിയാണെന്ന വിമര്‍ശനം ശക്തമാണ്.

ചോദ്യപേപ്പര്‍ ചോര്‍ച്ച, പരീക്ഷാ ക്രമക്കേടുകള്‍, വിദ്യാഭ്യാസ രംഗത്തെ വര്‍ധിച്ചുവരുന്ന ചെലവുകള്‍, വിദ്യാര്‍ത്ഥികളുടെ ആത്മഹത്യ എന്നിവ ഇന്ത്യയുടെ ഭാവിയെ ബാധിക്കുന്ന ഏറ്റവും നിര്‍ണായകമായ പ്രശ്‌നങ്ങളാണെന്ന് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.

ഇത്തരം ആശങ്കകള്‍ മുന്‍നിര്‍ത്തി പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികളുടെയും അവരുടെ കുടുംബങ്ങളുടെയും ശബ്ദം അടിച്ചമര്‍ത്താന്‍ സര്‍ക്കാരിന് കഴിയില്ലെന്നും, ഒരു തരത്തിലുള്ള ബലപ്രയോഗത്തിലൂടെയും അവരെ പിന്തിരിപ്പിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സമാധാനപരമായ വിയോജിപ്പുകളെ കേന്ദ്ര സര്‍ക്കാര്‍ അടിച്ചമര്‍ത്തുകയാണെന്ന് പ്രതിപക്ഷ നേതാക്കള്‍ ഒന്നിച്ച് കുറ്റപ്പെടുത്തി.

വാങ്ചുക്കിനെ നീക്കിയതിന് പിന്നാലെ ജന്തര്‍ മന്തറില്‍ വലിയ തോതിലുള്ള പ്രതിഷേധങ്ങളും സംഘര്‍ഷവുമുണ്ടായി. സി.ജെ.പി പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടാവുകയും പൊലീസ് ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തു.

സോനം വാങ്ചുക്കിന് പകരം സി.ജെ.പി സ്ഥാപകന്‍ അഭിജീത് ദിപ്‌കെ അവിടെ നിരാഹാര സമരം ആരംഭിച്ചു. പ്രതിഷേധത്തിനിടെ ഒരു സ്ത്രീ ദിപ്‌കെയ്ക്ക് നേരെ മഷിയൊഴിച്ച സംഭവവും ഉണ്ടായി. പണം നല്‍കി ബി.ജെ.പിക്കാരാണ് പ്രശ്‌നമുണ്ടാക്കാന്‍ ആളുകളെ വിടുന്നതെന്ന് ദീപ്‌കെ ആരോപിച്ചു.

Content Highlight:  Rahul Gandhi slams Wangchuk’s ‘removal’ from Jantar Mantar

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more