| Wednesday, 27th May 2026, 6:51 pm

സി.ബി.എസ്.ഇ പരീക്ഷാ ക്രമക്കേട്: 'മറുപടിയില്ല, ഉത്തരവാദിത്തമില്ല, നാണക്കേടുമില്ല'; മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍

ആദര്‍ശ് എം.കെ.

ന്യൂദല്‍ഹി: സി.ബി.എസ്.ഇ പരീക്ഷാ ഫലങ്ങളുമായി ബന്ധപ്പെട്ട ഓണ്‍-സ്‌ക്രീന്‍ മാര്‍ക്കിങ് (ഒ.എസ്.എം) സംവിധാനത്തില്‍ ഗുരുതരമായ ക്രമക്കേടുകള്‍ നടന്നുവെന്നാരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

സംഭവത്തില്‍ സ്വതന്ത്ര ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും പ്രത്യേക അന്വേഷണ സഘം (എസ്.ഐ.ടി) രൂപീകരണവും അദ്ദേഹം ആവശ്യപ്പെട്ടു.

സി.ബി.എസ്.ഇ പരീക്ഷാ ഫലങ്ങളില്‍ വലിയ തോതിലുള്ള അട്ടിമറി നടന്നിട്ടുണ്ടെന്നും ഇത് ദശലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും കടുത്ത ആശങ്കയിലാഴ്ത്തിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

പരീക്ഷാ പേപ്പറുകള്‍ കൃത്യമായി സ്‌കാന്‍ ചെയ്യാത്തതും മാര്‍ക്കുകള്‍ രേഖപ്പെടുത്തിയതിലെ പിഴവുകളുമാണ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രതീക്ഷിച്ചതിലും കുറഞ്ഞ മാര്‍ക്ക് ലഭിക്കാന്‍ കാരണമായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ചില വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ കൈയക്ഷരവുമായി സ്‌കാന്‍ ചെയ്ത പകര്‍പ്പുകള്‍ക്ക് സാമ്യമില്ലെന്ന പരാതിയും ഉന്നയിച്ചിട്ടുണ്ട്.

ഒ.എസ്.എം കരാര്‍ ലഭിച്ച കോംപ്റ്റ് (COEMPT) എന്ന കമ്പനിയെക്കുറിച്ചും രാഹുല്‍ ചോദ്യമുന്നയിച്ചു. നേരത്തെ മറ്റൊരു പേരില്‍ ഇതേ എഡ്യുടെക് കമ്പനി 2019ല്‍ തെലങ്കാനയില്‍ പരീക്ഷാ ക്രമക്കേടുകള്‍ നടത്തിയതായും അദ്ദേഹം ആരോപിച്ചു.

‘പേര് മാറിയെങ്കിലും ഉദ്ദേശവും സ്വഭാവവും മാറിയിട്ടില്ല. എല്ലാവര്‍ക്കും ഇതിന്റെ ചരിത്രം അറിയാമായിരുന്നു, എന്നിട്ടും കരാര്‍ നല്‍കി. 18.5 ലക്ഷം കുട്ടികളുടെ ഭാവിയാണ് ഇത്തരം ഒരു കമ്പനിയെ ഏല്‍പ്പിച്ചത്. ഇതൊരു അബദ്ധമല്ല, മറിച്ച് ആസൂത്രിതമായ ഗൂഢാലോചനയാണ്,’ അദ്ദേഹം പറഞ്ഞു.

‘സി.ബി.എസ്.ഇ പരീക്ഷാ ഫലങ്ങള്‍ വലിയ ക്രമക്കേടുകളാല്‍ തകര്‍ക്കപ്പെട്ടിരിക്കുകയാണ്, ഇത് രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളെയും അവരുടെ മാതാപിതാക്കളെയും ഞെട്ടിച്ചിരിക്കുകയാണ്. മോദിജിയോ? എപ്പോഴത്തെയും പോലെ – മറുപടികളില്ല, ഉത്തരവാദിത്തമില്ല, നാണക്കേടുമില്ല.

നമ്മുടെ ജെന്‍-സി സുഹൃത്തുക്കളോട് – നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലമോ നിങ്ങളുടെ ഭാവിയോ മോഷ്ടിക്കാന്‍ ആര്‍ക്കും കഴിയില്ല. ഈ ഗൂഢാലോചനയുടെ അടിത്തട്ടിലെത്തി ഈ അഴിമതിയെ എന്നെന്നേക്കുമായി ഞങ്ങള്‍ പിഴുതെറിയും.

ഈ മുഴുവന്‍ കുംഭകോണത്തിന് പിന്നിലെ സത്യം പുറത്തുകൊണ്ടുവരുന്നതിനും യഥാര്‍ത്ഥ കുറ്റവാളികളെ തുറന്നുകാട്ടുന്നതിനും ഉടനടി സ്വതന്ത്ര ജുഡീഷ്യല്‍ അന്വേഷണവും പ്രത്യേക അന്വേഷണ സംഘവും (എസ്.ഐ.ടി) രൂപീകരിക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു,’ അദ്ദേഹം എക്‌സില്‍ കുറിച്ചു.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനിന്റെ രാജി കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.

കുട്ടികളുടെ ഭാവി വെച്ച് തമാശ കളിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കില്ലെന്ന് ചിരാഗ് പാസ്വാനും പ്രതികരിച്ചു.

അതേസമയം, പരാതികള്‍ക്ക് മുന്‍ഗണന നല്‍കുന്നുണ്ടെന്നും റീ വാലുവേഷന്‍ പോര്‍ട്ടലിലെ പ്രശ്‌നങ്ങളില്‍ റീഫണ്ട് നല്‍കുമെന്നും സി.ബി.എസ്.ഇ വൃത്തങ്ങള്‍ അറിയിച്ചു.

Content Highlight: Rahul Gandhi slams Narendra Modi, demands SIT, judicial probe in CBSE OSM row

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more