| Tuesday, 12th May 2026, 6:12 pm

മോദിയുടെ അമൃതകാലം വിഷകാലമായി മാറിയിരിക്കുന്നു; നീറ്റില്‍ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

ആദർശ് എം.കെ.

ന്യൂദല്‍ഹി: നീറ്റ്-യു.ജി 2026 പരീക്ഷ റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമൃത് കാലം രാജ്യത്തിന് വിഷ കാലമായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

പരീക്ഷ റദ്ദാക്കിയതിലൂടെ 22 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളുടെ കഠിനാധ്വാനവും ത്യാഗവും സ്വപ്നങ്ങളുമാണ് അഴിമതി നിറഞ്ഞ ബി.ജെ.പി ഭരണകൂടം തകര്‍ത്തതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

‘നീറ്റ് 2026 പരീക്ഷ റദ്ദാക്കി. 22 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളുടെ കഠിനാധ്വാനവും ത്യാഗവും സ്വപ്നങ്ങളുമാണ് ഈ അഴിമതി നിറഞ്ഞ ബി.ജെ.പി ഭരണകൂടം തകര്‍ത്തത്.

പല അച്ഛന്മാര്‍ വായ്പയെടുത്തും അമ്മമാര്‍ തങ്ങളുടെ ആഭരണങ്ങള്‍ വിറ്റുമാണ് മക്കളെ പഠിപ്പിച്ചത്. ലക്ഷക്കണക്കിന് കുട്ടികള്‍ രാത്രി ഉറക്കമൊഴിഞ്ഞ് പഠിച്ചു. എന്നാല്‍ പകരം അവര്‍ക്ക് ലഭിച്ചത് പേപ്പര്‍ ചോര്‍ച്ചയും സര്‍ക്കാര്‍ അനാസ്ഥയും വിദ്യാഭ്യാസ മേഖലയിലെ സംഘടിത അഴിമതിയുമാണ്,’ രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

ഇതൊരു ഭരണ പരാജയം മാത്രമല്ല, യുവാക്കളുടെ ഭാവിക്ക് മേലുള്ള കുറ്റകൃത്യമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു.

ഓരോ തവണയും ഇത്തരം ചോദ്യപേപ്പര്‍ മാഫിയകള്‍ രക്ഷപ്പെടുമ്പോള്‍, സത്യസന്ധരായ വിദ്യാര്‍ത്ഥികളാണ് ശിക്ഷ അനുഭവിക്കുന്നത്. ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ വീണ്ടും മാനസിക സമ്മര്‍ദവും സാമ്പത്തിക ബാധ്യതയും അനുഭവിക്കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു

ഒരാളുടെ വിധി കഠിനാധ്വാനത്തിലൂടെയല്ല, മറിച്ച് പണത്തിലൂടെയും സ്വാധീനത്തിലൂടെയുമാണ് നിര്‍ണയിക്കപ്പെടുന്നതെങ്കില്‍ വിദ്യാഭ്യാസത്തിന് എന്ത് അര്‍ത്ഥമാണുള്ളതെന്നും രാഹുല്‍ ചോദ്യമുന്നയിച്ചു.

ഇക്കഴിഞ്ഞ മെയ് മൂന്നിന് നടന്ന പരീക്ഷയില്‍ വലിയ തോതിലുള്ള ക്രമക്കേടുകളും ചോദ്യപേപ്പര്‍ ചോര്‍ച്ചയും നടന്നെന്ന ആരോപണങ്ങളെത്തുടര്‍ന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ) പരീക്ഷ റദ്ദാക്കുകയായിരുന്നു.

സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ സി.ബി.ഐക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പുതിയ പരീക്ഷാ തീയതി പിന്നീട് അറിയിക്കും.

Content Highlight: Rahul Gandhi slams govt on NEET exam cancellation

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more