| Wednesday, 20th May 2026, 7:06 pm

മോദിയും അമിത് ഷായും രാജ്യദ്രോഹികള്‍, പണം വാങ്ങി ഇന്ത്യയെ വിറ്റവര്‍; ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

ആദര്‍ശ് എം.കെ.

ലഖ്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ആര്‍.എസ്.എസ് എന്നിവരെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി. ഇവര്‍ ഇന്ത്യയുടെ ഭരണഘടനയെ നശിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും രാജ്യത്തിന്റെ താത്പര്യങ്ങളെ ചില വന്‍കിട വ്യവസായികള്‍ക്ക് വിറ്റഴിക്കുകയും ചെയ്യുന്ന രാജ്യദ്രോഹികളാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

റായ്ബറേലിയില്‍ വിപ്ലവകാരി വീര പാസിയുടെ അനുസ്മരണാര്‍ത്ഥം സംഘടിപ്പിച്ച നടന്ന ബഹുജന്‍ സ്വാഭിമാന്‍ സഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘നിങ്ങളുടെ വീടുകളില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ വന്ന് നരേന്ദ്ര മോദിയെയും അമിത് ഷായെയും കുറിച്ച് സംസാരിക്കുമ്പോള്‍, അവരുടെ സംഘടനയും മോദിയും ഷായും രാജ്യദ്രോഹികളാണെന്ന് നിങ്ങള്‍ തുറന്നു പറയണം. അവര്‍ നമ്മുടെ രാജ്യം വില്‍ക്കാന്‍ ശ്രമിക്കുകയും നമ്മുടെ ഭരണഘടനയെയും അംബേദ്കര്‍ജിയെയും മഹാത്മാ ഗാന്ധിയെയും ആക്രമിക്കുകയും ചെയ്തവരാണ് അവര്‍.

ഭരണഘടനയെ തകര്‍ക്കുന്ന ഒരാളെ നിങ്ങള്‍ എന്താണ് വിളിക്കുക? അവരെ നിങ്ങള്‍ രാജ്യദ്രോഹികള്‍ എന്ന് വിളിക്കും. അതുകൊണ്ടാണ് നരേന്ദ്ര മോദിയും അമിത് ഷായും ഭരണഘടനയെ ആക്രമിക്കുകയാണെന്ന് ഞാന്‍ പരസ്യമായി പറയുന്നത്,’ രാഹുല്‍ പറഞ്ഞു.

നരേന്ദ്ര മോദി ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥ അദാനിക്കും അംബാനിക്കും അമേരിക്കയ്ക്കും കൈമാറിയെന്നും അദ്ദേഹം ആരോപിച്ചു.

‘നരേന്ദ്ര മോദി ഹിന്ദുസ്ഥാനിലെ മുഴുവന്‍ പണവും നിങ്ങളുടെ കീശയില്‍ നിന്ന് എടുത്തു. ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥ അദാനിക്കും അംബാനിക്കും നല്‍കി,’ രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

വരാനിരിക്കുന്ന സാമ്പത്തിക തകര്‍ച്ചയെക്കുറിച്ച് രാഹുല്‍ മുന്നറിയിപ്പ് നല്‍കി. ഇറാനും അമേരിക്കയും തമ്മിലുള്ള യുദ്ധം ആഗോള എണ്ണ വിതരണത്തെ ബാധിക്കുമെന്നും അത് വലിയ സാമ്പത്തിക ആഘാതമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘വരും മാസങ്ങളില്‍ പണപ്പെരുപ്പം കുത്തനെ ഉയരും. പെട്രോള്‍, ഡീസല്‍, ഗ്യാസ്, ഭക്ഷ്യധാന്യങ്ങള്‍ തുടങ്ങി എല്ലാത്തിന്റെയും വില വര്‍ധിക്കും. നിങ്ങളുടെ ജീവിതകാലത്ത് ഇത്തരമൊരു പണപ്പെരുപ്പം നിങ്ങള്‍ കണ്ടിട്ടുണ്ടാകില്ല,’

ഇന്ന് പെട്രോള്‍ വില വര്‍ദ്ധിക്കുമ്പോള്‍ അംബാനി ഇന്ത്യയ്ക്ക് പുറത്തേക്ക് ഇന്ധനം കയറ്റുമതി ചെയ്യുകയാണ്. അദ്ദേഹം റഷ്യയില്‍ നിന്ന് എണ്ണ വാങ്ങി വിദേശത്ത് വില്‍ക്കുന്നു, ആ പണം നരേന്ദ്ര മോദിക്ക് ഫണ്ട് നല്‍കാന്‍ ഉപയോഗിക്കുന്നു,’ പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

വിദേശയാത്രകളും സ്വര്‍ണ്ണവും ഒഴിവാക്കാന്‍ ജനങ്ങളോട് ആവശ്യപ്പെട്ട പ്രധാനമന്ത്രി, തൊട്ടുപിന്നാലെ അഞ്ചു രാജ്യങ്ങളിലേക്ക് വിദേശ സന്ദര്‍ശനത്തിന് പോയതിനെ രാഹുല്‍ പരിഹസിച്ചു.

‘നോട്ട് നിരോധന സമയത്തും കോവിഡ് കാലത്തും ചെയ്തതുപോലെ, നരേന്ദ്ര മോദി ടെലിവിഷനില്‍ വന്ന് കരയുന്നത് നിങ്ങള്‍ക്ക് കാണാം. അത് തന്റെ തെറ്റല്ലെന്ന് അദ്ദേഹം പറയും. എന്നാല്‍ കുറ്റം നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും ആര്‍.എസ്.എസിന്റെയുമാണെന്ന് ഞാന്‍ നിങ്ങളോട് പറയുന്നു, കാരണം അവര്‍ ഭരണഘടനയെ നശിപ്പിച്ചു,’

പൊതുമേഖല, സംവരണം, സ്വതന്ത്ര നീതിന്യായ വ്യവസ്ഥ എന്നിവ മോദിയും ഷായും ആര്‍.എസ്.എസും ചേര്‍ന്ന് തകര്‍ത്തു. സര്‍വകലാശാലകളില്‍ ശാസ്ത്രമോ ചരിത്രമോ ഭൂമിശാസ്ത്രമോ അറിയാത്ത ആര്‍.എസ്.എസ് ബന്ധമുള്ളവരെ വൈസ് ചാന്‍സലര്‍മാരായി നിയമിക്കുകയാണ്. വോട്ടര്‍ പട്ടികയില്‍ നിന്ന് വന്‍തോതില്‍ പേരുകള്‍ നീക്കം ചെയ്യുന്നതിലൂടെ വോട്ടവകാശം അട്ടിമറിക്കപ്പെടുകയാണെന്നും അദ്ദേഹം ആരോപിച്ചു.

‘കൈകള്‍ കൂപ്പി പ്രതിമകള്‍ക്ക് മുന്നില്‍ നില്‍ക്കുന്നത് കൊണ്ട് മാത്രം കാര്യമില്ല. അവരുടെ പ്രത്യയശാസ്ത്രം സംരക്ഷിക്കപ്പെട്ടാല്‍ മാത്രമേ അംബേദ്കറെയും ഗാന്ധിയെയും ഓര്‍ക്കുന്നതില്‍ അര്‍ത്ഥമുള്ളൂ. വെറും മുദ്രാവാക്യങ്ങള്‍ കൊണ്ട് ഒന്നും നേടാനാവില്ല. നിങ്ങള്‍ ഉറച്ചുനില്‍ക്കുകയും പോരാടുകയും വേണം,’ രാഹുല്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ ഈ പരാമര്‍ശങ്ങള്‍ക്കെതിരെ ബി.ജെ.പി രം?ഗത്തെത്തി.. രാഹുലിന്റെ പ്രസ്താവനകള്‍ രാജ്യത്തെ 140 കോടി ജനങ്ങളെ അപമാനിക്കുന്നതാണെന്നും അദ്ദേഹം മാപ്പ് പറയണമെന്നും ബി.ജെ.പി നേതാക്കള്‍ ആവശ്യപ്പെട്ടു.

Content Highlight: Rahul Gandhi slams Amit Shah and Narendra Modi

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more