| Sunday, 25th January 2026, 6:53 am

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജനാധിപത്യത്തിന്റെ സംരക്ഷകരല്ല, വോട്ട് ചോരിയുടെ നിശബ്ദ കാഴ്ചക്കാര്‍ മാത്രം; ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

ആദര്‍ശ് എം.കെ.

ന്യൂദല്‍ഹി: ഗുജറാത്തിലെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം കൃത്യമായി ആസൂത്രണം ചെയ്തതും സംഘടിതവുമായി വോട്ട് ചോരിയെന്ന ആരോപണവുമായി രാഹുല്‍ ഗാന്ധി. ഇതില്‍ തെരഞ്ഞെടുപ്പ് കമ്മീഷനും പങ്കാളിയാവുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഒരു വ്യക്തി, ഒരു വോട്ട് എന്ന ഭരണഘടനാ തത്വം വ്യവസ്ഥാപിതമായി അട്ടിമറിക്കപ്പെടുകയാണെന്നും അദ്ദേഹം വിമര്‍ശനമുന്നയിച്ചു. ഇക്കാരണംകൊണ്ടുതന്നെ ജനങ്ങളല്ല, മറിച്ച് ബി.ജെ.പിയാണ് ആര് ഭരിക്കണം, രാഷ്ട്രീയാധികാരം ആര് നിര്‍ണയിക്കണം എന്ന് തീരുമാനിക്കുന്നതെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

എസ്.ഐ.ആര്‍ നടപ്പിലാക്കിയ എല്ലാ ഇടത്തും വോട്ട് ചോരി ഉണ്ടായിട്ടുണ്ട്. ഗുജറാത്തിലേത് ഒരു പതിവ് ഭരണപ്രക്രിയയല്ല. മറിച്ച് തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ കൃത്രിമം കാണിക്കാനുള്ള ബോധപൂര്‍വമായ തന്ത്രമാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

ഒരേ പേരില്‍ നിന്ന് തന്നെയാണ് ആയിരക്കണക്കിന് എതിര്‍പ്പുകളും പരാതികളും ഉണ്ടായിട്ടുള്ളത് എന്നത് എസ്.ഐ.ആറിലെ ഏറ്റവും ആശങ്കയുണര്‍ത്തുന്ന വസ്തുതയെന്നും ഇത് വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ വിശ്വാസ്യതയെയും ഉദ്ദേശ്യത്തെയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിനെ പരമ്പരാഗതമായി പിന്തുണയ്ക്കുന്ന പ്രത്യേക സമുദായത്തില്‍ പെട്ട വോട്ടര്‍ പട്ടികയില്‍ നിന്നും തെരഞ്ഞുപിടിച്ച് ഒഴിവാക്കുകയാണെന്നും അദ്ദേഹം വിമര്‍ശനമുന്നയിച്ചു. ബി.ജെ.പി തോല്‍വി നേരിടുമെന്ന് വിശ്വസിക്കുന്ന മണ്ഡലങ്ങളില്‍ വോട്ടര്‍മാരെ പട്ടികയില്‍ നിന്നും കൂട്ടത്തോടെ അപ്രത്യക്ഷമാക്കുകയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

‘സ്വതന്ത്ര ഭരണഘടനാ സ്ഥാപനം എന്ന നിലയിലുള്ള അസ്ഥിത്വം തെരഞ്ഞെടുപ്പ് ഉപേക്ഷിച്ചു കഴിഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇപ്പോള്‍ ജനാധിപത്യത്തിന്റെ സംരക്ഷകരല്ല, മറിച്ച് വോട്ട് ചോരിയിലെ പ്രധാന പങ്കാളിയായി മാറിക്കഴിഞ്ഞു എന്നതാണ് പേടിപ്പെടുത്തുന്ന സത്യം,’ രാഹുല്‍ പറഞ്ഞു.

ഗുജറാത്ത് കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിന് പിന്നാലെയാണ് രാഹുലിന്റെ വിമര്‍ശനം.

തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ പ്രകാരം എസ്.ഐ.ആറിന് ശേഷം തെരഞ്ഞെടുപ്പ് കമ്മീഷന്‍ കരട് വോട്ടര്‍ പട്ടിക പുറത്തിറക്കുകയും ജനുവരി 18 വരെ എതിര്‍പ്പുകള്‍ ക്ഷണിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ജനുവരി 15 വരെ സ്വാഭാവികമായുള്ള എതിര്‍പ്പുകള്‍ മാത്രമാണ് വന്നതെന്നും, എന്നാല്‍ ഒരു വലിയ ഗൂഢാലോചനയുടെ ഭാഗമായി പിന്നീടുള്ള ദിവസങ്ങളില്‍ ദശലക്ഷക്കണക്കിന് എതിര്‍പ്പുകള്‍ വളരെ പെട്ടന്ന് തന്നെ ഫയല്‍ ചെയ്യപ്പെട്ടുവെന്നും സംസ്ഥാന കോണ്‍ഗ്രസ് ആരോപിച്ചു.

പ്രത്യേക ജാതിയെയും സമുദായത്തെയും ലക്ഷ്യമിട്ടാണ് എസ്.ഐ.ആറില്‍ ഇത്തരം എതിര്‍പ്പുകളുണ്ടായതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തന്നെ കണക്കുകളുപയോഗിച്ച് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. ഇത്തരത്തില്‍ 12 ലക്ഷത്തോളം വരുന്ന ആളുകളുടെ കണക്കുകളാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഡാറ്റയിലുള്ളത്.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിശബ്ദ കാഴ്ചക്കാരായി മാറിയപ്പോള്‍ വ്യത്യസ്ത പേരുകളും ഒപ്പുകളുമുള്ള ഡസന്‍ കണക്കിന് എതിര്‍പ്പുകള്‍ ഒരു വ്യക്തിയുടെ പേരില്‍ നിന്ന് തന്നെ ഫയല്‍ ചെയ്യപ്പെട്ടുവെന്നും കോണ്‍ഗ്രസ് പറഞ്ഞു.

ഈ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയെങ്കിലും ഒരു തരത്തിലുമുള്ള മറുപടിയും ലഭിച്ചില്ലെന്നും സുതാര്യതയുടെ അഭാവം വലിയ തോതിലുള്ള കൃത്രിമത്വമാണ് ചൂണ്ടിക്കാട്ടുന്നതെന്നും പാര്‍ട്ടി കുറ്റപ്പെടുത്തി.

Content Highlight: Rahul Gandhi slammed the Election Commission

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more