| Monday, 18th August 2025, 4:09 pm

എസ്.ഐ.ആര്‍ വോട്ട് ചോരിയുടെ പുതിയ ആയുധം: രാഹുല്‍ ഗാന്ധി

സ്പോര്‍ട്സ് ഡെസ്‌ക്

ന്യൂദല്‍ഹി: വോട്ടര്‍ പട്ടികയിലെ പ്രത്യേക തീവ്ര പരിഷ്‌കരണം (എസ്.ഐ.ആര്‍) ‘വോട്ട് ചോരി’യുടെ പുതിയ ആയുധമെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഒരു വ്യക്തി, ഒരു വോട്ട് എന്ന തത്വം സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ വാട്‌സ്ആപ്പ് ചാനലിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ ഈ പരാമര്‍ശം.

ബീഹാറിലെ എസ്.ഐ.ആര്‍ നടപടിക്രമങ്ങളില്‍ പേര് നീക്കം ചെയ്തവരുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഈ പരാമര്‍ശം നടത്തിയത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തിട്ടും വോട്ടര്‍പട്ടികയില്‍ നിന്ന് പുറത്ത് പോയ ഒരു കൂട്ടം ആളുകളോടൊപ്പമുള്ള ചിത്രം പങ്കുവെച്ചായിരുന്നു പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശം.

‘എസ്.ഐ.ആര്‍ ‘വോട്ട് ചോരി’യുടെ പുതിയ ആയുധമാണ്. യാദൃശ്ചികമായി, ചിത്രത്തില്‍ എന്നോടൊപ്പം നില്‍ക്കുന്ന ആളുകള്‍ ഈ വോട്ട് മോഷണത്തിന്റെ ‘ജീവിക്കുന്ന’ തെളിവുകളാണ്. 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ അവരെല്ലാം വോട്ട് ചെയ്തിരുന്നു. എന്നാല്‍ ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് വന്നപ്പോഴേക്കും അവരുടെ വ്യക്തിത്വം, നിലനില്‍പ്പ് എന്നിവ ഇന്ത്യയുടെ ജനാധിപത്യത്തില്‍ നിന്ന് തുടച്ചുനീക്കപ്പെട്ടു,’ രാഹുല്‍ ഗാന്ധി പറഞ്ഞു.

ഞായറായ്ച്ച ബീഹാറിലെ എസ്.ഐ.ആര്‍ നടപടിക്രമങ്ങളില്‍ പ്രതിഷേധിച്ച് നടത്തിയ ‘വോട്ട് അധികാര്‍ യാത്രയി’ലാണ് ഇവരുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തിയത്.

വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്തായവരൊക്കെ ന്യൂനപക്ഷങ്ങളും തൊഴിലാളികളുമാണെന്ന് താന്‍ കൂടിക്കാഴ്ച നടത്തിയവരുടെ പേരും ജോലിയും പരാമര്‍ശിച്ച് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘അവര്‍ ആരാണെന്ന് നിങ്ങള്‍ക്കറിയാമോ? രാജ് മോഹന്‍ സിങ് (70): കര്‍ഷകനും വിരമിച്ച സൈനികനുമാണ്. ഉമ്രാവതി ദേവി (35) ഒരു ദളിതനും തൊഴിലാളിയുമാണ്. ധഞ്ജയ് കുമാര്‍ ബിന്ദ് (30): പിന്നോക്ക വിഭാഗവും തൊഴിലാളിയും, സീതാ ദേവി (45): സ്ത്രീയും മുന്‍ തൊഴിലുറപ്പ് ജോലിക്കാരിയും, രാജു ദേവി (55): പിന്നോക്ക വിഭാഗവും തൊഴിലാളിയും, മുഹമ്മദ്ദീന്‍ അന്‍സാരി (52): ന്യൂനപക്ഷവും തൊഴിലാളിയുമാണ്,’ രാഹുല്‍ പറഞ്ഞു.

ബി.ജെ.പിയും തെരഞ്ഞെടുപ്പ് കമ്മീഷനും തമ്മിലുള്ള ഗൂഢാലോചന അവരെ പാവങ്ങളും ബഹുജനുമായതിന് ശിക്ഷിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു. അവര്‍ സൈനികരെ പോലും വെറുതെ വിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘സിസ്റ്റത്തിന്റെ ഗൂഢാലോചനയ്ക്കെതിരെ സാമൂഹിക വിവേചനവും സാമ്പത്തിക സാഹചര്യങ്ങളും കാരണം അവര്‍ക്ക് പോരാടാന്‍ കഴിയുന്നില്ല. ‘ഒരു വ്യക്തി, ഒരു വോട്ട്’ എന്ന ഏറ്റവും അടിസ്ഥാനപരമായ അവകാശം സംരക്ഷിക്കാന്‍ ഞങ്ങള്‍ അവരോടൊപ്പമുണ്ട്. ഇത് അവകാശങ്ങളുടെയും ജനാധിപത്യത്തിലെ എല്ലാവരുടെയും പങ്കാളിത്തത്തിന്റെയും ചോദ്യമാണ്. ഒരു സാഹചര്യത്തിലും ഇത് അവസാനിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല,’ രാഹുല്‍ പറഞ്ഞു.

അതേസമയം, രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ബീഹാറില്‍ നടക്കുന്ന വോട്ടര്‍ അധികാര്‍ യാത്ര രണ്ടാം ദിവസത്തേക്ക് കടന്നിരിക്കുകയാണ്.

Content Highlight: Rahul Gandhi says Special Intensive Revision of electoral roll is the news weapon for Vote Chori

We use cookies to give you the best possible experience. Learn more