| Tuesday, 30th September 2025, 4:22 pm

'രാഷ്ട്രത്തെ സേവിച്ചതിനുള്ള പ്രതിഫലമാണോ ഇത്', ലഡാക്ക് ജനതയെ മോദി വഞ്ചിച്ചു; സൈനികന്റെ വീഡിയോയുമായി രാഹുല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലഡാക്കിലെ ജനങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി വഞ്ചിച്ചുവെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ലഡാക്കിലെ പൊലീസ് വെടിവെപ്പില്‍ നാല് പേര്‍ മരിച്ച സംഭവത്തില്‍ നിഷ്പക്ഷമായ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

ലഡാക്കിലെ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരില്‍ ഒരാളായ, കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത സൈനികന്‍ ത്സെവാങ് താര്‍ച്ചിന്റെ പിതാവിന്റെ ഒരു വീഡിയോ പങ്കുവെച്ചാണ് രാഹുല്‍ ഗാന്ധി ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടത്.

‘അച്ഛനും മകനും സൈനികര്‍. രാജ്യസ്‌നേഹം അവരുടെ രക്തത്തില്‍ അലിഞ്ഞ് ചേര്‍ന്നിരിക്കുന്നു. എന്നിട്ടും ബി.ജെ.പി സര്‍ക്കാര്‍ രാജ്യത്തിന്റെ ഈ ധീരനായ മകനെ വെടിവെച്ച് കൊന്നു.

ലഡാക്കിനും അവന്റെ അവകാശങ്ങള്‍ക്കും വേണ്ടിയാണ് അവന്‍ നിലകൊണ്ടത്. രാഷ്ട്രത്തെ സേവിച്ചതിനുള്ള പ്രതിഫലമാണോയെന്ന് ഈ അച്ഛന്റെ വേദന നിറഞ്ഞ കണ്ണുകള്‍ ചോദിക്കുന്നു,’ രാഹുല്‍ ഗാന്ധി പറഞ്ഞു.

സംഭവത്തില്‍ ഒരു നിഷ്പക്ഷ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും കുറ്റവാളികള്‍ക്ക് ഏറ്റവും കഠിനമായ ശിക്ഷ നല്‍കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

‘പ്രധാനമന്ത്രി മോദിജി നിങ്ങള്‍ ലഡാക്കിലെ ജനങ്ങളെ വഞ്ചിച്ചു. അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടിയാണ് ശബ്ദമുയര്‍ത്തുന്നത്. അവരുമായി ആശയവിനിമയം നടത്തൂ. ഭയത്തിന്റെയും അക്രമത്തിന്റെയും രാഷ്ട്രീയം അവസാനിപ്പിക്കൂ,’ രാഹുല്‍ പറഞ്ഞു.

കേന്ദ്രഭരണ പ്രദേശമായ ലഡാക്കിന് സംസ്ഥാന പദവിയും ഷെഡ്യൂള്‍ ആറില്‍ ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് സെപ്റ്റംബര്‍ 24നാണ് ലഡാക്കില്‍ ഒരു വിഭാഗം ജനക്കൂട്ടം പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. ലേ അപെക്സ് ബോഡിയും കാര്‍ഗില്‍ ഡെമോക്രാറ്റിക് അലയന്‍സും ചേര്‍ന്നാണ് പ്രതിഷേധം നടത്തിയിരുന്നത്.

പിന്നാലെ പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. ഇതില്‍ നാല് പേര്‍ മരിക്കുകയും 90ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ലഡാക്കിന് സംസ്ഥാന പദവി ആവശ്യപ്പെട്ട് പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ്ചുക്കും 15ഓളം പേരും നടത്തിയ നിരാഹാര സമരത്തിന് പിന്തുണ അറിയിച്ചായായിരുന്നു ഈ പ്രതിഷേധം. സോനം വാങ്ചുക്കാണ് സംഘര്‍ഷത്തിന് കാരണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആരോപിച്ചിരുന്നു. പിന്നാലെ, സെപ്റ്റംബര്‍ 26ന് പ്രകോപനമായ പ്രസംഗം നടത്തിയെന്ന് ആരോപിച്ച് സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്തിരുന്നു.

Content Highlight: Rahul Gandhi says Narendra Modi betrayed Ladakh people and demands Judicial probe in police firing

We use cookies to give you the best possible experience. Learn more