ന്യൂദൽഹി: തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമനടപടികളിൽ നിന്ന് സംരക്ഷിക്കുന്ന നിയമം മുൻകാല പ്രാബല്യത്തോടെ ഭേദഗതി ചെയ്യുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
അധികാരത്തിലെത്തിയാൽ തങ്ങൾ ഈ നിയമങ്ങൾ പൊളിച്ചെഴുതുമെന്നും ഈ നിയമം തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
അധികാരത്തിലിരിക്കുമ്പോൾ എടുക്കുന്ന തീരുമാനങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് സംരക്ഷണം നൽകുന്ന നിയമമാണ് നിലവിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഈ നിയമം അവരെ രക്ഷപ്പെടാൻ അനുവദിക്കുമെന്ന് അവർ കരുതുന്നുണ്ടാകാം. ഞാൻ അവർക്ക് മുന്നറിയിപ്പ് നൽകുന്നു. കോൺഗ്രസ് സർക്കാർ അധികാരത്തിൽ വരുമ്പോൾ ഞങ്ങൾ മുൻകാല പ്രാബല്യത്തോടെ നിയമങ്ങൾ മാറ്റും,’ പ്രതിപക്ഷ നേതാവ് പറഞ്ഞു.
രാജ്യത്തെ സ്ഥാപനങ്ങളെ ആർ.എസ്.എസ് പിടിച്ചെടുക്കുന്നുവെന്നും വോട്ട് ചോരിയെക്കാൾ വലിയ രാജ്യദ്രോഹമില്ലെന്നും പാർലമെന്റിൽ രാഹുൽ ഗാന്ധി പറഞ്ഞു.
ഇ.ഡി, തെരഞ്ഞെടുപ്പ് കമ്മീഷൻ, സി.ബി.ഐ തുടങ്ങിയ കേന്ദ്ര സ്ഥാപനങ്ങളെ ആർ.എസ്.എസ് പിടിച്ചെടുക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2024 ൽ നടന്ന മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഉൾപ്പെടെ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വൻതോതിലുള്ള കൃത്രിമം നടന്നതായി കോൺഗ്രസ് ആവർത്തിച്ച് ആരോപിച്ചിരുന്നു. എന്നാൽ ഈ ആരോപണങ്ങളെല്ലാം തെരഞ്ഞെടുപ്പ് കമ്മീഷൻ നിഷേധിച്ചു.
കേന്ദ്ര സർക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും ജനാധിപത്യത്തെ ഇല്ലാതാക്കാനായി ഒത്തുകളിക്കുന്നുവെന്ന ആരോപണം ഇന്നലെ (ചൊവ്വ) ലോക്സഭയിൽ രാഹുൽ ഗാന്ധി ആവർത്തിച്ചിരുന്നു.
‘നിങ്ങൾ വോട്ട് ഇല്ലാതാകുമ്പോൾ രാജ്യത്തിന്റെ ഘടനയെയാണെന്ന് നശിപ്പിക്കുന്നത്,’ അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ സെലക്ഷൻ പാനലിൽ മാറ്റം വരുത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ഭരണഘടനയിലോ നിയമത്തിലോ എസ്.ഐ.ആർ നടത്താമെന്ന വ്യവസ്ഥയില്ല. തെരഞ്ഞെടുപ്പ് കമ്മീഷന് അതിനുള്ള നിയമപരമായ അവകാശമില്ലെന്ന് കോൺഗ്രസ് എം.പി മനീഷ് തിവാരി സഭയിൽ പറഞ്ഞിരുന്നു.
Content Highlight: Rahul Gandhi says law protecting election commissioners from legal action will be scrapped