| Friday, 29th March 2019, 9:37 pm

രണ്ടാമത്തെ സീറ്റില്‍ മത്സരിക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍; പ്രിയങ്ക ഗാന്ധി മത്സരിക്കണമോയെന്ന് തീരുമാനിക്കേണ്ടത് അവരെന്നും രാഹുല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രണ്ടാമത്തെ സീറ്റില്‍ മത്സരിക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടനെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അമേഠിക്ക് പുറമെ രണ്ടാമതൊരു സീറ്റില്‍ താന്‍ മത്സരിക്കുന്നതിനെ കുറിച്ച് കോണ്‍ഗ്രസ് തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും വാര്‍ത്ത ഏജന്‍സി പി.ടി.ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.

വയനാട്ടില്‍ മത്സരിക്കുമോ എന്ന ചോദ്യത്തിനായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. രണ്ടാമത്തെ സീറ്റില്‍ മത്സരിക്കാനുള്ള സാധ്യത തള്ളാത്ത രാഹുല്‍ മുമ്പും പല പാര്‍ട്ടി നേതാക്കളും രണ്ട് സീറ്റില്‍ മത്സരിച്ചിട്ടുണ്ടെന്നു വ്യക്തമാക്കി.

Read Also : വീട്ടില്‍ സൂക്ഷിച്ചിരുന്ന ബോംബ് പൊട്ടി കുട്ടികള്‍ക്ക് പരിക്കേറ്റ സംഭവം; ആര്‍.എസ്.എസ് നേതാവ് കീഴടങ്ങി

തന്നോട് മത്സരിക്കണം എന്ന് ആവശ്യപ്പെട്ട കേരളത്തിലെയും, തമിഴ് നാട്ടിലെയും കര്‍ണാടകത്തിലെയും പാര്‍ട്ടി പ്രവര്‍ത്തകരോട് നന്ദിയുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

അതേസമയം പ്രിയങ്ക ഗാന്ധി തെരെഞ്ഞെടുപ്പില്‍ മത്സരിക്കണമോ എന്ന കാര്യത്തില്‍ അവരാണ് തീരുമാനം എടുക്കേണ്ടതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെ ദക്ഷിണേന്ത്യയില്‍ നിന്ന് മത്സരിക്കണമെന്ന നേതാക്കളുടെ ആവശ്യത്തെ ന്യായീകരിച്ചു രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. ദക്ഷിണ ഇന്ത്യയില്‍ നിന്ന് താന്‍ മത്സരിക്കണം എന്ന ആവശ്യം ഉയരാന്‍ കാരണം നരേന്ദ്ര മോദി ആണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. അമര്‍ ഉജാല ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു രാഹുലിന്റെ പ്രതികരണം.

നേതാക്കളുടേത് ശരിയായ ആവശ്യമെന്നും അതില്‍ തീരുമാനം എടുക്കുമെന്നുമായിരുന്നു രാഹുല്‍ വ്യക്തമാക്കിയത്. ഉത്തരേന്ത്യയ്ക്കും ദക്ഷിണേന്ത്യയ്ക്കും ഇടയില്‍ സ്നേഹത്തിന്റെ പാതയുണ്ടായിരുന്നു, എന്നാല്‍ കേരളത്തിലും തമിഴ്‌നാട്ടിലും ബി.ജെ.പി ധ്രുവീകരണം ഉണ്ടാക്കാന്‍ ശ്രമിച്ചെന്നും ദക്ഷിണേന്ത്യയിലെ ജനങ്ങള്‍ അവരുടെ ഭാഷയും സംസ്‌കാരവും ഭീഷണി നേരിടുന്നുവെന്ന തോന്നലിലാണെന്നും രാഹുല്‍ പറയുന്നു.

താന്‍ അമേഠിയില്‍ നിന്ന് മത്സരിക്കുമെന്നും ഉത്തര്‍പ്രദേശില്‍ നിന്നുള്ള എം.പിയായി തുടരുമെന്നും പറയുന്ന രാഹുല്‍ അമേഠിയുമായി തനിക്ക് ബന്ധമുണ്ട്, എന്നാല്‍ അന്ധവിശ്വാസം ഇല്ലെന്നും കൂട്ടിച്ചേര്‍ത്തു

രാഹുല്‍ വയനാട്ടില്‍ മത്സരിച്ചേക്കുമെന്ന സൂചന നല്‍കിയത് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയുമായിരുന്നു. രാഹുലിനോട് സംസ്ഥാന നേതൃത്വം ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ മറുപടി ലഭിച്ചിട്ടില്ലെന്നുമായിരുന്നു ഉമ്മന്‍ചാണ്ടിയടക്കമുള്ളവര്‍ പറഞ്ഞത്.

ഇതോടെ വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചിരുന്ന ടി. സിദ്ദിഖ് പിന്മാറാന്‍ തയ്യാറാണെന്നും അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വയനാട്ടില്‍ രാഹുല്‍ മത്സരിക്കുമെന്ന അഭ്യൂഹം ശക്തമായത്. എന്നാല്‍ ദിവസങ്ങള്‍ക്കിപ്പുറവും ഇതുസംബന്ധിച്ച അന്തിമ തീരുമാനം വത്തതോടെ വയനാട്ടിലെ യു.ഡി.എഫ് ആശയക്കുഴപ്പിത്തിലായിരിക്കുകയാണ്.

അതേസമയം രാഹുല്‍ ഗാന്ധി വയനാട്ടില്‍ എത്താതിരിക്കാന്‍ ചില പ്രസ്ഥാനങ്ങളാണ് ശ്രമിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ആരോപണം. രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച തീരുമാനം വൈകുന്നത് സാധ്യതയ്ക്ക് മങ്ങലേല്‍പ്പിക്കില്ലെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു.

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവനയെക്കുറിച്ച് അറിയില്ലെന്നായിരുന്നു മുല്ലപ്പള്ളിയുടെ മറുപടി.

Latest Stories

We use cookies to give you the best possible experience. Learn more