| Tuesday, 13th January 2026, 3:44 pm

മിസ്റ്റര്‍ മോദി, തമിഴ് ജനതയുടെ ശബ്ദം അടിച്ചമര്‍ത്താന്‍ നിങ്ങള്‍ക്ക് കഴിയില്ല; ജന നായകന് രാഹുല്‍ ഗാന്ധിയുടെ പിന്തുണ

രാഗേന്ദു. പി.ആര്‍

ന്യൂദല്‍ഹി: നടന്‍ വിജയ്‌യുടെ ‘ജന നായകന്’ പിന്തുണയുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് എം.പിയുമായ രാഹുല്‍ ഗാന്ധി.

ജന നായകന്റെ റിലീസ് തടഞ്ഞുകൊണ്ടുള്ള നടപടി തമിഴ് സംസ്‌കാരത്തിന് നേരെയുള്ള ആക്രമണമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

‘മിസ്റ്റര്‍ മോദി, തമിഴ് ജനതയുടെ ശബ്ദം അടിച്ചമര്‍ത്താന്‍ നിങ്ങള്‍ക്ക് ഒരിക്കലും കഴിയില്ല,’ രാഹുല്‍ ഗാന്ധി പ്രതികരിച്ചു.

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, രാജ്യസഭാ എം.പിയും മക്കള്‍ നീതി മയ്യത്തിന്റെ സ്ഥാപകനും നടനുമായ കമല്‍ ഹാസന്‍, തമിഴ് സിനിമാ രംഗത്തെ പ്രമുഖര്‍ക്കും പിന്നാലെയാണ് ജന നായകന് പിന്തുണയുമായി രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിരിക്കുന്നത്.

ജന നായകന്റെ റിലീസ് തടസപ്പെടുത്തുന്നതില്‍ നേരിട്ട് കേന്ദ്ര സര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വിമര്‍ശിച്ചുകൊണ്ടാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. സെന്‍സര്‍ ബോര്‍ഡിനെയും ബി.ജെ.പി ആയുധമാക്കിയെന്നാണ് എം.കെ. സ്റ്റാലിന്‍ ഈ വിഷയത്തില്‍ പ്രതികരിച്ചത്.

വിജയ്‌യുടെയോ ജന നായകന്റെയോ പേരെടുത്ത് പറയാതെയായിരുന്നു സ്റ്റാലിന്റെ വിമര്‍ശനം. ജന നായകന്റെ റിലീസ് തടയാനുള്ള കാരണങ്ങള്‍ ഒന്നൊന്നായി വ്യക്തമാക്കണമെന്നാണ് കമല്‍ ഹാസന്‍ പ്രതികരിച്ചത്.

നിലവില്‍ ജന നായകന്റെ റിലീസ് തടഞ്ഞ മദ്രാസ് ഹൈക്കോടതിയുടെ വിധിക്കെതിരെ നിര്‍മാതാക്കള്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. നേരത്തെ ജന നായകന് യു/എ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ മദ്രാസ് ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് വിധിച്ചിരുന്നു.

എന്നാല്‍ ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് ഈ ഉത്തരവ് സ്റ്റേ ചെയ്യുകയും സിനിമയുടെ റിലീസ് താത്കാലികമായി തടയുകയുമായിരുന്നു. പൊങ്കല്‍ അവധിക്ക് ശേഷം 2026 ജനുവരി 21ന് കേസ് പരിഗണിക്കും. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതാണ് ജന നായകനെ പ്രതിസന്ധിയില്‍ ആക്കിയിരിക്കുന്നത്.

Content Highlight: Rahul Gandhi’s support for Jana Nayagan

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more