| Tuesday, 13th August 2019, 8:08 pm

'രാഹുല്‍ ഗാന്ധി Vs കശ്മീര്‍ ഗവര്‍ണര്‍'; രാഹുല്‍ പ്രശ്‌നം രാഷ്ട്രീയവത്കരിക്കുന്നുവെന്ന അടുത്ത ആരോപണവുമായി മാലിക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വീണ്ടും ആരോപണവുമായി ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്. രാഹുല്‍ പ്രശ്‌നത്തെ രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കുകയാണെന്ന് മാലിക് പറഞ്ഞു.

‘പൊതുജനങ്ങള്‍ക്കു പ്രശ്‌നമുണ്ടാക്കാനും അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുമായി പ്രതിപക്ഷ നേതാക്കളുടെ പ്രതിനിധി സംഘത്തെ കൊണ്ടുവരാനാണ് രാഹുല്‍ അനുമതി ചോദിച്ചിരിക്കുന്നത്.

തടവില്‍ക്കഴിയുന്ന നേതാക്കളെ കാണുന്നതടക്കമുള്ള നിബന്ധനകളാണ് രാഹുല്‍ കശ്മീര്‍ സന്ദര്‍ശിക്കുന്നതിനു മുന്‍പേ മുന്നോട്ടുവെച്ചിരിക്കുന്നത്.

കശ്മീരിലെ സ്ഥിതിയെക്കുറിച്ചുള്ള വ്യാജവാര്‍ത്ത കേട്ടിട്ടാവും രാഹുല്‍ പ്രതികരിക്കുന്നത്. അവഗണിക്കാവുന്ന സംഭവങ്ങള്‍ മാത്രമാണ് ഇവിടെയുണ്ടായിരിക്കുന്നത്. താഴ്‌വരയില്‍ നടക്കുന്ന സംഭവങ്ങളെക്കുറിച്ച് കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്ന ഇന്ത്യന്‍ ചാനലുകള്‍ അദ്ദേഹം പരിശോധിക്കട്ടെ.’

വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോടായിരുന്നു മാലിക് ഇക്കാര്യം പറഞ്ഞത്.

നേരത്തേ തങ്ങള്‍ വിമാനം അയക്കാം, രാഹുല്‍ കശ്മീരിലേക്കു വന്ന് യാഥാര്‍ഥ്യം കാണൂവെന്ന മാലിക്കിന്റെ പരിഹാസത്തിന് രാഹുല്‍ മറുപടി പറഞ്ഞിരുന്നു. തങ്ങള്‍ കശ്മീരിലേക്കു വരുന്നുണ്ടെന്നും സഞ്ചാര സ്വാതന്ത്ര്യം ഉറപ്പുവരുത്തിയാല്‍ മതിയെന്നുമാണ് രാഹുല്‍ ട്വീറ്റ് ചെയ്തത്.

തങ്ങള്‍ കശ്മീരിലേക്ക് വരുന്നുണ്ടെന്നും സഞ്ചാര സ്വാതന്ത്ര്യം ഉറപ്പുവരുത്തിയാല്‍ മതിയെന്നുമാണ് ഇതിനു മറുപടിയെന്നോണം രാഹുല്‍ ട്വീറ്റ് ചെയ്തത്.

‘പ്രിയ ഗവര്‍ണര്‍ മാലിക്, ജമ്മുകശ്മീരും ലഡാക്കും സന്ദര്‍ശിക്കാനുള്ള താങ്കളുടെ മഹനീയ ക്ഷണം പ്രതിപക്ഷ നേതാക്കളുടെ സംഘവും ഞാനും ഏറ്റെടുക്കുന്നു. ഞങ്ങള്‍ക്ക് എയര്‍ക്രാഫ്റ്റ് ഒന്നും വേണ്ട, സഞ്ചരിക്കാനും ജനങ്ങളെക്കാണാനും മുഖ്യധാരാ നേതാക്കളേയും അവിടെ നിലയുറപ്പിച്ച നമ്മുടെ പട്ടാളക്കാരേയും കാണാനുള്ള സ്വാതന്ത്ര്യം ഉറപ്പുവരുത്തിയാല്‍ മതി.’ എന്നാണ് രാഹുലിന്റെ മറുപടി.

അതിനും മുന്‍പ് കശ്മീരില്‍ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന രാഹുലിന്റെ പരാമര്‍ശത്തിനാണ് മാലിക് മറുപടി പറഞ്ഞത്.

പ്രത്യേക പദവി റദ്ദാക്കുന്നതിനു മുന്നോടിയായി പൊലീസ് കസ്റ്റഡിയിലെടുത്ത സി.പി.ഐ.എം എം.എല്‍.എ യൂസഫ് തരിഗാമിയെ സന്ദര്‍ശിക്കാനായി കശ്മീരിലെത്തിയ ഇടത് നേതാക്കളായ സീതാറാം യെച്ചൂരിക്കും ഡി. രാജയ്ക്കും അദ്ദേഹത്തിനെ കാണാന്‍ കഴിഞ്ഞിരുന്നില്ല. ഇരുവരേയും വിമാനത്താവളത്തില്‍ തടയുകയായിരുന്നു.

കൂടാതെ കശ്മീരിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളും മുന്‍ മുഖ്യമന്ത്രിമാരുമായ ഉമര്‍ അബ്ദുള്ള, മെഹ്ബൂബ മുഫ്തി എന്നിവര്‍ ഇപ്പോഴും വീട്ടുതടങ്കലിലാണ്. ഇക്കാര്യങ്ങള്‍ പരോക്ഷമായി സൂചിപ്പിച്ചാണ് രാഹുലിന്റെ മറുപടി.

Latest Stories

We use cookies to give you the best possible experience. Learn more