| Thursday, 23rd July 2026, 3:57 pm

രാഹുല്‍ ഗാന്ധിയുടെത് ആത്മാര്‍ത്ഥതയുള്ള പ്രതിഷേധമല്ല: ജനങ്ങളെ ഇനിയും വിഢികളാക്കാന്‍ കഴിയില്ല: ഗീതാജ്ഞലി ആങ്‌മോ

നിഷാന. വി.വി

ന്യൂദല്‍ഹി: സി.ജെ.പി പ്രതിഷേധത്തിന് പിന്തുണയറിയിച്ച് കൊണ്ട് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ച് ആത്മാര്‍ത്ഥതയുള്ളതായിരുന്നില്ലെന്ന് സോനം വാങ്ചുക്കിന്റെ പങ്കാളി ഗീതാജ്ഞലി ആങ്‌മോ.

ആത്മാര്‍ത്ഥതയുള്ളതായിരുന്നുവെങ്കില്‍ രാഹുല്‍ ഗാന്ധി ജന്തര്‍ മന്ദറില്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ചേരണമായിരുന്നുവെന്നും ഗീതാജ്ഞലി പറഞ്ഞു. ഇന്ത്യാ ടുഡേക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അവരുടെ പരാമര്‍ശം.

‘പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ നടത്തിയ പ്രതിഷേധത്തില്‍ ആത്മാര്‍ത്ഥതയില്ലായിരുന്നു. പൊതുജനങ്ങളെ ഇനി വിഡ്ഢികളാക്കാന്‍ കഴിയില്ല. ഇത് ഉണര്‍ന്നിരിക്കുന്ന ഇന്ത്യയാണ്. ആത്മാര്‍ത്ഥതയില്ലാത്തവരെ യുവാക്കള്‍ പുറത്താക്കും,’ അവര്‍ പറഞ്ഞു.

പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ സമരം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വളരെ വലിയ പിന്തുണയാണ് ലഭിച്ച് കൊണ്ടിരിക്കുന്നതെന്നും സമരത്തിന്റെ ലക്ഷ്യം രാഷ്ട്രീയ നേട്ടമല്ലെന്നും ആങ്‌മോ പറഞ്ഞു.

‘സമരത്തിന്റെ ലക്ഷ്യം രാഷ്ട്രീയ ലക്ഷ്യമല്ല. ഞങ്ങള്‍ക്ക് പ്രതിപക്ഷമില്ല, സര്‍ക്കാരില്ല, ഞങ്ങള്‍ക്ക് പാര്‍ലമെന്റ് ഏറ്റവും ഉയര്‍ന്ന സ്ഥാപനമാണ്. പാര്‍ലമെന്റ് വിദ്യാഭ്യാസത്തെ അടിസ്ഥാന വിഷയമായി കാണണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. രാഷ്ട്രീയ ലക്ഷ്യങ്ങളില്ലാതെ വരുന്നവരെ പ്രതിഷേധത്തില്‍ പങ്കുചേരാന്‍ സ്വാഗതം ചെയ്യുന്നു. സ്വന്തം അജണ്ടകളുമായി വരുന്നവര്‍ വഴിതെറ്റി പോവും കാരണം ഈ പ്രസ്ഥാനം ആത്മാര്‍ത്ഥതയില്‍ നിന്നും വിശുദ്ധിയില്‍ നിന്നും ഉയര്‍ന്ന് വന്നതാണ്,’ അവര്‍ കൂട്ടിച്ചേര്‍ത്തു.

സി.ജെ.പിയുടെ നേതൃത്വത്തില്‍ നടന്ന പാര്‍ലമെന്റ് മാര്‍ച്ചിന് നേരെയുള്ള പൊലീസ് അതിക്രത്തിനെതിരായായിരുന്നു രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കള്‍ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തിയത്. ചൊവ്വാഴ്ച നടന്ന പ്രതിഷേധത്തിന് പിന്നാലെ രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് മൂന്ന് മണിക്കൂറിന് ശേഷം വിട്ടയക്കുകയായിരുന്നു.

Content Highlight: Rahul Gandhi’s protest is not sincere; the public can no longer be fooled: Geetanjali Angmo.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

Latest Stories

We use cookies to give you the best possible experience. Learn more