| Saturday, 13th June 2026, 1:38 pm

രാഹുല്‍ ഗാന്ധിയുടേത് ബി.ജെ.പിയെ ശക്തിപ്പെടുത്തുന്ന സമീപനം; ആലിംഗന പരാമര്‍ശത്തില്‍ പിണറായി വിജയന്‍

നിഷാന. വി.വി

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെ ആലിംഗനം ചെയ്യാന്‍ കഴിയില്ലെന്ന ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തില്‍ പ്രതികരിച്ച് പിണറായി വിജയന്‍.

താനും രാഹുല്‍ ഗാന്ധിയുമൊന്നും കാണുമ്പോള്‍ പരസ്പരം ആലിംഗനം ചെയ്യാറില്ലെന്നും വണങ്ങുകയോ കൈകൊടുക്കയോ മാത്രമാണ് ഉണ്ടാവാറുള്ളതെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ രാഹുല്‍ ഗാന്ധി മോദിയെ കെട്ടിപിടിക്കുന്നൊരു ഫോട്ടോ ഇന്ന് കണ്ടുവെന്നും ഇത് കാണിക്കുന്നത് രാഹുല്‍ ഗാന്ധിയുടെ സമീപനം തന്നെയാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

‘ഇന്ന് ഒരു ഫോട്ടോ കണ്ടു. രാഹുല്‍ മോദിയെ കെട്ടിപ്പിടിക്കുന്നൊരു ഫോട്ടോ. അതില്‍ എനിക്ക് ആക്ഷേപമില്ല. എന്നാല്‍ രാഹുല്‍ ഗാന്ധി യോഗത്തില്‍ പറഞ്ഞത് മറ്റൊരു തരത്തിലുള്ള ചിത്രീകരണമാണ്,’ അദ്ദേഹം പറഞ്ഞു.

ഇന്ത്യ മുന്നണിയുടെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം രാഹുല്‍ ഗാന്ധിയുടെ സമീപനമാണെന്നും അഖിലേഷ് യാദവ് തേജസ്വി യാദവ് എന്നിവരടക്കമുള്ള രാജ്യത്തെ കോണ്‍ഗ്രസ് ഇതര പാര്‍ട്ടികള്‍ അതിനെ ശബ്ദമുയര്‍ത്തിയിട്ടുണ്ടെന്നും പിണറായി പറഞ്ഞു.

ഡി.എം.കെയുടെ ഇപ്പോഴത്തെ അവസ്ഥ നാമെല്ലാം കാണുന്നതാണെന്നും അതിന് കാരണം കോണ്‍ഗ്രസിന്റെയും പ്രത്യേകിച്ച് രാഹുല്‍ ഗാന്ധിയുടെയും സമീപനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ മുന്നണിയെ ശക്തിപ്പെടുത്തുന്ന സമീപനമല്ല രാഹുല്‍ ഗാന്ധിയുടെതെന്നും അദ്ദേഹം ബി.ജെ.പിയുടെ സഹായിയായി മാറുന്ന അവസ്ഥയാണുള്ളതെന്നും പിണറായി വിജയന്‍ പറഞ്ഞു.

കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെ ആലിംഗനം ചെയ്യാന്‍ തനിക്ക് കഴിയില്ലെന്നും അതിന് തയ്യാറല്ലെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു.
ജൂണ്‍ എട്ടിന് നടന്ന ഇന്ത്യ സഖ്യത്തിന്റെ യോഗത്തില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തിലായിരുന്നു ഇത്തരത്തിലുള്ള പരാമര്‍ശം.

പ്രസംഗം കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം ഔദ്യോഗികമായി പുറത്ത് വിടുകയും ചെയ്തിരുന്നു. പിന്നാലെയാണ് പിണറായി വിജയന്റെ പ്രതികരണം. ആലിംഗന പരാമര്‍ശം ഇതിനോടകം തന്നെ വലിയ വിവാദങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.

Content Highlight: Rahul Gandhi’s approach strengthens BJP; Pinarayi Vijayan in his embrace remark

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more