| Tuesday, 12th August 2025, 1:42 pm

ആരുടെ മുന്നിലും തലകുനിക്കാത്ത, ജനാധിപത്യത്തിനും നീതിക്കും വേണ്ടി നിലകൊണ്ട സുഹൃത്ത്; യെച്ചൂരിയുടെ ജന്മവാര്‍ഷികത്തില്‍ രാഹുല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവും സി.പി.ഐ.എം ജനറല്‍ സെക്രട്ടറിയുമായിരുന്ന സീതാറാം യെച്ചൂരിയുടെ ജന്മവാര്‍ഷികത്തില്‍ കുറിപ്പുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

ആരുടെ മുന്നിലും തലകുനിക്കാത്ത, ജനാധിപത്യത്തിനും തുല്യതക്കും നീതിക്കും വേണ്ടി നിലകൊണ്ട തന്റെ സുഹൃത്തിന്റെ ഓര്‍മകള്‍ എക്കാലവും ഹൃദയത്തില്‍ നിറഞ്ഞു നില്‍ക്കുമെന്നാണ് രാഹുല്‍ എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ എഴുതിയത്.

‘എന്റെ സുഹൃത്ത് സീതാറാം യെച്ചൂരി ജിയെ അദ്ദേഹത്തിന്റെ ജന്മവാര്‍ഷികത്തില്‍ സ്‌നേഹപൂര്‍വ്വം സ്മരിക്കുന്നു. എളിമയോടെ ആദരാഞ്ജലികള്‍.

അദ്ദേഹത്തിന്റെ നിര്‍ഭയമായ മനസ്, ജനാധിപത്യത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധത, സമത്വത്തിനും നീതിക്കും വേണ്ടിയുള്ള പോരാട്ടം ഇതെല്ലാം എന്റെ ഹൃദയങ്ങളില്‍ എന്നേക്കുമായി നിലനില്‍ക്കും,’ രാഹുല്‍ പറഞ്ഞു.

2024 സെപ്റ്റംബര്‍ 12 നാണ് നെഞ്ചിലെ അണുബാധയെത്തുടര്‍ന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ (എയിംസ്) ചികിത്സയിലിക്കെ യെച്ചൂരി വിടപറഞ്ഞത്.

2015 ലാണ് യെച്ചൂരി പാര്‍ട്ടിയുടെ അമരത്തെത്തുന്നത്. 2022 ഏപ്രിലില്‍ കണ്ണൂരില്‍ നടന്ന 23-ാം പാര്‍ട്ടി കോണ്‍ഗ്രസിലാണ് യെച്ചൂരിയെ ജനറല്‍ സെക്രട്ടറിയായി മൂന്നാം തവണയും പാര്‍ട്ടി തെരഞ്ഞെടുത്തത്.

1992 മുതല്‍ പി.ബി അംഗമായ അദ്ദേഹം 2005 മുതല്‍ 2017 വരെ പശ്ചിമ ബംഗാളില്‍നിന്നുള്ള രാജ്യസഭാംഗമായിരുന്നു. സീതാറാം യെച്ചൂരിയുമായി അടുത്ത വ്യക്തിബന്ധം കാത്തുസൂക്ഷിച്ച വ്യക്തി കൂടിയായിരുന്നു രാഹുല്‍.

‘സീതാറാം യെച്ചൂരി ജി എന്റെ അടുത്ത സുഹൃത്തായിരുന്നു. നമ്മുടെ രാജ്യത്തെക്കുറിച്ച് ആഴത്തില്‍ ധാരണയുള്ള വ്യക്തി. ഇന്ത്യ എന്ന ആശയത്തിന്റെ സംരക്ഷകന്‍. നമ്മുടെ ചര്‍ച്ചകളും ദീര്‍ഘസംസാരങ്ങളും എനിക്ക് നഷ്ടമാകും’ എന്നായിരുന്നു അദ്ദേഹത്തിന്റെ വിയോഗത്തില്‍ രാഹുല്‍ പ്രതികരിച്ചത്.

1952 ഓഗസ്റ്റ് 12ന് ചെന്നൈയിലെ തെലുഗു ബ്രാഹ്‌മണ കുടുംബത്തിലാണ് യെച്ചൂരിയുടെ ജനനം. അച്ഛന്‍ സര്‍ക്കാരില്‍ മെക്കാനിക്കല്‍ എന്‍ജിനീയറായിരുന്ന സര്‍വേശ്വര സോമയാജുലു യെച്ചൂരി. അമ്മ കല്‍പ്പാക്കം യെച്ചൂരി സാമൂഹികപ്രവര്‍ത്തകയായിരുന്നു. സീമ ചിസ്തിയാണ് ഭാര്യ.

1974-ല്‍ എസ്.എഫ്.ഐയിലൂടെ രാഷ്ട്രീയ ജീവിതം ആരംഭിച്ച സീതാറാം യെച്ചൂരി ഒരു വര്‍ഷത്തിനുശേഷം സി.പി.ഐ.എമ്മില്‍ അംഗമായി. ജെ.എന്‍.യുവില്‍ വിദ്യാര്‍ഥി ആയിരിക്കെ അടിയന്തരാവസ്ഥക്കെതിരേ ചെറുത്തുനില്‍പ്പ് നടത്തിയതിന് 1975ല്‍ അറസ്റ്റിലായി.

അടിയന്തരാവസ്ഥക്കുശേഷം 1977- 78 കാലഘട്ടത്തില്‍ മൂന്നുതവണ ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റായിരുന്നു. ജെ.എന്‍.യുവില്‍ ഇടതുകോട്ട കെട്ടിപ്പടുക്കുന്നതില്‍ പ്രകാശ് കാരാട്ടിനൊപ്പം നിര്‍ണായക പങ്കുവഹിച്ച വ്യക്തി കൂടിയായിരുന്നു ചെയ്യൂരി.

1978ല്‍ എസ്.എഫ്.ഐ. അഖിലേന്ത്യാ ജോ. സെക്രട്ടറിയും പിന്നീട് പ്രസിഡന്റുമായി.

2004-ല്‍ ബി.ജെ.പി.യെ ഭരണത്തില്‍നിന്നകറ്റാനായി ഒന്നാം യു.പി.എ. സര്‍ക്കാരിന്റെ ശില്പിയായി സുര്‍ജിത് മാറിയപ്പോള്‍ യെച്ചൂരിയായിരുന്നു അദ്ദേഹത്തിന്റെ നിഴലായി പ്രവര്‍ത്തിച്ചത്.

സുര്‍ജിത്തിന്റെ മരണശേഷം യു.പി.എ-ഇടത് ബന്ധത്തിലെ സുപ്രധാനകണ്ണിയായി യെച്ചൂരി പ്രവര്‍ത്തിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി ഏറ്റവുമടുപ്പമുള്ള കമ്യൂണിസ്റ്റ് നേതാവ് കൂടിയായിരുന്നു യെച്ചൂരി.

Content Highlight: Rahul Gandhi remember Sitharam Yechuri

We use cookies to give you the best possible experience. Learn more