ന്യൂദൽഹി: ബീഹാറിൽ വോട്ടർപട്ടിക പുതുക്കലിനിടെ വ്യാപക ക്രമക്കേട് നടക്കുകയാണെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തന്റെ എക്സ് പോസ്റ്റിലൂടെ പുറത്തുവിട്ട വീഡിയോയിലൂടെയാണ് ക്രമക്കേടുകളെക്കുറിച്ച് അദ്ദേഹം പറയുന്നത്. തെളിവുകൾ പുറത്തുവിട്ട രാഹുൽ ഗാന്ധി ബി.ജെ.പിയുടെ കള്ളസംഘമായാണ് ഇപ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രവർത്തിക്കുന്നതെന്ന് പറഞ്ഞു.
ബീഹാറിൽ സ്പെഷ്യൽ ഇന്റൻസീവ് റിവിഷന്റെ പേരിൽ നടക്കുന്ന തട്ടിപ്പിന്റെ ഏറ്റവും വലിയ തെളിവെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം ദൃശ്യങ്ങൾ പങ്കുവെച്ചത്.
‘എല്ലാം ക്യാമറയിലുണ്ട്. ബൂത്ത് ലെവൽ ഓഫീസർമാർ തന്നെയാണ് വോട്ടർ ഫോമുകൾ പൂരിപ്പിക്കുന്നത്. ബൂത്ത് ലെവൽ ഓഫീസർമാർ തന്നെയാണ് വോട്ടർമാർക്ക് വേണ്ടി ഒപ്പിടുന്നത്. വോട്ടർ പട്ടികയിലെ പേരുകൾ പരിശോധിച്ചുകൊണ്ട് ഒരു സർക്കാർ ഓഫീസിൽ പരസ്യമായി ഈ ജോലി നടക്കുന്നു.’ അദ്ദേഹം എക്‌സിൽ കുറിച്ചു.
പുറത്തുവിട്ട വീഡിയോയിൽ വോട്ടർ ഫോമുകൾ ആളുകളുടെ അനുമതിയില്ലാതെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ തന്നെ പൂരിപ്പിക്കുന്നത് കാണാം. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വോട്ടുകൾ തട്ടിയെടുക്കുകയാണെന്നും രാഹുൽ ഗാന്ധി വിമർശിച്ചു.
ബീഹാറിൽ വോട്ടർ പട്ടികയുടെ പുനപരിശോധന പ്രക്രിയ തുടങ്ങുന്നതിന് മുമ്പുതന്നെ ന്യൂനപക്ഷ വോട്ടർമാർ പട്ടികയിൽനിന്ന് നീക്കം ചെയ്യപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ വിമർശനം. ബീഹാറിൽ, വോട്ടർ പട്ടിക പുതുക്കുന്നതിനായി സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്.ഐ.ആർ) നടത്തുന്നതിനായി എന്യൂമറേഷൻ ഫോമുകൾ പൂരിപ്പിക്കൽ സജീവമായി നടക്കുകയാണ്.
എന്നാൽ എസ്.ഐ.ആർ ആരംഭിക്കുന്നതിന് മുമ്പ് തന്നെ തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർ പട്ടികയുടെ ഒരു സംഗ്രഹ പരിഷ്കരണം നടത്തിയിരുന്നു. ഇത് 2025 ജൂണിൽ അവസാനിച്ചു. സംഗ്രഹ പരിഷ്കരണം എല്ലാ വർഷവും നടക്കാറുള്ളതാണ്. അതിലൂടെ വോട്ടർമാർക്ക് എൻട്രികൾ ചേർക്കാനോ ശരിയാക്കാനോ പട്ടികയിൽ നിന്ന് പേര് ഒഴിവാക്കാനോ കഴിയും. ഇതിലാണ് 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടുചെയ്ത ന്യൂനപക്ഷ വോട്ടർമാരെ പുറംതള്ളിയത്. ജൂണിൽ തയ്യാറാക്കിയ പട്ടികയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ നടക്കുന്ന പുനപരിശോധന.
പല ന്യൂനപക്ഷ വോട്ടർമാരും വോട്ടർ പട്ടികയിൽ നിന്ന് തങ്ങളുടെ പേരുകൾ ഒഴിവാക്കിയതായി പറയുന്നു. മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ പൂർണിയയിലെ ചിംനി ബസാറിലെ 400 ഓളം പേരുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്നും നീക്കം ചെയ്തതായി റിപ്പോർട്ടുകൾ വന്നിരുന്നു.
അതേസമയം ഇത് ആദ്യമായല്ല രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രംഗത്തെത്തുന്നത്. മഹാരാഷ്ട്ര തെരഞ്ഞെടുപ്പിനിടെ നടന്ന വ്യാപക ക്രമക്കേടുകൾ രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, ക്രമക്കേടുകൾ ഒന്നും നടന്നിട്ടില്ലെന്നായിരുന്നു തെരഞ്ഞെടുപ്പ് കമീഷൻ്റെ നിലപാട്. വോട്ടെടുപ്പ് സമയത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവിടാൻ രാഹുൽ ഗാന്ധി ആവശ്യപ്പെട്ടെങ്കിലും കമീഷൻ ദൃശ്യങ്ങൾ പുറത്തുവിട്ടിരുന്നില്ല.
Content Highlight: Rahul Gandhi releases video evidence of irregularities in Bihar voter list