അഗര്‍ത്തല: രാഹുല്‍ ഗാന്ധിയെ കാണാനായി മാസങ്ങളോളം ജ്യോതിരാദിത്യ സിന്ധ്യ ശ്രമിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി സിന്ധ്യയുടെ അടുത്ത ബന്ധുവും ത്രിപുര മുന്‍ പി.സി.സി പ്രസിഡന്റുമായ പ്രദ്യോത് ദേബ് ബര്‍മ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ഇന്നലെ അര്‍ദ്ധരാത്രി ബന്ധപ്പെട്ടപ്പോള്‍ രാഹുലിനെ കാണാനായി മാസങ്ങളോളം ശ്രമിച്ചിരുന്നെങ്കിലും ഇതുവരെയും അതിന് സാധിച്ചില്ലെന്നും സിന്ധ്യ പറഞ്ഞിരുന്നു. കേള്‍ക്കാന്‍ താല്‍പര്യമില്ലെങ്കില്‍ പിന്നെന്തിനാണ് രാഹുല്‍ തങ്ങളെ പാര്‍ട്ടിയില്‍ ചേര്‍ത്തത്’, പ്രദ്യോത് ചോദിക്കുന്നു.
ത്രിപുരയിലെ രാജകുടുംബാംഗമായ പ്രദ്യോത് ലോക്‌സഭ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ ത്രിപുര പി.സി.സി പ്രസിഡന്റ് പദവി രാജിവെച്ചിരുന്നു. രാഹുല്‍ അപ്രതീക്ഷിതമായി പിന്‍വാങ്ങിയതോടെ പാര്‍ട്ടിയിലെ യുവനേതാക്കള്‍ അനാഥരാണ്. പാര്‍ട്ടിയില്‍ യുവനേതാക്കളുടെ വീക്ഷണങ്ങളും നയപരിപാടികളും ഒതുക്കപ്പെടുന്നുവെന്നും പ്രദ്യോത് കൂട്ടിച്ചേര്‍ത്തു.
ബി.ജെ.പി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് യുവനേതാക്കളെ ചോര്‍ത്തിയെടുക്കാന്‍ ശ്രമിക്കുന്നുവെന്ന് രണ്ടുവര്‍ഷം മുമ്പേ ഞാന്‍ സിന്ധ്യയോടും രാഹുലിനോടും പറഞ്ഞിരുന്നു. രാഹുല്‍ അപ്രതക്ഷ്യനാകുകയും സിന്ധ്യ പാര്‍ട്ടിവിടുകയും ചെയ്തിരിക്കുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ബി.ജെ.പിയും കോണ്‍ഗ്രസും അല്ലാതെ ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാനാണ് തന്റെ തീരുമാനം. കോണ്‍ഗ്രസിന്റെ നിലവിലെ അവസ്ഥ ഹൃദയഭേദകമാണെന്നും പ്രദ്യോത് കൂട്ടിച്ചേര്‍ത്തു.
ഇന്ന് രാവിലെയാണ് ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ടത്. ഇതിന് പിന്നാലെ മധ്യപ്രദേശില്‍ നിന്ന് 22 എം.എ.എല്‍മാരും രാജിവെച്ചിരുന്നു.
എം.എല്‍.എമാര്‍ രാജിവെച്ചതോടെ മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായി. 230 അംഗ നിയമസഭയില്‍ നിലവില്‍ 228 എം.എല്‍.എമാരാണുള്ളത്. 22 എം.എല്‍.എമാര്‍ രാജിവെച്ചതോടെ നിലവില്‍ 206 ആണ് നിയമസഭയിലെ അംഗബലം
ഭൂരിപക്ഷം തെളിയിക്കാന്‍ 104 പേരുടെ പിന്തുണയാണ് കമല്‍നാഥ് സര്‍ക്കാരിന് വേണ്ടത്. എം.എല്‍.എമാര്‍ രാജിവെച്ചതോടെ 92 കോണ്‍ഗ്രസ് എം.എല്‍.എമാരാണ് കമല്‍നാഥ് സര്‍ക്കാരിനൊപ്പമുള്ളത്. രണ്ട് ബി.എസ്.പി എം.എല്‍.എമാരുടേയും ഒരു എസ്.പി എം.എല്‍.എയുടേയും നാല് സ്വതന്ത്രരുടേയും പിന്തുണ കൂടി കമല്‍നാഥിന് നിലവിലുണ്ട്.
ഇത് ചേര്‍ന്നാലും 99 എം.എല്‍.എമാരുടെ പിന്തുണയെ സര്‍ക്കാരിനുണ്ടാകൂ. ബി.ജെ.പിയ്ക്ക് 107 എം.എല്‍.എമാരുടെ പിന്തുണയുണ്ട്.
ഇന്ന് രാവിലെയാണ് ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയ്ക്ക് രാജി സമര്‍പ്പിച്ചത്. ഇന്ന് 6 മണിയ്ക്ക് സിന്ധ്യ ബി.ജെ.പിയില്‍ ചേരും. ബി.ജെ.പിയില്‍ ചേരുന്നതോടെ സംസ്ഥാനത്ത് നിന്ന് രാജ്യസഭയിലേക്ക് മത്സരിപ്പിച്ച് സിന്ധ്യയെ കേന്ദ്രമന്ത്രിയാക്കാനാണ് ബി.ജെ.പിയുടെ ആലോചന.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ജ്യോതിരാദിത്യ സിന്ധ്യയെ കേന്ദ്ര മന്ത്രിയാക്കാനും ശിവ്രാജ് സിങ് ചൗഹാനെ മുഖ്യമന്ത്രിയാക്കാനുമാണ് ബി.ജെ.പി തീരുമാനമെന്നുമാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നുള്ള വിവരം. ജ്യോതിരാദിത്യ സിന്ധ്യ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ലോക് കല്യാണ്‍ മാര്‍ഗിലെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ വെച്ചാണ് കൂടിക്കാഴ്ച നടത്തിയത്. ആഭ്യന്തര മന്ത്രി അമിത് ഷായും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. കൂടിക്കാഴ്ചക്കെത്തിയതും മടങ്ങിയതും അമിത്ഷായോടൊപ്പമാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് സിന്ധ്യ സോണിയ ഗാന്ധിക്ക് രാജിക്കത്ത് നല്‍കിയത്. 18 വര്‍ഷത്തെ കോണ്‍ഗ്രസ് ജീവിതത്തിന് ശേഷം പാര്‍ട്ടി വിടുകയാണെന്നും ഒരു മാറ്റത്തിന് സമയമായെന്നും സിന്ധ്യ കത്തില്‍ പറഞ്ഞിരുന്നു.
കഴിഞ്ഞ ഒരുവര്‍ഷമായി മധ്യപ്രദേശ് കോണ്‍ഗ്രസില്‍ ഉണ്ടായ സംഭവ വികാസങ്ങളാണ് രാജിയിലേക്ക് നയിച്ചതെന്നും കത്തില്‍ വ്യക്തമാക്കിയിരുന്നു.
WATCH THIS VIDEO: