| Thursday, 31st July 2025, 8:04 pm

മോദിക്കും നിര്‍മല സീതാരാമനുമൊഴികെ ബാക്കി എല്ലാവര്‍ക്കും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ നിര്‍ജീവമായെന്ന് മനസിലായി: രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യയെയും റഷ്യയെയും താരതമ്യം ചെയ്ത് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ‘ഇന്ത്യയുടേത് നിര്‍ജീവമായ സമ്പദ്‌വ്യവസ്ഥ’യെന്ന പരാമര്‍ശത്തില്‍ പ്രതികരിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ധനമന്ത്രി നിര്‍മല സീതാരാമനുമൊഴികെ ലോകത്തിന് മുഴുവന്‍ ഈ വസ്തുത അറിയാമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ട്രംപ് പറഞ്ഞത് ശരിയാണെന്നും അദ്ദേഹം പറഞ്ഞതിലെ വസ്തുത താന്‍ അംഗീകരിക്കുന്നുണ്ടെന്നും രാഹുല്‍ ഗാന്ധി പറയുന്നു. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ നിര്‍ജീവമായ അവസ്ഥയിലാണെന്നും അങ്ങനെ ചെയ്തത് ബി.ജെ.പിയാണെന്നും ലോകത്തിന് മുഴുവന്‍ അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്റിന് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. തുടര്‍ന്ന് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ മരിച്ചെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം എക്‌സില്‍ കുറിച്ചു.

‘ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ മരിച്ചു, മോദി അതിനെ കൊന്നു. അദാനി മോദി- പങ്കാളിത്തം, നോട്ടുനിരോധനവും പിഴവുകളുള്ള ജി.എസ്.ടിയും, അസംബിള്‍ ഇന്‍ ഇന്ത്യയുടെ പരാജയം, കര്‍ഷകരുടെ തകര്‍ച്ച, എം.എസ്.എം.ഇ തുടച്ചുനീക്കപ്പെട്ടത് എന്നിവയാണ് ഇതിന് കാരണം. ഇന്ത്യയിലെ യുവാക്കളുടെ ഭാവി മോദി ഇല്ലാതാക്കി. കാരണം, ഇവിടെ തൊഴിലവസരങ്ങളില്ല’ എന്ന് പറഞ്ഞുകൊണ്ടാണ് രാഹുല്‍ ഗാന്ധി തന്റെ പോസ്റ്റ് അവസാനിപ്പിച്ചത്.

ഓഗസ്റ്റ് ഒന്നുമുതല്‍ ഇന്ത്യയുടെ മേല്‍ 25 ശതമാനം താരിഫ് ചുമത്തുമെന്ന ഉത്തരവിന് പിന്നാലെയായിരുന്നു ട്രംപിന്റെ പരാമര്‍ശം. ഇന്ത്യയും റഷ്യയും തമ്മില്‍ എന്ത് ചെയ്താലും തനിക്ക് പ്രശ്‌നമില്ലെന്നും അവരുടേത് ‘ഡെഡ് ഇക്കോണമി’യാണെന്നുമായിരുന്നു ട്രംപ് പറഞ്ഞത്.

എന്നാല്‍ മോദി സര്‍ക്കാര്‍ ഇന്ത്യയുടെ സാമ്പത്തിക, പ്രതിരോധ, വിദേശ നയങ്ങളെ തകര്‍ത്തു എന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. കഴിഞ്ഞദിവസം പഹല്‍ഗാം ആക്രമണം, ഓപ്പറേഷന്‍ സിന്ദൂര്‍ എന്നിവയെക്കുറിച്ച് പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയില്‍ രാഹുല്‍ ഗാന്ധി മോദിക്കതിരെ ആഞ്ഞടിച്ചിരുന്നു. മധ്യസ്ഥത വഹിച്ചെന്ന് അവകാശപ്പെടുന്ന ട്രംപ് നുണയനാണെന്ന് പറയാന്‍ മോദിക്ക് ധൈര്യമുണ്ടോ എന്നായിരുന്നു രാഹുല്‍ ഗാന്ധി ചോദിച്ചത്.

‘വെടിനിര്‍ത്തലിന് മധ്യസ്ഥത വഹിച്ചെന്ന് ട്രംപ് 30 തവണയെങ്കിലും ആവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ അദ്ദേഹം 25 ശതമാനം തീരുവ ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് സംസാരിക്കുന്നു. എന്നാല്‍ ഇതെല്ലാം കണ്ടിട്ടും മോദി എന്തുകൊണ്ടാണ് മിണ്ടാതിരിക്കുന്നതെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ’ രാഹുല്‍ ഗാന്ധി ചോദിച്ചു.

അതേസമയം താരിഫുകളുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് ട്രംപിന് മറുപടിയായി പുറത്തിറക്കിയ പ്രസ്താവനയില്‍ കേന്ദ്ര വാണിജ്യ മന്ത്രാലയം പറഞ്ഞു.

Content Highlight: Rahul Gandhi reacts to Donald Trump’s  Dead Economy of India statement and criticize Narendra Modi

We use cookies to give you the best possible experience. Learn more