ന്യൂദൽഹി: ജൂലൈ 20ന് നീറ്റ് ക്രമക്കേടുകൾക്കെതിരെ നടന്ന പ്രതിഷേധത്തിനിടെ പൊലീസ് പെല്ലറ്റ് തോക്ക് ഉപയോഗിച്ചതായി ആരോപിച്ച് പരാതി നൽകിയ വിദ്യാർഥിയുടെ പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനു മുന്നിൽ ധർണ നടത്തി.
കോക്ക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ മുൻ വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് നടത്തിയ ‘സൻസദ് ചലോ’ മാർച്ചിനിടെയാണ് വിദ്യാർഥി സാഹിൽ ലോചാബിന് പെല്ലറ്റ് വെടിയേറ്റ് പരിക്കേറ്റത്. സാഹിൽ ലോചാബും രാഹുൽ ഗാന്ധിക്കൊപ്പം പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു.
നേരത്തെ മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിലെത്തിയ രാഹുൽ ഗാന്ധി പ്രതിഷേധക്കാർക്കെതിരെ പെല്ലറ്റ് തോക്കുകൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ ഉപയോഗിച്ചെന്ന ആരോപണത്തിൽ കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പരാതി സ്വീകരിക്കാൻ പൊലീസ് തയ്യാറായില്ലെന്നാണ് കോൺഗ്രസിന്റെ വിമർശനം. തുടർന്ന് സെൻട്രൽ ഡെപ്യൂട്ടി പൊലീസ് കമ്മീഷണറെ കണ്ട രാഹുൽ ഗാന്ധി പിന്നീട് പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലെത്തി ധർണ നടത്തുകയായിരുന്നു.
പരാതി ഔദ്യോഗികമായി സ്വീകരിച്ച് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതുവരെ പൊലീസ് സ്റ്റേഷനിൽ തുടരുമെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി.
ഓഗസ്റ്റ് 14ന് അഭിഭാഷകർക്കൊപ്പമെത്തിയ സാഹിൽ ലോചാബ് ദൽഹി പൊലീസിന് രേഖാമൂലം പരാതി നൽകിയിരുന്നുവെന്ന് കോൺഗ്രസ് അറിയിച്ചു. എന്നാൽ പരാതിക്ക് സ്വീകരിച്ചതായുള്ള രേഖയോ ഇൻവെസ്റ്റിഗേഷൻ ഓഫീസറുടെ നമ്പറോ നൽകിയില്ലെന്നാണ് പാർട്ടിയുടെ ആരോപണം. ഓഗസ്റ്റ് 17ന് ഇമെയിൽ, ഫോൺ മാർഗങ്ങളിലൂടെ പരാതി സംബന്ധിച്ച് വീണ്ടും ഇടപെട്ടെങ്കിലും നടപടിയുണ്ടായില്ലെന്നും കോൺഗ്രസ് പറഞ്ഞു.
പരാതിക്കാരന്റെ വാദപ്രകാരം, ആരോപിക്കപ്പെടുന്ന സംഭവം പോലീസിന് നേരിട്ട് കേസെടുക്കാവുന്ന കുറ്റത്തിന്റെ പരിധിയിൽ വരുന്നതിനാൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യേണ്ടതാണെന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടി.
ജൂലൈ 20ന് നടന്ന മാർച്ചിനിടെ റാപ്പിഡ് ആക്ഷൻ ഫോഴ്‌സ് ഉദ്യോഗസ്ഥർ പെല്ലറ്റ് തോക്കുകൾ ഉപയോഗിച്ചെന്നാണ് കോൺഗ്രസിന്റെ ആരോപണം. പ്രതിഷേധത്തിന് പിന്നാലെ നിരവധി പേർക്ക് പരിക്കേറ്റതോടെയാണ് ആരോപണം ഉയർന്നത്. എന്നാൽ ഡൽഹി പൊലീസ് പെല്ലറ്റ് തോക്കുകൾ ഉപയോഗിച്ചിട്ടില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. വിഷയത്തിൽ സി.ആർ.പി.എഫ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
വിദ്യാർഥികൾക്കെതിരെ അമിതമായ ബലം പ്രയോഗിച്ചതിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് നേരിട്ട് ഉത്തരവാദിയെന്നും രാഹുൽ ഗാന്ധി നേരത്തെ പറഞ്ഞിരുന്നു. വിദ്യാർഥികൾക്കെതിരെ പെല്ലറ്റ് തോക്കുകൾ ഉൾപ്പെടെയുള്ള മാരകായുധങ്ങൾ ഉപയോഗിക്കാൻ അനുമതി നൽകിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘ഇന്ത്യയുടെ ഭാവിയായ വിദ്യാർഥികൾക്ക് നേരെ നമ്മുടെ സ്വന്തം സേന വെടിയുതിർക്കുന്നത് അംഗീകരിക്കില്ല’ എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം.
Content Highlight:Rahul Gandhi Reaches Police Station With Student Injured in Pellet Attack; Dharna Over Police Refusal to Register FIR.