| Saturday, 24th October 2020, 8:05 pm

രാജസ്ഥാനിലും പഞ്ചാബിലും ബലാത്സംഗത്തിനിരയായ പെണ്‍കുട്ടികള്‍ക്ക് നീതി നിഷേധിക്കപ്പെട്ടാല്‍ അങ്ങോട്ടും പോകും: രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങളില്‍ കോണ്‍ഗ്രസ് വിവേചന ബുദ്ധിയോടെയാണ് പ്രതികരിക്കുന്നതെന്ന ബി.ജെ.പിയുടെ ആരോപണങ്ങള്‍ക്കെതിരെ് രാഹുല്‍ ഗാന്ധി.

”യുപിയില്‍ നിന്ന് വ്യത്യസ്തമായി പഞ്ചാബ്, രാജസ്ഥാന്‍ സര്‍ക്കാരുകള്‍ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തുവെന്ന് നിഷേധിക്കുന്നില്ല, അവര്‍ കുടുംബത്തെ ഭീഷണിപ്പെടുത്തുകയോ, നീതി തടയുകയോ ചെയ്തില്ല. അവര്‍ അങ്ങനെ ചെയ്യുകയാണെങ്കില്‍, നീതിക്കായി പോരാടാന്‍ ഞാന്‍ അവിടേക്കും പോകും,” രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് ഹോഷിയാര്‍പൂരിലെ വീട്ടില്‍ നിന്ന് ആറുവയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ ബലാത്സംഗം ചെയ്തതിന് ശേഷം തീകൊളുത്തി കൊല്ലുകയായിരുന്നു.

കേസില്‍ കുട്ടിയുടെ മുത്തച്ഛനെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഹോഷിയാര്‍പൂരിലെ ജലാല്‍പൂര്‍ ഗ്രാമത്തിലെ വീട്ടില്‍ നിന്ന് പകുതി കത്തിയ നിലയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. പ്രതികള്‍ക്കെതിരെ പോക്സോ വകുപ്പുകള്‍ ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്.

സംഭവത്തില്‍ പ്രതികരിക്കാതിരുന്ന രാഹുലിനും പ്രിയങ്കാ ഗാന്ധിയ്ക്കുമെതിരെ ബി.ജെ.പി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. രാഷ്ട്രീയ നേട്ടം ലഭിക്കുന്ന വേറെ ഏതെങ്കിലും സ്ഥലമായിരുന്നെങ്കില്‍ കോണ്‍ഗ്രസ് നേതാക്കള്‍ സന്ദര്‍ശനം നടത്തിയേനെയെന്നായിരുന്നു ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പറഞ്ഞിരുന്നത്.

കഴിഞ്ഞ മാസം ഉത്തര്‍പ്രദേശിലെ ഹാത്രാസില്‍ ദളിത് പെണ്‍കുട്ടി ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ യു.പി സര്‍ക്കാരിനെതിരെ രാഹുലും പ്രിയങ്കയും രൂക്ഷ വിമര്‍ശനമുയര്‍ത്തിയിരുന്നു.

രാജ്യവ്യാപക പ്രതിഷേധത്തെത്തുടര്‍ന്ന് ഹാത്രാസില്‍ സംസ്ഥാന സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഈ സമയത്ത് കുട്ടിയുടെ കുടുംബത്തെ കാണാനെത്തിയ രാഹുലിനെയും പ്രിയങ്ക ഗാന്ധിയുള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കളെയും യു.പി പൊലീസ് തടയുകയും കയ്യേറ്റം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ പ്രതിഷേധം ആളിക്കത്തിയതോടെ കുടുംബത്തെ കാണാന്‍ ഇരുവരെയും അനുവദിക്കുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Rahul Gandhi Punjab Minor Rape Case

Latest Stories

We use cookies to give you the best possible experience. Learn more