പാട്‌ന: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകുമെന്ന് ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ്.
യുവതലമുറയ്ക്ക് സംസ്ഥാനം ഭരിക്കാന്‍ അവസരം ലഭിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും തേജസ്വി യാദവ് പറഞ്ഞു. നവാഡയിലെ ‘വോട്ടര്‍ അധികാര്‍ യാത്ര’യെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കാന്‍ യുവാക്കള്‍ ദൃഢനിശ്ചയം എടുത്തിട്ടുണ്ട്. കൂടാതെ ബീഹാറിലെ എന്‍.ഡി.എ സര്‍ക്കാരിനെ പുറത്താക്കാനും യുവാക്കള്‍ തീരുമാനിച്ചിട്ടുണ്ട്,’ തേജസ്വി യാദവ് പറഞ്ഞു.
ജെ.ഡി.യു നേതാവ് നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ബീഹാറിലെ എന്‍.ഡി.എ സര്‍ക്കാര്‍ ഇപ്പോള്‍ കുത്തഴിഞ്ഞ നിലയിലായിക്കുന്നുവെന്നും അടിയന്തിരമായി അത് മാറേണ്ടതുണ്ടെന്നും തേജസ്വി പരാമര്‍ശിച്ചു. ബീഹാര്‍ വോട്ടര്‍പട്ടികയിലെ പ്രത്യേക തീവ്ര പരിഷ്‌കരണം (എസ്.ഐ.ആര്‍) ജനങ്ങളുടെ വോട്ടവകാശം കവര്‍ന്നെടുക്കാനുള്ള ഒരു വ്യായാമമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വോട്ട് മോഷണം തങ്ങള്‍ അനുവദിക്കില്ല. ബീഹാറിലെ വോട്ടര്‍മാരുടെ വോട്ടവകാശം ഇല്ലാതാക്കാനുള്ള ഭരണകക്ഷിയുടെ ഗൂഢാലോചനയാണ് എസ്.ഐ.ആറെന്നും തേജസ്വി യാദവ് പറഞ്ഞു. വോട്ട് മോഷ്ടിക്കാനും സംസ്ഥാനത്തെ ജനങ്ങളെ കബളിപ്പിക്കാനും തെരഞ്ഞെടുപ്പ് കമ്മീഷനും ബി.ജെ.പിയും ചേര്‍ന്ന് പ്രവര്‍ത്തിച്ചുവെന്നും ആര്‍.ജെ.ഡി നേതാവ് ആരോപിച്ചു.
ജീവിച്ചിരിക്കുന്ന വോട്ടര്‍മാരുടെ പേരുകള്‍ ഇല്ലാതാക്കിയും അവര്‍ മരിച്ചുവെന്ന് പ്രഖ്യാപിച്ചുമാണ് ബി.ജെ.പിയുടെ നിര്‍ദേശപ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നതെന്നും തേജസ്വി യാദവ് പറഞ്ഞു.
അതേസമയം തേജസ്വിയുടെ പരാമര്‍ശം ഇന്ത്യാ സഖ്യത്തിനുള്ളില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരു കക്ഷിയിലെയും നേതാക്കൾക്കും പ്രധാനമന്ത്രിയുടെ മുഖം കൊടുക്കാതെയാണ് ഇന്ത്യാ സഖ്യം മത്സരിച്ചത്.
എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയും ദല്‍ഹി മുന്‍ മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാളും പ്രധാനമന്ത്രി സ്ഥാനത്തേക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ നിര്‍ദേശിച്ചിരുന്നു.
പക്ഷേ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ആം ആദ്മി പാര്‍ട്ടി ഇന്ത്യാ സഖ്യത്തില്‍ നിന്ന് പൂര്‍ണമായും അകലുന്നതായാണ് കണ്ടത്. രാഹുല്‍ ഗാന്ധിയും കെജ്‌രിവാളും പരസ്പരം പരസ്യമായി വിമര്‍ശിക്കുന്ന സാഹചര്യത്തില്‍ വരെ കാര്യങ്ങളിലെത്തിയിരുന്നു.
നിലവില്‍ ആര്‍.ജെ.ഡി നേതാവിന്റെ പ്രസ്താവന ഇന്ത്യാ സഖ്യത്തിനുള്ളില്‍ പുതിയ തര്‍ക്കങ്ങള്‍ക്ക് കാരണമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Content Highlight: Rahul Gandhi will be the next Prime Minister of India; Tejashwi Yadav on voter adhikar yatra