| Monday, 12th October 2026, 2:19 pm

ജനങ്ങളുടെ മനസ് ബാരിക്കേഡ് വെച്ച് തടയാനാവില്ല; ഗ്യാനേഷ് മാപ്പുസാക്ഷിയാകണം; പ്രതിഷേധം ഭരണ ഘടനയെ സംരക്ഷിക്കാന്‍ വേണ്ടിയെന്ന് രാഹുല്‍

റെന്വര്‍ പി

ന്യൂദല്‍ഹി: വോട്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ മാപ്പു സാക്ഷിയാകണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഗ്യാനേഷിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങള്‍ക്കെതിരായ പൊലീസ് നടപടികളെ അപലപിക്കുന്നതായും രാഹുല്‍ വ്യക്തമാക്കി. ഗ്യാനേഷിന്റെ രാജി അടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് ഇന്ന് നടത്താനിരിക്കുന്ന ദില്ലി ചലോ മാര്‍ച്ചിന് മുന്നോടിയായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയാരുന്നു രാഹുല്‍.

തങ്ങളുടെ ആശങ്കകള്‍ പ്രകടിപ്പിക്കാന്‍ ജനങ്ങള്‍ ഭയപ്പെടേണ്ടതില്ലെന്ന സന്ദേശം രാജ്യത്തിന് നല്‍കാനാണ് പ്രതിപക്ഷം ആഗ്രഹിക്കുന്നതെന്നും രാഹുല്‍ പറഞ്ഞ. ജനങ്ങളുടെ മനസ്സ് ബാരിക്കേഡ് വെച്ച് തടയാനാവില്ല. തങ്ങള്‍ തെരുവുകള്‍ക്ക് വേണ്ടിയല്ല, മറിച്ച് ജനങ്ങളുടെ മനസ്സിന് വേണ്ടിയാണ് പോരാടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗ്യാനേഷ് കുമാര്‍ മാപ്പുസാക്ഷി ആകണം. വോട്ട് തട്ടിപ്പ് നടത്തിയ ഉന്നതര്‍ക്കെതിരെ ഗ്യാനേഷ് മൊഴി നല്‍കണം. ഗ്യാനേഷിനോട് ഈ കാര്യങ്ങള്‍ ചെയ്യാന്‍ പറഞ്ഞവരെയാണ് തങ്ങള്‍ ഇപ്പോള്‍ ലക്ഷ്യം വെക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.

‘ഗ്യാനേഷ് കുമാറിന് രാത്രിയില്‍ ഉറങ്ങാന്‍ കഴിയുന്നില്ലെന്ന് ഞങ്ങള്‍ക്കറിയാം. സി.ഇ.സി എന്ന നിലയില്‍ നിങ്ങള്‍ക്ക് രക്ഷപ്പെടാനാവില്ല. ലക്ഷക്കണക്കിന് ആളുകള്‍ നിങ്ങളോട് ചോദ്യങ്ങള്‍ ചോദിക്കുന്നുണ്ട്, അവര്‍ അത് നിര്‍ത്തുകയുമില്ല.

ഒരു പക്ഷേ ഞങ്ങള്‍ നിങ്ങളോട് ക്ഷമിച്ചേക്കാം. തെറ്റ് ചെയ്തത് നിങ്ങളായിരിക്കാം, പക്ഷേ ആ തെറ്റിന് പിന്നിലെ ബുദ്ധികേന്ദ്രം നിങ്ങളല്ല,’ എന്നും ഗ്യാനേഷിനെ ലക്ഷ്യം വെച്ച് രാഹുല്‍ പറഞ്ഞു.

എന്തുകൊണ്ടാണ് ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെക്കാത്തത്. പ്രതിഷേധിക്കാനുള്ള അവകാശം വിനിയോഗിച്ചതിന് പ്രതിപക്ഷ നേതാക്കളെ സര്‍ക്കാര്‍ തടവിലാക്കുകയാണ്. രണ്ട് ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ ഉന്നയിച്ച അതേ ചോദ്യം തങ്ങള്‍ ഉന്നയിച്ചതുകൊണ്ടാണ് ഇത് സംഭവിച്ചതെന്നും രാഹുല്‍ പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാരിലെ 200 ഉദ്യോഗസ്ഥര്‍ പ്രതിപക്ഷ മുന്നണിയുമായി ബന്ധപ്പെടുന്നുണ്ടെന്നും രാഹുല്‍ പറഞ്ഞു. ഭരണഘടന സംരക്ഷിക്കപ്പെടുകയും തിരഞ്ഞെടുപ്പ് സംവിധാനം ശരിയാക്കുകയും ചെയ്യുന്നത് വരെ രാജ്യത്തെ യുവാക്കള്‍ പിന്മാറില്ല. ഞങ്ങള്‍ പിന്നോട്ട് പോകില്ല. ഭരണഘടനയെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയുടെ തലസ്ഥാനമായ ദല്‍ഹി എന്തുകൊണ്ട് ഒരു ജയിലായി മാറി. ജനങ്ങളെ ദല്‍ഹിയിലെത്തുന്നതില്‍ നിന്ന് തടയുന്നു. ട്രെയിനുകളും ബസുകളും തടയപ്പെടുന്നു. ദല്‍ഹി ഒരു കോട്ട പോലെയാക്കി മാറ്റിയിരിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

സി.ഇ.സി ഗ്യാനേഷ് കുമാറിനെതിരായ എല്ലാ പ്രതിഷേധങ്ങളും ഒരൊറ്റ പ്രതിഷേധത്തിന്റെ ഭാഗമാണ്. നിങ്ങള്‍ ഏത് പാര്‍ട്ടിയില്‍ നിന്നോ മുന്നണിയില്‍ നിന്നോ വരുന്നു എന്നത് ഞങ്ങള്‍ക്ക് വിഷയമല്ല, ഇതൊരു ഒറ്റ പ്രതിഷേധമാണ്. സമാന്തര പ്രതിഷേധങ്ങളൊന്നുമില്ലന്നും രാഹുല്‍ പറഞ്ഞു.

ഇത് ഭരണഘടനയെ രക്ഷിക്കാനുള്ള പോരാട്ടമാണ്. തങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റപ്പെടുന്നത് വരെ യുവാക്കള്‍ പിന്നോട്ട് പോകില്ല. ഭരണഘടനയെ സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്ന കോടിക്കണക്കിന് യുവാക്കളുണ്ട്. ഇത് ജനങ്ങളുടെ ശബ്ദമാണ്. പോലീസ് നിയന്ത്രണങ്ങള്‍ക്കിടയിലും പ്രക്ഷോഭം തുടരുമെന്ന് കൂട്ടിച്ചേര്‍ത്തു. ഈ പോരാട്ടം മാസങ്ങളോ വര്‍ഷങ്ങളോ നീണ്ടുനിന്നേക്കാം. എങ്കിലും പ്രതിപക്ഷം പിന്മാറില്ല. പ്രതിഷേധിക്കുന്നവര്‍ ക്ഷമയോടെയും സ്ഥിരോത്സാഹത്തോടെയും നിലകൊള്ളാന്‍ ആഹ്വാനം ചെയ്തു.

‘സുപ്രീം കോടതിയിലേക്കുള്ള മാര്‍ച്ചില്‍ പങ്കെടുക്കുന്ന പ്രതിഷേധക്കാര്‍ക്ക് ജനങ്ങള്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കണം. എന്തെങ്കിലും കാരണത്താല്‍ നിങ്ങള്‍ക്ക് നേരിട്ട് വരാന്‍ കഴിയുന്നില്ലെങ്കില്‍ പോലും, ഞങ്ങള്‍ സുപ്രീം കോടതിയിലേക്ക് പോകുമ്പോള്‍ ഞങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുക. നിങ്ങള്‍ ഭരണഘടനയ്ക്കൊപ്പമാണെന്ന് തെളിയിക്കുക. നിലവില്‍ നടക്കുന്ന കാര്യങ്ങള്‍ക്കെതിരാണെന്ന് നിങ്ങള്‍ രാജ്യത്തോട് പറയണം. അടച്ചിട്ട മുറിയിലാണെങ്കില്‍ പോലും, ഭരണഘടനയെ സംരക്ഷിക്കുമെന്ന് ഉറക്കെ പറയുക.’ രാഹുല്‍ പറഞ്ഞു.

Content Highlight: Rahul Gandhi Press Meet Ahead of Chalo Delhi Marvh Demanding Resignation of Gyanesh

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

We use cookies to give you the best possible experience. Learn more