| Monday, 6th October 2025, 2:22 pm

ഇന്ത്യയിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ - ആരോഗ്യ സംവിധാനമുള്ള സംസ്ഥാനം; കേരളത്തെ പുകഴ്ത്തി രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബൊഗോട്ട: രാഷ്ട്രീയപരമായി ഏറ്റവും ഫലപ്രദവും ഉത്പാദനക്ഷമവുമായ ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളമെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കേരളത്തില്‍ അങ്ങേയറ്റം വികേന്ദ്രീകൃതമായ ഒരു രാഷ്ട്രീയ സംവിധാനമുണ്ടെന്നും അവിടെ മികച്ച വിദ്യാഭ്യാസ – ആരോഗ്യ സംവിധാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൊളംബിയയിലെ ഇ.ഐ. എ സര്‍വകലാശാലയില്‍ ഒക്ടോബര്‍ രണ്ടിന് നടന്ന ഒരു പരിപാടിയില്‍ സംസാരിക്കവേയായിരുന്നു അദ്ദേഹം കേരളത്തെ പുകഴ്ത്തിയത്. വികേന്ദ്രീകരണം ഇന്ത്യയ്ക്ക് ഗുണകരമാണോയെന്ന് പരിപാടിയുടെ അവതാരകന്‍ ചോദിച്ചപ്പോഴായാണ് രാഹുല്‍ ഗാന്ധി കേരളത്തെ കുറിച്ച് സംസാരിച്ചത്.

‘ചില സ്ഥലങ്ങളില്‍ വികേന്ദ്രീകരണം ഗുണകരമാണ്.എന്നാലത് ഒരു മാന്ത്രിക വടിയല്ല. ഇന്ത്യയില്‍ ഫലപ്രദമായി വികേന്ദ്രീകരണം നടന്ന സ്ഥലങ്ങളുണ്ട്. അതിന് ഒരു ഉദാഹരണമാണ് ഞങ്ങളുടെ രാഷ്ട്രീയപരമായും ഉല്‍പ്പാദനക്ഷമവും ഫലപ്രദവുമായ സംസ്ഥാനങ്ങളിലൊന്നായ കേരളം.

അവിടെ ഞങ്ങള്‍ക്ക് അങ്ങേയറ്റം വികേന്ദ്രീകൃതമായ ഒരു രാഷ്ട്രീയ സംവിധാനമുണ്ട്. അവര്‍ക്ക് വളരെ മികച്ച ആരോഗ്യ – വിദ്യാഭ്യാസ സംവിധാനവുമുണ്ട്. അത് കഴിഞ്ഞ 40 – 45 വര്‍ഷമായി പടുത്തുയര്‍ത്തിയതാണ്,’ രാഹുല്‍ ഗാന്ധി പറഞ്ഞു.

ഇതിന്റെ വീഡിയോകള്‍ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

അതേസമയം, ഇന്ത്യയിലെ ജനാധിപത്യ സംവിധാനത്തെ കുറിച്ചും സംസാരിച്ചു. ഇന്ത്യയ്ക്ക് എഞ്ചിനീറിങ്ങിലും ആരോഗ്യ മേഖലയിലും ശക്തമായ കഴിവുകളുണ്ടെന്നും അതിനാല്‍ ഇന്ത്യയില്‍ എനിക്ക് ശുഭാപ്തി വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍, ഇന്ത്യയുടെ സംവിധാനത്തില്‍ തിരുത്തേണ്ട പോരായ്മകളുണ്ട്. ജനാധിപത്യത്തിന് നേരെ നടക്കുന്ന ആക്രമണങ്ങളാണ് ഏറ്റവും വലിയ വെല്ലുവിളിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതില്‍ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ബി.ജെ.പി ഉയര്‍ത്തുന്നത്. രാഹുല്‍ ഗാന്ധി ഇന്ത്യയെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ നിരന്തരം നടത്തുകയെന്നാണ് വിമര്‍ശനം. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ഇത്തരത്തിലുള്ള അദ്ദേഹത്തിനെ നിരന്തര പ്രസ്താവനകളില്‍ തങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും കേന്ദ്രമന്ത്രി കിരണ്‍ റിജിജു പറഞ്ഞു.

Content Highlight: Rahul Gandhi praises Kerala as one of the most productive and effective state in India

We use cookies to give you the best possible experience. Learn more