ഒരു ചരിത്ര കഥയാണ്. പണ്ട് എന്ന് വച്ചാല്‍ ഏതാണ് ഒരു പതിറ്റാണ്ടിന് മുന്‍പത്തെ കാലം. രാജ്യത്തെ, മതങ്ങളിലുടെ വിഭജിച്ച് ഭരിക്കണം എന്ന് കരുതാതിരുന്ന ഒരു രാഷ്ട്രീയപ്പാര്‍ട്ടിയും നേതാവും, മനുഷ്യരെ വിഭജിച്ച് മാത്രം ശീലമുള്ള ഒരു പാര്‍ട്ടിയുമായി തെരഞ്ഞെടുപ്പ് ഗോദയില്‍ ഏറ്റു മുട്ടി.
അയാള്‍ തോറ്റു പോയി. രാജധര്‍മ്മം പാലിക്കാന്‍ സാക്ഷാല്‍ എ.ബി വാജ്‌പേയി പറഞ്ഞിട്ടും വഴങ്ങാതിരുന്ന, ജയിച്ച നേതാവ്, ഹിന്ദുത്വ തീവ്രവാദി നരേന്ദ്ര മോദി പ്രധാനമന്ത്രിയായി.
നൂറുകണക്കിന് നിരപരാധികളെ ഗുജറാത്ത് കലാപത്തില്‍ കൊന്നൊടുക്കിയതിന് മോദി നേതൃത്വം നല്‍കിയത് പോലെ എടുത്തു കാട്ടാന്‍ മറുവശത്ത് നിന്നയാള്‍ക്ക് ‘വീര പ്രവൃത്തികള്‍’ ഒന്നുമുണ്ടായിരുന്നില്ല.
രാജ്യം കാലമേറെ പിന്നിലേക്ക് പോയി. തോല്‍ക്കുന്നതിന് മുന്‍പ് തന്നെ അവര്‍ അയാള്‍ക്കൊരു പേര് നല്‍കിയിരുന്നു; പപ്പു. തോറ്റത് അയാള്‍ മാത്രമായിരുന്നില്ല, മതേതര ഇന്ത്യയുടെ മനസ്സ് കൂടിയായിരുന്നുവെന്ന് മനസ്സിലാകാന്‍ ഏറെ നാളൊന്നും വേണ്ടി വന്നില്ല.
കഥയിലെ തോറ്റു പോയ മനുഷ്യനായ നേതാവിന്റെ പേര്, രാഹുല്‍ ഗാന്ധി, പാര്‍ട്ടി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ്. എങ്ങനെയാണ് പ്രസക്തമായ കാര്യങ്ങള്‍ ഉന്നയിക്കുന്നഒരു രാഷ്ട്രീയ നേതാവിനെ തോല്‍പ്പിക്കാനാവുക?
വലിയ വലിയ കാര്യങ്ങളൊന്നും ചെയ്യേണ്ട, അയാളെ ഒരു ക്ലൗണ്‍, ഒരു കോമാളിയാക്കിമാറ്റിയാല്‍ മതി എന്നതാണ് രാജ്യത്തെ ഫാസിസ്സ് ഹിന്ദുത്വ പാര്‍ട്ടി അവരുടെ ചെയ്തികളിലൂടെ നല്‍കുന്ന ഉത്തരം.
പക്ഷെ ഇപ്പറഞ്ഞതൊരു കടം കൊണ്ട ഉത്തരമാണ്. ആശയം കടമെടുത്തത് മറ്റെവിടെനിന്നുമല്ല നാസിസത്തിന്റെ പ്രൊപ്പോഗാണ്ട മന്ത്രിയായിരുന്ന ജോസഫ് ഗീബല്‍സില്‍ നിന്നായിരുന്നു.
ക്ലൗണ്‍ എന്ന വാക്കിന്റെ വേരുകള്‍ തേടിപ്പോയാല്‍, ഗ്രാമീണനെന്നും കര്‍ഷകനെന്നുമുള്ള അര്‍ത്ഥങ്ങളെ നമുക്ക് കണ്ട് മുട്ടാനാകും. കോമഡി വാക്കാവട്ടെ, ആഹ്ലാദമുളവാക്കുക എന്നര്‍ത്ഥം വരുന്ന കോമോസ് എന്ന ഗ്രീക്ക് പദവുമായി ബന്ധപ്പെട്ടിരിക്കുന്നു. സാധാരണക്കാരന്റെ ജീവിതം എന്നും ഫാസിസ്റ്റുകള്‍ക്ക് കോമാളിത്തം തന്നെയായിരുന്നു.
രണ്ട് തലങ്ങളുള്ള ഒരു നറേറ്റീവാണ് ബി.ജെ.പി ഉണ്ടാക്കിയെടുത്തത്. പൊളിറ്റിക്കല്‍ സ്ട്രാറ്റജിസ്റ്റ്, പ്രശാന്ത് കിഷോറിന്റെ നേതൃത്വത്തിലുള്ള അസോസിയേഷന്‍ ഓഫ് സിറ്റിസണ്‍സ് ഫോര്‍ അക്കൗണ്ടബിള്‍ ഗവേണന്‍സ് എന്ന സ്ഥാപനമാണ് 2014 തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയെന്ന, ഒരു കാലത്ത് വംശഹത്യകളുടെ പേരില്‍ യു.കെ.യും, യു.എസ്സുമടക്കം വിസ നിഷേധിച്ചിരുന്ന ഒരു വര്‍ഗീയ വാദിയെ ബ്രാന്‍ഡ് ചെയ്ത്, ജനങ്ങള്‍ക്ക് അഭിമതനാകുന്ന രീതിയില്‍ അവതരിപ്പിച്ചത്.
രാഹുല്‍ ഗാന്ധി
അതോടൊപ്പം എതിര്‍ പക്ഷത്തെ നേതാവായ രാഹുല്‍ ഗാന്ധിയെ ‘പപ്പു’ എന്ന വിളിയിലുടെ ഒരു കോമാളിയാക്കി ചിത്രീകരിക്കുകയും ചെയ്യുക എന്നതായിരുന്നു സട്രാറ്റജി.
കോണ്‍ഗ്രസ്സിലെയും പ്രതിപക്ഷപാര്‍ട്ടികളിലേയും ചിലര്‍ പോലും അവരറിയാതെ ഈ സ്ട്രാറ്റജിയുടെ ഭാഗമായി മാറിയതോടെ ബി.ജെ.പിക്ക് കാര്യങ്ങള്‍ എളുപ്പമായി.
ഇന്ത്യയെന്ന ഒരു പാട്രിയാര്‍ക്കല്‍ സമൂഹത്തില്‍, നടക്കുന്ന തെരഞ്ഞെടുപ്പില്‍,ഒരു ഭാഗത്ത് 56 ഇഞ്ച് നെഞ്ചളവുള്ള ഒരാളും മറുവശത്ത് ഒട്ടും സോ കോള്‍ഡ് മാസ്‌കുലിനിറ്റിയില്ലാത്ത ഒരു ക്ലൗണുമായാണ് മത്സരം എന്നാരു പ്രതീതി ഉണ്ടാക്കിയാല്‍ ജയിക്കാനാകും എന്ന തന്ത്രം വിജയിക്കുന്ന കാഴ്ചയാണ് 2014 ല്‍ രാജ്യം കണ്ടത്. ഒരു പാട്രിയാര്‍ക്കല്‍ സമൂഹത്തില്‍ ഇത് താരതമ്യേന എളുപ്പമുള്ള കാര്യമായിരുന്നു.
എതിരാളിയെ വിഡ്ഢിയായും മറുഭാഗത്ത് നില്‍ക്കുന്നയാളെ നീത്‌ഷേയൊക്കെ പറയുന്നത് പോലെയൊരു അതീത മനുഷ്യന്‍ അഥവാ ഒരു സൂപ്പര്‍മാനായും ചിത്രീകരിക്കുക.
രാജ്യത്തെ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം ജൂതന്‍മാരാണ്, അവര്‍ ആര്യന്‍മാരുടെ വംശശുദ്ധിയെ കളങ്കപ്പെടുത്തുന്നു എന്നൊരു നരേറ്റീവ് ഉണ്ടാക്കിയെടുക്കുകയും, ഇതില്‍ നിന്ന് ജര്‍മ്മനിയെ രക്ഷിക്കാന്‍, ആര്യന്‍ വംശശുദ്ധി നിലനിര്‍ത്താനും സംസ്‌കാരത്തെ സംരക്ഷിക്കാനും നിയുക്തനായ, സൂപ്പര്‍മാനായ വ്യക്തിയാണ് താന്‍ എന്ന് ജനങ്ങളെ വിശ്വസിപ്പിക്കാന്‍ പ്രചരണ തന്ത്രങ്ങളില്‍ക്കൂടി ഹിറ്റ്ലര്‍ക്ക് സാധിച്ചിരുന്നു.
ഒന്നാലോചിച്ച് നോക്കൂ, കൃത്യമായി ഇതേ കാര്യമല്ലേ നരേന്ദ്രമോദിയും ഹിന്ദുത്വയും ഇന്ത്യയില്‍ ചെയ്യുന്നത്? മുസ്‌ലിങ്ങളാണ് ഇന്ത്യയിലെ എല്ലാ കുഴപ്പങ്ങള്‍ക്കും കാരണമെന്ന നരേറ്റീവ് ഉണ്ടാക്കിയെടുത്താണ് ഹിന്ദുത്വ ഇന്ത്യയില്‍ വളര്‍ന്നു വന്നത്.
നരേന്ദ്ര മോദി
ഹിന്ദുത്വയുടെ പ്രത്യയശാസ്ത്രമനുസരിച്ച്, രാജ്യത്തിന്റെ ആന്തരിക ഭീഷണികളില്‍ ഒന്നാമതായ മുസ്‌ലിങ്ങളുടെവംശഹത്യയിലുടെ മോദി ഗുജറാത്തിലും വര്‍ഗ്ഗീയ പാര്‍ട്ടിക്കുള്ളിലും അജയ്യനായി.’രാജധര്‍മ്മം’പാലിക്കണമെന്ന എ.ബി വാജ്‌പേയിയുടെ വാക്കുകള്‍ക്ക് പോലും മോദി വില നല്‍കിയില്ല.
2007ല്‍ ദല്‍ഹിയില്‍ നടന്ന കോണ്‍ഗ്രസ്സിന്റെ പ്ലീനറി സെഷനിലാണ് കോണ്‍ഗ്രസ്സ് രാഹുല്‍ ഗാന്ധിയെ ഔദ്യോഗികമായി, ഒരു നേതാവെന്ന രീതിയില്‍ ഉയര്‍ത്തിക്കാട്ടിയത്.
അന്നത്തെ രാഹുലിന്റെ പ്രസംഗം പ്രവര്‍ത്തകരെ നിരാശപ്പെടുത്തുകയും ചെയ്തു. ആരാണ് ദരിദ്രന്‍? പണക്കാരനാകാനുള്ള അവസരം നിഷേധിക്കപ്പെട്ടവനാണ് ദരിദ്രന്‍ എന്നര്‍ത്ഥം വരുന്നതായിരുന്നു ആ പ്രസംഗം.
പാര്‍ട്ടിക്കുള്ളില്‍ രാഹുല്‍ ഗാന്ധിയോട് എതിര്‍പ്പുകളുയര്‍ന്നു വന്നു. പാര്‍ട്ടിയുടെ സ്ട്രാറ്റജിസ്റ്റ് എന്ന് തന്നെ പറയാമായിരുന്ന, 2003 ല്‍ യു.പി.എ സഖ്യത്തിലൂടെ കോണ്‍ഗ്രസ്സിനെ അധികാരത്തിലേക്ക് തിരികെ കൊണ്ട് വരുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച, അഹമ്മദ് പട്ടേല്‍ അപ്രസക്തനാക്കപ്പെട്ടു.
പകരം നിയോ ലിബറല്‍ വക്താവായിരുന്ന സാം പിട്രോഡയെപ്പോലെയുള്ളവര്‍ രാഹുല്‍ ഗാന്ധിയുടെ ഒപ്പം നിന്ന് അജണ്ടകള്‍ തീരുമാനിക്കുന്നതിലേക്ക് കാര്യങ്ങള്‍ മാറി.
ജനകീയ അടിത്തറയില്ലാതിരുന്ന പിട്രോടായെപ്പോലെയുള്ളവര്‍ സ്ട്രാറ്റജിസ്റ്റ് സ്ഥാനത്തേക്ക് എത്തിയത് യഥാര്‍ത്ഥത്തില്‍ ഗുണം ചെയ്തത് ബി.ജെ.പിക്കായിരുന്നു.
ഫാസിസം പലപ്പോളും നിലവിലുള്ള ചിഹ്നങ്ങളേയും, സൂചകങ്ങളെയും ഇമേജുകളെയും സമര്‍ത്ഥമായി ഉപയോഗിച്ച് കൊണ്ടാണ് വളരുക. ഇവിടെ പപ്പു എന്നൊരു ഇമേജിനെ നോക്കുക.
ഹിന്ദിയില്‍ നിഷ്‌കളങ്കനായ കുട്ടിയെന്ന് വാത്സല്യത്തോടെയും, എന്നാല്‍ മിടുക്കില്ലാത്ത, കഴിവുകെട്ടവന്‍ എന്ന അര്‍ത്ഥത്തില്‍ അവജ്ഞയോടെയും, ഉപയോഗിക്കാന്‍ കഴിയുന്ന വാക്കാണ് പപ്പു.
ഇതൊരിക്കലും 2013 ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് പൊട്ടി വീണയൊരു വാക്കല്ല. 2006 ല്‍ കാഡ്ബറീസിന്റെയൊരു പരസ്യത്തിലാണ് പപ്പു എന്ന കഥാപാത്രം ആദ്യമായി വിഷ്വലൈസ് ചെയ്യപ്പെടുന്നത്.
മധ്യവയസ്‌കനായ പപ്പു എന്ന വ്യക്തി, നിരവധി ശ്രമങ്ങള്‍ക്ക് ശേഷം സ്‌കൂള്‍ പരീക്ഷ പാസാവുകയും നാട്ടിലാകെ കാഡ്ബറി ചോക്ലേറ്റുകള്‍ വിതരണം ചെയ്തുകൊണ്ട് വിജയമാഘോഷിക്കുകയും ചെയ്യുന്നതായിരുന്നു പരസ്യം.
2007 ഏപ്രിലില്‍ ഔര്‍ പപ്പു പാസ് ഹോ ഗയാ എന്നൊരു ബോളിവുഡ് സിനിമയിറങ്ങി. ഒളിച്ചോടി വന്നു, രാജകുമാരനായി അഭിനയിച്ചു നടക്കുന്ന ഒരാളുടെ കഥ പറയുന്ന ചിത്രമായിരുന്നത്.
2008 ല്‍ ‘പപ്പു കാണ്ട് ഡാന്‍സ് സാല’ എന്ന ഹിറ്റ് ഗാനം പുറത്തു വന്നു. 2008 ദല്‍ഹി ഇലക്ഷനില്‍, ദല്‍ഹി ഇലക്ഷന്‍ കമ്മീഷന്‍ പപ്പു കാന്റ് വോട്ട് എന്നൊരു ക്യാമ്പയിന്‍ പുറത്തിറക്കി.
ഇതേ ക്യാമ്പയിന്‍ തന്നെ 2009 ലോക്‌സഭാ ഇലക്ഷണിലും കമ്മീഷന്‍ ഉപയോഗിച്ചു. പപ്പു എന്നത് വിഡ്ഢി എന്നതിന് സമാനമായൊരു പദമായി സര്‍ക്കാര്‍ സംവിധാനങ്ങളില്‍ വരെയെത്തി. ബി.ജെ.പി സ്ട്രാട്ടജിസ്റ്റുകളും ഐ.ടി സെല്ലും രാഹുല്‍ ഗാന്ധിയെ പപ്പു ഇമേജിലേക്കു കൊണ്ടുവരുന്നതിനുള്ള ജോലികള്‍ 2014 ഇലക്ഷന് വളരെ മുന്‍പേ തന്നെ തുടങ്ങിയിരുന്നു.
അമിത് ഷാ
2013ല്‍ അമിത് ഷാ, ബി.ജെ.പി ക്യാമ്പില്‍ നിന്ന് ആദ്യമായി രാഹുല്‍ ഗാന്ധിയെ പപ്പു എന്ന് അഭിസംബോധന ചെയ്തു സംസാരിച്ചു. ബി.ജെ.പി നേതൃത്വം കൊടുത്ത, രാഹുല്‍ ഗാന്ധിക്കെതിരായ പപ്പു വല്‍ക്കരണവും, 2014 ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ വലിയ വിജയത്തിന്റെ പ്രധാന കാരണങ്ങളിലൊന്നായിരുന്നു.
തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷം, മധ്യപ്രദേശില്‍ നിന്നുള്ള മുന്‍ കോണ്‍ഗ്രസ് എം.പി ഗുഫ്രാന്‍ അസം,രാഹുല്‍ ഗാന്ധി നേതാവെന്ന നിലയില്‍ പരാജയപ്പെട്ടുവെന്നും, ജനങ്ങള്‍ അദ്ദേഹത്തെ പപ്പു എന്നും മുന്നയെന്നും വിളിക്കുന്നത് കേട്ട് മടുത്തുവെന്നും ചൂണ്ടിക്കാണിച്ചു സോണിയ ഗാന്ധിക്ക് കത്തെഴുതി.
പതിയെ, എതിര്‍പക്ഷത്തെ പ്രധാന നേതാവിനെ ഒരു കോമാളി പരിവേഷത്തിലേക്ക് മാറ്റിയെടുക്കുന്നതില്‍ ഹിന്ദുത്വ വിജയിച്ചു. ജര്‍മനിയില്‍ ഗീബല്‍സ്, പ്രതിയോഗികളെ തകര്‍ക്കാന്‍ ഉപയോഗിച്ച മാര്‍ഗങ്ങളിലൊന്നായിരുന്നു കോമാളിവല്‍ക്കരണം.
നാസികള്‍ ജൂതന്മാരോട് പെരുമാറിയ അതേ രീതിയില്‍ ഹിന്ദുക്കള്‍ രാജ്യത്തെ ന്യൂനപക്ഷങ്ങളോട് പെരുമാറണമെന്നായിരുന്നു ഹിന്ദുത്വ പ്രത്യയശാസ്ത്രജ്ഞനായ ഗോള്‍വാള്‍ക്കാര്‍ വാദിച്ചിരുന്നതെന്നോര്‍ക്കുക. കോമാളിവല്‍ക്കരണം ഭരണത്തിലേക്കെത്താന്‍ അവര്‍ പ്രയോഗിച്ച സ്ട്രാട്ടജിയിലെ ഒരു തലം മാത്രമായിരുന്നു.
ഒരു വിഭാഗത്തോടുള്ള വെറുപ്പ് ഉത്പാദിപ്പിക്കുകയും, അതില്‍ നിന്നുള്ള രക്ഷകനായി, ഒരു സൂപ്പര്‍മാനായി ഒരു നേതാവിനെ പ്രതിഷ്ഠിക്കുകയുമാണ് ഫാസിസത്തിന്റെ രീതി.
ജര്‍മ്മനിയില്‍ ആ വെറുപ്പ് ജൂതന്മാരോടായിരുന്നുവെങ്കില്‍ ഇന്ത്യയില്‍ ഹിന്ദുത്വ ആ വെറുപ്പിന്റെ രാഷ്ട്രീയം ഉപയോഗിച്ചത് മുസ്‌ലീങ്ങള്‍ക്കെതിരെയായിരുന്നു.
ജര്‍മ്മനി ഉണരട്ടെ, ജൂതന്മാര്‍ നശിക്കട്ടെ, ജര്‍മ്മനി ജര്‍മന്‍കാരുടെ കൈയ്യില്‍ എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങളായിരുന്നു ഗീബല്‍സ് ഉയര്‍ത്തിയത്.
ഗീബല്‍സ്
മുതലാളിത്തത്തിനും, ബോള്‍ഷെവിസത്തിനും ബദലായാണ് അവര്‍ നാസിസത്തെ പ്രതിഷ്ടിച്ചത്. കമ്മ്യുണിസ്റ്റുകളെ അങ്ങോട്ട് ആക്രമിച്ചതിന് ശേഷം അവരെ ആക്രമികളായി ചിത്രീകരിക്കുക എന്നത് ജര്‍മനിയില്‍ നാസികള്‍ ചെയ്തു വിജയിച്ച മാതൃകയാണ്.
ഇന്ത്യയില്‍, രാജ്യത്തെ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം മുസ്‌ലിങ്ങളാണെന്നും, അവര്‍ വിദേശീയരാണെന്നും പറഞ്ഞു വെറുപ്പ് വിതച്ചത് പുറത്തു നിന്ന് വന്നു അധിപത്യം സ്ഥാപിച്ച ആര്യന്‍ മതബോധത്തില്‍ അതിഷ്ഠിധിതമായ ഹിന്ദുത്വയാണെന്നുള്ളതായിരുന്നു വൈരുധ്യം.
രാജ്യത്തെ നയിക്കാനുള്ള അധികാരത്തിലേക്കാദ്യമായി വന്ന വഴിയില്‍ ബി.ജെ.പിക്ക് ഏറ്റവുമധികം ഗുണം ചെയ്തത് രാമാനന്ദ സാഗറിന്റെ രാമായണമായിരുന്നു.
ടെലിവിഷന്റെ, ടെക്‌നോളജിയുടെ കടന്നു വരവിനെപ്പോലും സംഘപരിവാര്‍ അവര്‍ക്കനുകൂലമാക്കിത്തീര്‍ക്കുകയായിരുന്നു. രാമന്‍ എന്ന ബിംബം ടെലിവിഷനുകളിലൂടെ വീടുകളിലേക്കെത്തി.
ഹിന്ദുത്വയുടെ അധികാരത്തിലേക്കുള്ള വളര്‍ച്ചയുടെ ആദ്യ ഘട്ടത്തില്‍ തന്നെ, മതേതര രാജ്യത്തിന്റെ നെഞ്ചിലൂടെ വര്‍ഗ്ഗീയതയുടെ തേരോടിച്ച എല്‍.കെ ആദ്വാനിയുടെ നേതൃത്വത്തില്‍ അവര്‍ രാജ്യത്തെ മുസ്‌ലിങ്ങളുടെ വിശ്വാസത്തിന്റെ പ്രതീകമായ ബാബറി മസ്ജിദ് തകര്‍ത്തു.
ഭയം വിതച്ചാണ് സംഘപരിവാര്‍ ശക്തരായത്. ഒരേ സമയം മുസ്‌ലിങ്ങള്‍ രാഷ്ട്രത്തിനാപത്ത് എന്ന ഭയം ഹിന്ദുക്കളില്‍ ഉണ്ടാക്കി വെയ്ക്കുകയും അതേ സമയം തന്നെ രാജ്യത്തെ മുസ്‌ലിങ്ങളുടെ പ്രധാന ആരാധനാലയങ്ങളിലൊന്നായ ബാബറി മസ്ജിദ് തകര്‍ത്തതിലൂടെ, മുസ്‌ലീം വിഭാഗത്തെയും ഭയത്തിലേക്കും അരക്ഷിതാവസ്ഥയിലേക്കും തള്ളി വിടുകയും ചെയ്യുക എന്നതായിരുന്നു ഹിന്ദുത്വയുടെ രീതി.
ഗുജറാത്ത് കലാപം
കലാപങ്ങളിലൂടെ തന്നെയാണ് ജര്‍മ്മനിയില്‍ നാസികള്‍ വളര്‍ന്നത്. 1933 ല്‍ നിയമസഭാമന്ദിരമായ റെയ്സ്റ്റാഗിന്നാസികള്‍ തീവച്ചു.വിമതനായ ഒരു കമ്യൂണിസ്റ്റിനെയാണ് നാസികള്‍ ഇതിനുപയോഗിച്ചത്.
ഇതിന്റെ കുറ്റം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ കെട്ടി വയ്ക്കുകയും രാജ്യത്താകമാനം കമ്മ്യൂണിസ്റ്റുകാരെ വേട്ടയാടുകയും ചെയ്തു. സര്‍ക്കാര്‍ ഒത്താശയോടെ നാസികള്‍ കമ്മൂണിസ്റ്റുകാരെ തെരുവില്‍ കൊന്നു വീഴ്ത്തി.
ഗോധ്ര സംഭവത്തിന് ശേഷം നരേന്ദ്ര മോദി നയിച്ച ഗുജറാത്ത് സര്‍ക്കാരിന്റെ ഒത്താശയോടെ നടന്ന മുസ്‌ലിം വംശഹത്യയോട് സമാനമായ സംഭവമായിരുന്നു അത്. ജൂതന്‍മാരെല്ലാം കമ്മ്യൂണിസ്റ്റുകളാണെന്നായിരുന്നു പ്രചരണം.
പിന്നീട് 1938ല്‍ കൃത്യമായ വംശഹത്യയാണ് നടന്നത്. 1938 നവംബറില്‍, പാരീസിലെ ജര്‍മ്മന്‍ സ്ഥാനപതി മന്ദിരത്തിലെ സെക്രട്ടറി ഏണസ്റ്റ് വോണ്‍റാത്തിനെ, ഏഴ് വയസ്സുള്ള ഹെര്‍ഷല്‍ ഗ്രിസ് പാന്‍ എന്ന ജൂതബാലന്‍ വെടിവച്ചു കൊന്നു.
ജൂതന്‍മാരെ ഇല്ലായ്മ ചെയ്യാന്‍ എന്തും ചെയ്യാനുമുള്ള അനുവാദം ഹിറ്റ്‌ലര്‍ നല്‍കി. ഗോധ്രയ്ക്ക് ശേഷം, ഹിന്ദുങ്ങളെ അവരുടെ രോഷം പ്രകടിപ്പിക്കാനനുവദിക്കണം എന്ന്നരേന്ദ്രമോദിയുടെ കുപ്രസിദ്ധമായ പ്രസ്താവനയെ ഇതോര്‍മ്മിപ്പിക്കുന്നു.
ജര്‍മനിയില്‍ ജൂതപ്പള്ളികള്‍ തകര്‍ക്കപ്പെട്ടു, ആയിരക്കണക്കിന് ജൂതര്‍ കൊല്ലപ്പെട്ടു. പതിനായിരക്കണക്കിനാളുകളെ കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളിലടച്ചു.
ജനങ്ങള്‍ ജൂതന്‍മാര്‍ക്കെതിരെ രോഷം പ്രകടിപ്പിച്ചു എന്നാണ് ഗീബല്‍സ് ഇതേക്കുറിച്ച് പറഞ്ഞത്. ഇത്നമ്മയോര്‍മ്മിപ്പിക്കുന്നത് സ്വാമി ലക്ഷമണാനന്ദയുടെ മരണം അവസരമാക്കിയെടുത്ത് ഹിന്ദുത്വ നടത്തിയ ക്രിസ്ത്യന്‍ വേട്ടയേയും ഒറീസ്സയിലെ കാന്ധമാലില്‍ നടന്ന വംശഹത്യയെയായിരുന്നു.
ഹിന്ദുക്കളെ അവരുടെ രോഷം പ്രകടിപ്പിക്കാന്‍ അനുവദിക്കണമെന്ന് പറഞ്ഞപ്പോള്‍ മോദി, ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തേയും അവസാനത്തേതുമായ സ്റ്റേറ്റ് സ്‌പോണ്‍സേര്‍ഡ് എന്ന് പറയാവുന്ന, ഒരു മുഖ്യമന്ത്രി നേരിട്ട് നേതൃത്വം കൊടുത്ത വംശഹത്യയായിരുന്നു ഗുജറാത്തിലേത്.
ശക്തനായ ഭരണാധികാരിയാണ് രാജ്യത്തിനാവശ്യം എന്നതായിരുന്നു ഇരു രാജ്യത്തിലും ഫാസിസ്റ്റ് മുദ്രാവാക്യം. പത്രങ്ങളും മാധ്യമങ്ങളുമെല്ലാം ദേശീയതയുടെ പ്രചാരണോപാധികളായാണ് ഗീബല്‍സ് കണ്ടിരുന്നത്.
ഇന്ത്യയുടെ കാര്യത്തിലേക്ക് വന്നാല്‍, ബി.ജെ.പി അനുകൂല നിലപാടുകളെടുക്കുന്ന പയിനിയര്‍ എന്ന പത്രത്തിലൂടെ ഗോപീകൃഷണന്‍ ചെയ്ത 2ജി സ്‌പെക്ട്രം അഴിമതി വാര്‍ത്ത യു.പി.എയുടെ പതനത്തിന് ആക്കം കൂട്ടി.
അണ്ണ ഹസാരെ
അണ്ണാ ഹസാരെയെന്ന കപടദേശസ്‌നേഹി ‘ അഴിമതി ‘ ക്കെതിരെ പട നയിക്കാനിറങ്ങി. അതും ഹിന്ദുത്വയുടെ പ്രചരണമായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞു.
നവനാസിസത്തിന്റെ പ്രധാന സവിശേഷത, നമുക്ക് തിരിച്ചറിയാന്‍ പോലും സാധിക്കാത്ത രീതിയില്‍ അനേകമനേകം പൊയ്മുഖങ്ങളിലൂടെയാണ് അവര്‍ പോര്‍മുഖം തുറക്കുക എന്നതാണ്.
2025 ഓഗസ്റ്റില്‍ വോട്ടര്‍ പട്ടികയില്‍ വ്യാപകമായ ക്രമക്കേട് നടത്തിയാണ് ബി.ജെ.പി അധികാരത്തില്‍ വന്നതെന്ന്,കര്‍ണാടകയിലെ മഹാദേവപുര മണ്ഡലത്തിലെ ഇലക്ടറല്‍ പട്ടികയില്‍ നിന്ന് തെളിവുകളെടുത്ത് വച്ച് രാഹുല്‍ ഗാന്ധി സ്ഥാപിച്ചു.
അപ്പോള്‍ രാജ്യത്തെ ഇലക്ഷന്‍ കമ്മീഷന്‍ തന്നെ ബി.ജെ.പിക്ക് വേണ്ടി പ്രതിരോധം തീര്‍ക്കാനിറങ്ങുന്ന കാഴ്ചയും രാജ്യം കണ്ടു. ഒരു രാജ്യം ഒരു വോട്ട് എന്ന ലക്ഷ്യം ഹിന്ദുത്വ മുന്നോട്ട് വയ്ക്കുന്നു.
ഒരൊറ്റ ജനത ഒരൊറ്റ രാഷ്ട്രം ഒരൊറ്റ നേതാവ് എന്നതായിരുന്നു ഹിറ്റ്‌ലറുടേയും മുദ്രാവാക്യം. ജര്‍മ്മനിയില്‍ അധികാരത്തിലെത്തിയതിന് ശേഷം, ഹിറ്റ്‌ലര്‍ മറ്റ് പാര്‍ട്ടികളെ നിരോധിക്കുകയും തെരഞ്ഞെടുപ്പുകള്‍ ഒഴിവാക്കുകയും ചെയ്തു. അങ്ങനെ എതിര്‍ ശബ്ദങ്ങള്‍ ഇല്ലാതെയാക്കി. നവനാസിസം കുറിച്ച് കൂടി തന്ത്രപരമായി കാര്യങ്ങള്‍ നീക്കുന്നു. ഇന്ന് 130ാമത് ഭേദഗതി ബില്ലിലൂടെ ബി.ജെ.പി ശ്രമിക്കുന്നതും ജനാധിപത്യത്തെ അട്ടിമറിക്കുക എന്നതാണ്.
ഒരു രാജ്യം ഒരു വോട്ട് എന്ന എന്നത് നടപ്പിലായാല്‍ വോട്ട് ചോരി കുറച്ചു കൂടി എളുപ്പത്തില്‍ നടത്താനാകുമെന്ന് ധ്രുവ് റാത്തിയും ചൂണ്ടിക്കാണിക്കുന്നു.
പ്രൊപ്പഗണ്ടകളിലൂടെനേതൃത്വത്തിലെത്തിയ സ്വേച്ഛാതിപതികള്‍ക്ക് അനിവാര്യമായ പതനമായിരുന്നു നരേന്ദ്രമോദിയേയും കാത്തിരുന്നത്. രണ്ടാമൂഴത്തില്‍ അമിതാത്മ വിശ്വാസത്തോടെ, 400 ലധികം സീറ്റുകള്‍ ലക്ഷ്യമാക്കിയിറങ്ങിയ ബി.ജെ.പി 303 സീറ്റിലൊതുങ്ങുന്ന കാഴ്ചയാണ് കാണാന്‍ സാധിച്ചത്.
അത് തന്നെയും വോട്ട് ചോരിയിലൂടെ നേടിയതാണെന്നും തെളിഞ്ഞിരിക്കുന്നു. കര്‍ഷക സമരത്തിലടക്കം ജനവികാരം ബി.ജെ.പിക്ക് എതിരായതും ഒടുവില്‍, ജനങ്ങളുടെ, കര്‍ഷകരുടെ ശക്തിക്ക് മുന്നില്‍ നവനാസികള്‍ മുട്ടുമടക്കുന്നതും നമ്മള്‍ കണ്ടു.
പക്ഷെ ഹിന്ദുത്വ,ചതിയിലൂടെ വീണ്ടും അധികാരത്തില്‍ വന്നു, സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി വോട്ട് തട്ടിപ്പിലൂടെ ഒരു കക്ഷി രാജ്യം ഭരിക്കുന്ന അവസ്ഥ! അതേസമയം ബി.ജെ.പി ഐ.ടി സെല്ലുകള്‍ പപ്പുവല്‍ക്കരണത്തിലൂടെ തോല്‍പിച്ചുവെന്ന് കരുതിയ രാഹുല്‍ ഗാന്ധി, സംഘപരിവാര്‍ മതം കൊണ്ട് വെട്ടിക്കീറിയ രാജ്യത്തിന്റെ ഹൃദയഭൂമികയില്‍ ഇറങ്ങി നടന്നു.
ഭാരത് ജോഡോ യാത്ര
കന്യാകുമാരിയില്‍ നിന്ന് ജമ്മു കാശ്മീരിലേക്ക് 150 ദിവസം കൊണ്ട് നാലായിരത്തിലധികം കിലോമീറ്ററുകള്‍ രാഹുല്‍ ഗാന്ധിയെന്ന മനുഷ്യന്‍ നടന്നെത്തിയപ്പോള്‍ ഹിന്ദുത്വ അയാള്‍ക്ക് മുകളില്‍ ചാര്‍ത്തിയ പപ്പുവല്‍ക്കരണത്തിന്റെ ഭാരം അഴിഞ്ഞു വീണു. അയാളെ പ്രതീക്ഷയായി രാജ്യം കണ്ടു തുടങ്ങി.
അതേസമയം മറുഭാഗത്ത് പി.ആര്‍ ഏജന്‍സികള്‍ കാറ്റു നിറച്ചു വീര്‍പ്പിച്ച മോദി എന്ന ബിബം തകര്‍ന്നൊരു കോമാളിയായി മാറി തുടങ്ങിയിരുന്നു. പുല്‍വാമയില്‍, സുരക്ഷാവീഴ്ചയിലൂടെ നാല്‍പതിലധികം ജവാന്‍മാരുടെ ജീവന്‍ നഷ്ടമായപ്പോള്‍ ബാലേക്കോട്ട് ആക്രമണത്തിലൂടെ തിരിച്ചടിച്ചു എന്ന് രാജ്യത്തോട് മോദി പറഞ്ഞ കളവിന്, ഉപഗ്രഹചിത്രങ്ങളടക്കം തെളിവായി നല്‍കിയ റോയിറ്റേഴ്‌സ് വാര്‍ത്ത പുറത്ത് വരുന്നത് വരേയേ ആയുസുണ്ടായിരുന്നുള്ളൂ.
രാജ്യം ലോകത്തിനുമുന്നില്‍ നാണം കെട്ടു.വര്‍ഷങ്ങള്‍ക്കിപ്പുറം പഹല്‍ഗാമിലെ സുരക്ഷാവീഴ്ചയിലൂടെ രാജ്യത്തെ സാധാരണക്കാരായ 26 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ തിരിച്ചടിച്ചെന്ന് വരുത്തിത്തീര്‍ത്ത മോദി കശ്മീരിലെ സാധാരണ മനുഷ്യരെ വീണ്ടും കുരുതി കൊടുത്തു.
പഹല്‍ഗാം
കശ്മീരിലെ പൂഞ്ച് ജില്ലയില്‍ പാക്കിസ്ഥാന്‍ പാകിസ്ഥാന്‍ സൈന്യം നടത്തിയ തീവ്രമായ പീരങ്കി ആക്രമണത്തില്‍ 12 സാധാരണക്കാര്‍ കൊല്ലപ്പെടുകയും 42 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരിച്ചവരില്‍ ഏഴ് മുതല്‍ 14 വയസ്സ് വരെ പ്രായമുള്ള നാല് കുട്ടികളും ഉള്‍പ്പെട്ടിരുന്നു.
മരിച്ചവരില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ നാല് സിഖ് സമുദായത്തിലെ അംഗങ്ങളും ഉള്‍പ്പെടുന്നു. പാകിസ്ഥാന്‍ ഷെല്ലാക്രമണത്തില്‍ ദാറുല്‍ ഉലൂം മദ്രസയിലെ ഒരു മുസ്‌ലീം പുരോഹിതന്‍ ഖാരി മുഹമ്മദ് ഇഖ്ബാലും കൊല്ലപ്പെട്ടു. പൂഞ്ച് പട്ടണത്തിലെ ഗുരുദ്വാര ശ്രീ ഗുരു സിംഗ് സഭയും ക്രൈസ്റ്റ് സ്‌കൂളും പാകിസ്ഥാന്‍ പീരങ്കി വെടിവയ്പ്പില്‍ തകര്‍ന്നു.
അവിടം സന്ദര്‍ശിച്ചില്ലെന്നു മാത്രമല്ല, ഇതേക്കുറിച്ച് ‘വിശ്വഗുരു’ മൗനം പാലിച്ചു. ലോകം മുഴുവന്‍ നടന്ന് സൗഹൃദവും നയതന്ത്ര ബന്ധവും ഉണ്ടാക്കിയെന്ന് നരേന്ദ്രമോദി പറഞ്ഞത് വ്യാജമായിരുന്നുവെന്ന് ഓപ്പറേഷന്‍ സിന്ദൂര്‍ തെളിയിച്ചു.
സ്വമേധയാ ഒരു രാജ്യവും പരസ്യപിന്തുണ പ്രഖ്യാപിച്ചില്ലെന്നതോ പോട്ടെ, വിശദീകരിക്കാന്‍ പ്രത്യേക പ്രതിനിധിസംഘത്തെ അയച്ചിട്ട് പോലും എത്ര രാജ്യങ്ങള്‍ ഇന്ത്യക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ചുവെന്ന് ഓര്‍ക്കുക.
1971 ഇന്‍ഡോ പാക്ക് യുദ്ധ സമയത്ത് യുദ്ധത്തില്‍ നിന്നും പിന്മാറിയില്ലെങ്കില്‍ ( അന്ന്,യു.എസ്.എസ് എന്റര്‍പ്രൈസ് എന്ന വിമാനവാഹിനിക്കപ്പല്‍ ബംഗാള്‍ ഉള്‍ക്കടലിലേക്ക് അയച്ചിരുന്നു) ഏഴാം കപ്പല്‍ പടയെ അയക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് റിച്ചര്‍ഡ് നിക്‌സണ്‍ ഭീഷണിപ്പെടുത്തിയപ്പോള്‍ വന്നത് പോലെ തിരിച്ചു പോവില്ലെന്നു പറയാന്‍ സാധിക്കുന്ന ഒരു പ്രധാന മന്ത്രി ഇന്ത്യയ്ക്കുണ്ടായിരുന്നു. ഇന്ദിരാ ഗാന്ധി!
അമേരിക്ക പിന്തിരിഞ്ഞു. സ്വേച്ഛാധിപത്യ പ്രവണതകള്‍ ഉള്ളപ്പോളും ഇന്ദിരാ ഗാന്ധിയുടെ കാലത്ത് ഇന്ത്യ ഒരിക്കലും അമേരിക്കയുടെ മുന്നില്‍ കീഴടങ്ങിയില്ല. സോവിയറ്റ് റഷ്യ എന്ന കമ്മ്യൂണിസ്റ്റ് വന്‍ശക്തിയുടെ പിന്തുണയുണ്ടായിരുന്ന ഇന്ത്യയെ തൊടാന്‍ അമേരിക്കയും ഭയന്ന കാലമായിരുന്നു അത്. അന്നൊരു ഇന്ത്യക്കാരനെയും കൈയിലും കാലിലും വിലങ്ങിട്ട് ഡീപ്പോര്‍ട്ട് ചെയ്യാന്‍ ഒരു രാജ്യത്തിനും കഴിയുമായിരുന്നില്ല. മോദിയുടെ കാലത്ത് അതും നമ്മള്‍ കണ്ടു.
ഇന്ദിരാഗാന്ധി
വ്യാജ ഡിഗ്രി തന്റെ സ്വകാര്യതയാണെന്ന് പറഞ്ഞ് മറച്ചു പിടിക്കുന്ന, രാജ്യത്തെ അംബാനിക്കും അദാനിക്കും തീറെഴുതുന്ന കോമാളിയായി, യഥാര്‍ത്ഥ പപ്പുവായി നരേന്ദ്ര മോദി മാറുകയും ബി.ജെ.പി ഐ.ടി സെല്‍ ചാര്‍ത്തിക്കൊടുത്ത ആ കുപ്പായത്തില്‍ നിന്ന് മുക്തനായ രാഹുല്‍ ഗാന്ധി രാജ്യത്തിന്റെ പ്രതീക്ഷയായി മാറുകയും ചെയ്യുന്ന കാഴ്ച ഇന്ന് ബീഹാറിലെ തെരുവുകളില്‍ കാണുന്നുണ്ട്.
പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ഇങ്ങനെയൊരു സ്വരമുയര്‍ന്നിരുന്നു ബീഹാറിന്റെ തെരുവുകളില്‍ നിന്ന്. ജയപ്രകാശ് നാരായണന്‍ എന്ന വിപ്ലവകാരി സമ്പൂര്‍ണ ക്രാന്തി എന്ന മുദ്രാവാക്യം ഉയര്‍ത്തി ജനങ്ങളോടൊപ്പം തെരുവിലിറങ്ങിയപ്പോള്‍ സ്വേച്ഛാധിപത്യത്തിന്റെ അധികാരക്കസേരകള്‍ തകര്‍ന്നു വീണിട്ടുണ്ട്.
ഈ രാജ്യത്തിന്റെ ചരിത്രമതാണ്. നരേന്ദ്ര മോദിയേക്കാള്‍ കൊട്ടിഘോഷിക്കപ്പെട്ട ഫാസിസ്റ്റ് ഭരണാധികാരികള്‍, ചരിത്രത്തില്‍ ജീവന്‍ നഷ്ടപ്പെട്ട് വിളക്കുകാലുകളില്‍ തലകീഴായി തൂങ്ങിയാടിയിട്ടുണ്ട്. ഇന്ത്യയെന്ന രാജ്യത്തെ ജനാധിപത്യ രാജ്യമായി നിലനിര്‍ത്താനുള്ള പോരാട്ടമാണ് രാഹുല്‍ ഗാന്ധി നയിക്കുന്നത്.
കേവലമൊരു വ്യക്തിയെന്നതിലുപരി ഇന്നയാള്‍ ഒരു പ്രതീകമാണ് ഈ രാജ്യത്തെ നവനാസിസത്തില്‍ നിന്ന് മോചിപ്പിക്കണമെന്നാഗ്രഹിക്കുന്ന സാധാരണ മനുഷ്യന്റെ പ്രതീകം. അയാള്‍ക്കുള്ളത്, രാഷ്ട്രീയ ധാര്‍മ്മികതയുടെ, മാനവികതയുടെ പിന്‍ബലമാണ്.
അയാളില്‍ നമുക്ക് എന്റെ മകനെവിടേയന്ന് വിളിച്ചു ചോദിക്കുന്ന നജീബിന്റെ ഉമ്മയെ കാണാം. മറുവശത്താവട്ടെ ബിഗ് സ്റ്റേറ്റിന്റെ എല്ലാ വിധ അധികാരങ്ങളും കൈയ്യാളുന്ന, എന്നാല്‍ കോമാളിയായ ഭരണാധികാരി നരേന്ദ്ര മോദിയും.
അയാളില്‍ നമുക്ക് അധികാരത്തിന്റെയും വര്‍ഗ്ഗീയതയുടേയും ദംഷ്ട്രകള്‍ മാത്രമാണ് കാണാനാവുക. രാഹുലെന്ന ദാവീദ്, എല്ലാ വിധ സ്വേച്ഛാധികാരങ്ങളുടേയും വിളനിലമായ ഫാസിസ്റ്റ് നരേന്ദ്ര മോദിയുമായും ഹിന്ദുത്വയുമായുംയുദ്ധത്തിനിറങ്ങുമ്പോള്‍ നമുക്ക്, ഏകാധിപതികള്‍ക്കായി ചരിത്രം ഒരുക്കി വയ്ക്കുന്ന വിളക്കുകാലുകള്‍ കരുതിവയ്ക്കാം.
Content Highlight: Rahul Gandhi, Pappu to hope, Narendra Modi becomes a clown writeup by Arun Angela