| Tuesday, 24th February 2026, 2:58 pm

പ്രധാനമന്ത്രിയുടെ സ്വേച്ഛാധിപത്യത്തിന്റെയും ഭീരുത്വത്തിന്റെയും തെളിവ്; ഉദയ ബാനു ചിബിന്റെ അറസ്റ്റിൽ രാഹുൽ ഗാന്ധി

അനിത സി

ന്യൂദൽഹി: എ.ഐ.ഇംപാക്ട് ഉച്ചകോടിയിലുണ്ടായ പ്രതിഷേധത്തിന്റെ പേരിൽ യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷനെയും പ്രവർത്തകരെയും അറസ്റ്റ് ചെയ്തതിനെ വിമർശിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.

പ്രതിഷേധിക്കുന്നതിന്റെ പേരിൽ നടപടിയെടുക്കുന്നത് രാജ്യം ഭരിക്കുന്ന സർക്കാരിന്റെ സ്വേച്ഛാധിപത്യ മനോഭാവത്തിന്റെയും ഭീരുത്വത്തിന്റെയും തെളിവാണെന്ന് രാഹുൽ ഗാന്ധി എക്‌സിലൂടെ വിമർശിച്ചു. പ്രതിഷേധിച്ച പ്രവർത്തകരെയോർത്ത് അഭിമാനമുണ്ടെന്നും രാഹുൽ പോസ്റ്റിൽ പറഞ്ഞു.

‘സമാധാനപരമായ പ്രതിഷേധം ഇന്ത്യയുടെ പൈതൃകമാണ്. അത് ഓരോ ഇന്ത്യക്കാരന്റെയും രക്തത്തിൽ അലിഞ്ഞുചേർന്നതും ജനാധിപത്യ അവകാശവുമാണ്. ‘വിട്ടുവീഴ്ച ചെയ്യുന്ന പ്രധാനമന്ത്രി’ക്കെതിരെ രാജ്യതാത്പര്യം ഉയർത്തിപ്പിടിച്ച് നിർഭയമായി ശബ്ദമുയർത്തിയ യൂത്ത് കോൺഗ്രസിലെ എന്റെ ധീരരായ സുഹൃത്തുക്കളെ ഓർത്ത് ഞാൻ അഭിമാനിക്കുന്നു,’ രാഹുൽ പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ എക്‌സ് പോസ്റ്റ്‌ Photo: RahulGandhi/x.com

അമേരിക്കയുമായുള്ള വ്യാപാര കരാർ നമ്മുടെ രാജ്യത്തിന്റെ താത്പര്യങ്ങൾ വിട്ടുവീഴ്ച ചെയ്യുന്നതാണ്. ഈ കരാർ നമ്മുടെ കർഷകരെയും ടെക്സ്റ്റൈൽസ് വ്യവസായത്തെയും ദോഷകരമായി ബാധിക്കും. നമ്മുടെ ഡാറ്റ അമേരിക്കയ്ക്ക് കൈമാറുകയും ചെയ്യും.

ഈ സത്യം രാജ്യത്തിന് മുന്നിൽ തുറന്നുകാട്ടിയതിന് യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഉദയ ബാനു ചിബിനെയും മറ്റ് ഐവൈസി സഹപ്രവർത്തകരെയും അറസ്റ്റ് ചെയ്തത് സ്വേച്ഛാധിപത്യ പ്രവണതകൾക്കും ഭീരുത്വത്തിനും തെളിവാണെന്ന് രാഹുൽ ​ഗാന്ധി പറഞ്ഞു.

കോൺഗ്രസ് പാർട്ടിയും താനും ധീരരായ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർക്കൊപ്പം ഉറച്ചുനിൽക്കുന്നെന്നും സത്യത്തിന്റെ കണ്ണാടി അധികാരത്തിന് നേരെ പിടിക്കുന്നത് ഒരു കുറ്റകൃത്യമല്ല, അത് ദേശസ്നേഹമാണെന്നും രാഹുൽ പറഞ്ഞു.

ഭയപ്പെടേണ്ട, സത്യവും ഭരണഘടനയും നമ്മോടൊപ്പമുണ്ടെന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.

എ.ഐ ഇംപാക്ട് ഉച്ചകോടിൽ ടീഷർട്ടൂരി പ്രതിഷേധിച്ച സംഭവത്തിൽ നേരിട്ട് പങ്കെടുത്തിട്ടില്ലെങ്കിലും ​ഗൂഢാലോചന നടത്തിയെന്ന് ചൂണ്ടിക്കാട്ടി ചൊവ്വാഴ്ച രാവിലെ എ.വൈ.സി ദേശീയ അധ്യക്ഷൻ ഉദയ ബാനു ചിബിനെ ദൽഹി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

വെള്ളിയാഴ്ചയാണ് എ.ഐ ഉച്ചകോടിയില്‍ കേന്ദ്രസര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എതിരെ മുദ്രാവാക്യം വിളിച്ച് ഒരുകൂട്ടം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഷര്‍ട്ടൂരി പ്രതിഷേധം രേഖപ്പെടുത്തിയത്.

എപ്‌സ്റ്റീന്‍ ഫയല്‍സില്‍ മോദിയുടെ പേരുള്‍പ്പെട്ടതും പരാമര്‍ശിച്ചായിരുന്നു യുവാക്കള്‍ മുദ്രാവാക്യം വിളിച്ചത്. പ്രതിഷേധക്കാരുടെ കയ്യില്‍ മോദിയുടെയും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും ചിത്രം പതിച്ച ടീഷര്‍ട്ടും ഉണ്ടായിരുന്നു.

content Highlight: Proof of Prime Minister’s dictatorial tendencies  and cowardice; Rahul Gandhi on Uday Bhanu Chib’s arrest

അനിത സി

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more