ന്യൂദൽഹി: 2026ലെ നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നുവെന്ന ഗുരുതരമായ ആരോപണവുമായി ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി . പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത അദ്ദേഹം, ഇത് ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുമെന്ന ആശങ്കയും പങ്കുവെച്ചു.
പരീക്ഷ ആരംഭിക്കുന്നതിന് 42 മണിക്കൂർ മുമ്പ് ചോദ്യങ്ങൾ വാട്‌സ്ആപ്പിലൂടെ പ്രചരിച്ചതായി രാഹുൽ ഗാന്ധി തന്റെ എക്സ് പോസ്റ്റിൽ കുറിച്ചു.
നീറ്റ് പരീക്ഷ ഒരു ‘ലേലം’ പോലെയായെന്നും ചോദ്യങ്ങൾ വിൽപനയ്ക്ക് വച്ചിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഏകദേശം 22 ലക്ഷത്തിലധികം വിദ്യാർത്ഥികളെ ഈ ക്രമക്കേട് ബാധിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
കഴിഞ്ഞ പത്ത് വർഷത്തിനിടെ 89 പേപ്പർ ചോർച്ചകളും 48 പുനർപരീക്ഷകളും നടന്നതായും അദ്ദേഹം തന്റെ പോസ്റ്റിൽ കുറിച്ചു. രാജസ്ഥാൻ പോലീസിന്റെ സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് ഈ സംഭവത്തിൽ അന്വേഷണം നടത്തിവരികയാണ്.
പരീക്ഷയ്ക്ക് മുമ്പ് പ്രചരിച്ച ഒരു ‘ഗസ് പേപ്പറിൽ’ (guess paper) നിന്ന് ഏകദേശം 120 കെമിസ്ട്രി ചോദ്യങ്ങൾ യഥാർത്ഥ പരീക്ഷാ പേപ്പറുമായി സാമ്യമുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
കേരളത്തിൽ പഠിക്കുന്ന, രാജസ്ഥാനിലെ ചുരു സ്വദേശിയായ ഒരു മെഡിക്കൽ വിദ്യാർത്ഥിയാണ് ഇതിന് പിന്നിലെന്നാണ് ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ.
പരീക്ഷയ്ക്ക് രണ്ട് ദിവസം മുമ്പ് അഞ്ച് ലക്ഷം രൂപയ്ക്കും, തലേദിവസം രാത്രി 30,000 രൂപയ്ക്കും ചോദ്യപേപ്പർ വിറ്റതായാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നത്. ഇതുമായി ബന്ധപ്പെട്ട് ഡെറാഡൂൺ, സികാർ, ജുൻജുനു എന്നിവിടങ്ങളിൽ നിന്നായി 13 പേരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്.
ക്രമക്കേടുകളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും അവ കേന്ദ്ര ഏജൻസികൾക്ക് കൈമാറിയിട്ടുണ്ടെന്നും നാഷണൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചു. നിലവിൽ പരിശോധനകൾ തുടരുകയാണെന്നും വിദ്യാർത്ഥികൾ അഭ്യൂഹങ്ങളിൽ വിശ്വസിക്കരുതെന്നും എൻ.ടി.എ നിർദേശിച്ചു.
വിദ്യാർത്ഥികൾക്കൊപ്പം താൻ ഉറച്ചുനിൽക്കുന്നുവെന്നും പരീക്ഷാ സംവിധാനത്തിലെ ഈ പോരായ്മകൾ പരിഹരിക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
Content highlight: Rahul Gandhi makes serious allegations over NEET question paper leak