| Friday, 28th August 2026, 6:08 pm

2029ൽ രാഹുൽ ഗാന്ധി ഇന്ത്യ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി ആവും: തമിഴ്നാട് മന്ത്രി പി.വിശ്വനാഥൻ

കെ.എസ് ഷാബിന

ചെന്നൈ: 2029 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയായിരിക്കുമെന്ന് തമിഴ്‌നാട് മന്ത്രി പി. വിശ്വനാഥൻ.

തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് യെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടണമെന്ന് ആവശ്യപ്പെട്ട് ഭരണകക്ഷിയിലെ മന്ത്രിമാർ, എം.എൽ.എമാർ, പൊതുജനങ്ങൾ എന്നിവരുടെ ഭാഗത്തുനിന്ന് സമ്മർദ്ദം ശക്തമാകുന്ന സാഹചര്യത്തിലാണ് വിശ്വനാഥന്റെ ഈ പ്രസ്താവന. അരവിന്ദ് കെജ്‌രിവാൾ ഉൾപ്പെടെയുള്ള മറ്റ് ദേശീയ നേതാക്കളെ കുറിച്ചുള്ള വിശാലമായ ചർച്ചകൾ മുന്നണിയിൽ തുടരുന്നുണ്ടെങ്കിലും, തങ്ങൾക്ക് രാഹുൽ ഗാന്ധിയുടെ കാര്യത്തിൽ യാതൊരു സംശയവുമില്ലെന്ന് അദ്ദേഹം പറഞ്ഞു.

“കോൺഗ്രസ് നേതാക്കൾ എന്ന നിലയിൽ ഞങ്ങൾക്ക് തികഞ്ഞ വ്യക്തതയുണ്ട്. പ്രതിപക്ഷ നേതാവും ഞങ്ങളുടെ പ്രിയപ്പെട്ട നേതാവുമായ രാഹുൽ ഗാന്ധിയാണ് 2029ൽ ഇന്ത്യ മുന്നണിയെ നയിക്കേണ്ട പ്രധാനമന്ത്രി സ്ഥാനാർത്ഥി,” വിശ്വനാഥൻ മാധ്യമങ്ങളോട് പറഞ്ഞു.

നേപ്പാളിൽ ഉണ്ടായ കനത്ത വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ തമിഴ്‌നാട്ടിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിച്ചതായി മുതിർന്ന കോൺഗ്രസ് നേതാവ് കൂടിയായ വിശ്വനാഥൻ അറിയിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേരിട്ട് മേൽനോട്ടം വഹിക്കുന്നതിനായി വ്യാഴാഴ്ച രാത്രി നാലംഗ മന്ത്രിതല സംഘത്തെ നേപ്പാളിലേക്ക് അയച്ചിട്ടുണ്ട്. ഇതിനുപുറമേ, സ്ഥിതിഗതികൾ 24 മണിക്കൂറും തത്സമയം നിരീക്ഷിക്കാൻ ചെന്നൈയിലും ന്യൂദൽഹിയിലും പ്രത്യേക കൺട്രോൾ റൂമുകൾ തുറന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

നേപ്പാളിൽ മൂന്നാം ദിവസവും തിരച്ചിലും രക്ഷാപ്രവർത്തനവും തുടരുന്ന പശശ്ചാത്തലത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വെള്ളിയാഴ്ച രാവിലെയോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 469 ആയി ഉയർന്നപ്പോൾ, ആയിരത്തോളം പേരെ ഇനിയും കണ്ടെത്താനുണ്ട്

സഭയിലെ ഉന്നതവിദ്യാഭ്യാസ മന്ത്രിയും വാർത്താസമ്മേളനത്തിൽ സംസാരിച്ചു. നിയമസഭാ നടപടികൾ അനാവശ്യ സംസാരങ്ങൾ കൊണ്ട് സമയം കളയുകയാണെന്ന പ്രതിപക്ഷത്തിന്റെ വിമർശനങ്ങൾക്ക് അദ്ദേഹം മറുപടി നൽകി.

ജനപ്രതിനിധികളായ എല്ലാവർക്കും തങ്ങളുടെ അഭിപ്രായങ്ങൾ സ്വതന്ത്രമായി പങ്കുവെക്കാനുള്ള മികച്ച വേദിയാണ് നിയമസഭയെന്നും, അവിടെ നടക്കുന്ന നിയമനിർമ്മാണ പ്രക്രിയകളെയും ചർച്ചകളെയും സംവാദങ്ങളെയും
പൂർണമായും ന്യായീകരിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

Content Highlight: Rahul Gandhi is INDIA Bloc’s Prime Ministerial Candidate for 2029: TN Minister P. Viswanathan

കെ.എസ് ഷാബിന

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more