| Saturday, 22nd August 2026, 4:09 pm

'രാഹുല്‍ ഗാന്ധിക്ക് പൈസയുടെ ഹുങ്ക്‌'; പരിപാടിക്ക് ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ക്ക് പണം നല്‍കി ആളെകൂട്ടിയെന്ന് ബി.ജെ.പി: ജെന്‍ സികള്‍ കൈവിട്ടതിന്റെ അസ്വസ്ഥതയെന്ന് കോണ്‍ഗ്രസ്

നിഷാന. വി.വി

ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധിയുടെ പുനൈയിലെ വിദ്യാര്‍ത്ഥി പരിപാടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി. രാഹുല്‍ ഗാന്ധിയുടെത് പൈസയുടെ അഹങ്കാരമാണെന്നും ജനങ്ങളെ ആകര്‍ഷിക്കാന്‍ കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍മാരെ പണം കൊടുത്ത് സ്വാധീനിക്കുകയാണെന്നും ബി.ജെ.പി ആരോപിച്ചു. ഇത് വഴിയാണ് പരിപാടിക്ക് ജനപങ്കാളിത്തമുണ്ടാക്കിയതെന്നും ബി.ജെ.പി വക്താവ് നവ്‌നാഥ് ബാന്‍ പറഞ്ഞു.

മഹാരാഷ്ട്രയിലെ ബി.ജെ.പി ആസ്ഥാനത്ത് നടന്ന പത്ര സമ്മേളനത്തില്‍ സംസാരിക്കവെയായിരുന്നു ബി.ജെ.പി നേതാവിന്റെ പരാമര്‍ശം. ഛാത്രോം കി ഗൂഞ്ച് പരിപാടിയില്‍ പങ്കെടുക്കാന്‍ പണം നല്‍കി സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടത്തുന്നതിലൂടെ പൊതുജനങ്ങളുടെ പിന്തുണയുണ്ടെന്ന് കാണിക്കാന്‍ ശ്രമിക്കുകയാണെന്നും നവ്‌നാഥ് പറഞ്ഞു.

ഇതിനായി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ക്ക് 30000 മുതല്‍ 35000 രൂപ നല്‍കിയിട്ടുണ്ടെന്നും ബി.ജെ.പി നേതാവ് വാദിച്ചു.

‘ രാഹുല്‍ ഗാന്ധിയുടെ പരിപാടി ഛാത്രോം കി ഗൂഞ്ച്’ അല്ല ‘പൈസ കി ഗൂഞ്ച് ആണ്. പൈസ കൊടുത്ത് ആള്‍ക്കാരെ കൂട്ടുകയാണ്,’ നവ്‌നാഥ് പറഞ്ഞു.

ഏകദേശം മുപ്പതിനായിരം പേര്‍ക്ക് മുപ്പത്തിയയ്യായിരം രൂപ വെച്ച് നല്‍കിയാല്‍ ഒമ്പത് കോടി മുതല്‍ 10 കോടി വരെ ചിലവാകുമെന്നും അദ്ദേഹം പറഞ്ഞു.

‘ഈ പണം എവിടെ നിന്നാണ് വന്നത്. ആരാണ് ഇത് നല്‍കുന്നത്. ഈ പണത്തിന്റെ ഔദ്യോഗിക അക്കൗണ്ട് ഏതാണ്,’ അദ്ദേഹം ചോദിച്ചു.

ഫണ്ടിന്റെ ഉറവിടത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ കാണിച്ച് കോണ്‍ഗ്രസ് രാഷ്ട്രീയം കളിക്കുകയാണെന്നും ബി.ജെ.പി മഹാരാഷ്ട്ര വൈസ് പ്രസിഡന്റ് കേശവ് ഉപാധ്യായ ആരോപിച്ചു.

എന്നാല്‍ വിദ്യാര്‍ത്ഥികള്‍ക്കും യുവജനങ്ങള്‍ക്കും നേരെയുള്ള അനീതിക്കെതിരെ ശബ്ദമുയര്‍ത്താനാണ് രാഹുല്‍ ഗാന്ധി ഈ പരിപാടി നടത്തുന്നതെന്നും ബി.ജെ.പി എന്തിനാണ് ഭയപ്പെടുന്നതെന്നും കോണ്‍ഗ്രസ് തിരിച്ചിച്ചു.

രാഹുല്‍ ഗാന്ധിക്ക് യുവാക്കള്‍ക്കിടയിലുള്ള സ്വാധീനത്തില്‍ ബി.ജെ.പി അസ്വസ്ഥരാണെന്നും ജെന്‍ സി കള്‍ ബി.ജെ.പിയെ കൈവിട്ടുവെന്നും കോണ്‍ഗ്രസ് വക്താവ് സാവന്ത് സച്ചിന്‍ പറഞ്ഞു.

‘രാഹുല്‍ ഗാന്ധി ബി.ജെ.പിയെ വളരെയധികം അസ്വസ്ഥരാക്കിയിരിക്കുന്നുവെന്നും ബി.ജെ.പിക്ക് അദ്ദേഹത്തെ പേടിയാണ്,’ അദ്ദേഹം പറഞ്ഞു.

Content Highlight: ‘Rahul Gandhi is arrogant about money’; BJP alleges influencers were paid to draw crowds to the event; Congress attributes the criticism to unease over losing the support of Gen Z.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more