ന്യൂദൽഹി: കോൺഗ്രസ് എം.പിയും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ചെങ്കോട്ടയിലെ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ നിന്നും വിട്ടുനിന്നതിനെ വിമർശിച്ച് ബി.ജെ.പി.
രാഹുൽ ഗാന്ധിയെ ‘പാകിസ്ഥാൻ സ്‌നേഹി’ എന്ന് വിമർശിച്ച ബി.ജെ.പി വക്താവ് ഷെഹ്‌സാദ് പൂനവാല ഇതൊരു ലജ്ജാകരമായ പെരുമാറ്റമെന്നും എക്‌സിൽ കുറിച്ചു.
‘ഇതൊരു ദേശീയ ആഘോഷമായിരുന്നു. എന്നാൽ പാകിസ്താൻ സ്നേഹിയായ രാഹുൽ ഗാന്ധി മോദി- ദേശ്- സേന വിരോധത്തിൽ പങ്കെടുത്തില്ല. ലജ്ജാകരമായ പെരുമാറ്റം,’ ഷെഹ്‌സാദ് പൂനവല്ല പറഞ്ഞു. സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്തതിന്റെ കാരണം ഇതുവരെ കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കിയിട്ടില്ല.
അതേസമയം, ദൽഹിയിലെ ഇന്ദിരാഭവനിൽ രാഹുൽ ഗാന്ധി അടക്കമുള്ള കോൺഗ്രസ് നേതാക്കൾ ചേർന്ന് പതാക ഉയർത്തി. തലസ്ഥാനമൊട്ടാകെയുള്ള പാർട്ടി പ്രവർത്തകർ പങ്കെടുത്ത പരിപാടിയിൽ കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ ദേശീയ പതാക ഉയർത്തി.
സത്യം, സമത്വം, സാഹോദര്യം എന്നിവയിൽ അധിഷ്ഠിതമായ ഒരു രാഷ്ട്രം കെട്ടിപ്പടുക്കുന്നതിനുള്ള പ്രതിബദ്ധതയാണ് സ്വാതന്ത്ര്യമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. രാജ്യത്തിന്റെ പൈതൃകവും അഭിമാനവും സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭരണഘടനാ അവകാശങ്ങൾ, സാമൂഹിക നീതി, സാമ്പത്തിക ശാക്തീകരണം, ദേശീയ ഐക്യം എന്നിവയ്ക്കായുള്ള പോരാട്ടം തുടർന്നുകൊണ്ട് ദേശീയ പ്രസ്ഥാനത്തിന്റെ പൈതൃകത്തെ ബഹുമാനിക്കണമെന്ന് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ ജനങ്ങളോട് അഭ്യർത്ഥിച്ചു.
കഴിഞ്ഞ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷത്തിൽ രാഹുലിന് പിൻതിരയിൽ സീറ്റ് നൽകിയത് വിവാദമായിരുന്നു.
കാബിനറ്റ് പദവിക്ക് തുല്യമായ പദവിയുള്ള രാഹുലിന് കഴിഞ്ഞ തവണ ഇരിപ്പിടം അനുവദിച്ചത് ഏറ്റവും അവസാനത്തേതിന് തൊട്ടുമുമ്പുള്ള വരിയിലായിരുന്നു. പ്രതിപക്ഷ നേതാവിന് ഒന്നാം നിരയിലാണ് ഇരിപ്പിടം നൽകാറുള്ളത്. ഈ കീഴ് വഴക്കം ലംഘിച്ചാണ് രാഹുലിന് പിൻനിരയിൽ ഇരിപ്പിടം നൽകിയത്.
Content Highlight: Rahul Gandhi is a Pakistan lover, shameful; BJP slams him for not attending Independence Day celebrations