| Thursday, 7th August 2025, 4:32 pm

'കൊറിയോഗ്രാഫ്' ചെയ്യപ്പെട്ട തെരഞ്ഞെടുപ്പുകള്‍; പുല്‍വാമയും സിന്ദൂരുമടക്കം ഒരു വോട്ടിങ് പാറ്റേണുണ്ടാക്കുന്നു: രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്തെ തെരഞ്ഞെടുപ്പുകളില്‍ വ്യാപകമായ ക്രമക്കേട് നടന്നിട്ടുണ്ടെന്ന ആരോപണങ്ങളില്‍ തെളിവുകള്‍ നിരത്തി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. തെരഞ്ഞെടുപ്പ് കൊറിയോഗ്രാഫ് ചെയ്യപ്പെട്ടിരിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ദല്‍ഹിയിലെ ഇന്ദിരാ ഭവനില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് കോണ്‍ഗ്രസ് എം.പിയുടെ പരാമര്‍ശം.

തെരഞ്ഞെടുപ്പ് കാലയളവില്‍ എക്‌സിറ്റ് പോളുകളും അഭിപ്രായ സര്‍വേകളും പ്രവചിക്കുന്ന ഫലങ്ങള്‍ റിസള്‍ട്ട് വരുന്നതോടെ തകിടം മറിയുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഈ മാറ്റങ്ങള്‍ക്ക് എപ്പോഴും ഒരു കാരണമുണ്ടായിരുന്നു. പുല്‍വാമ, ഓപ്പറേഷന്‍ സിന്ദൂര്‍ തുടങ്ങിയവയെല്ലാം ഇതിന് ഉദാഹരണമാണെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.

ഈ പാറ്റേണ്‍ തുടര്‍ന്നുപോകുകയാണ്. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പ് കൊറിയോഗ്രാഫിക് ആയിരിക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. തെരഞ്ഞെടുപ്പുകളില്‍ ഭരണവിരുദ്ധ വികാരവും സര്‍ക്കാരിന്റെ വീഴ്ചകളും പ്രതിഫലിക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.

മഹാരാഷ്ട്രാ തെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിന്റെ സംശയങ്ങളെ ശരിവെക്കുന്നതാണെന്നും രാഹുല്‍ ഗാന്ധി പരാമര്‍ശിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിലും ലോക്സഭാ തെരഞ്ഞെടുപ്പിലും ഉണ്ടായത് രണ്ട് ഫലങ്ങളാണ്. അഞ്ച് വര്‍ഷത്തിനിടെ ഉണ്ടായതിനേക്കാള്‍ അധികം വോട്ട് വര്‍ധനവാണ് അഞ്ച് മാസത്തിനിടെ മഹാരാഷ്ട്രയില്‍ ഉണ്ടായതെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.

അഞ്ച് മണിക്ക് ശേഷം പോളിങ് കുതിച്ചുയരുന്നത് കൂടുതല്‍ സംശയങ്ങളുണ്ടാക്കിയെന്നും രാഹുല്‍ പറഞ്ഞു. കാരണം പോളിങ് ബൂത്തിന് പുറത്ത് തങ്ങള്‍ക്ക് ആളുകളുടെ ക്യൂ കാണാന്‍ കഴിയണ്ടേയെന്നും അദ്ദേഹം ചോദിച്ചു.

2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബെംഗളൂരു സെന്‍ട്രലില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. വോട്ടെണ്ണലിന്റെ ഭൂരിഭാഗം സമയവും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ മന്‍സൂര്‍ അലി ഖാന്‍ ലീഡ് നിലനിര്‍ത്തിയിരുന്നു.

എന്നാല്‍ അന്തിമ ഫലം വന്നപ്പോള്‍ ബി.ജെ.പിയുടെ പി.സി. മോഹന്‍ 32,707 വോട്ടുകളുടെ നേരിയ ഭൂരിപക്ഷത്തില്‍ വിജയിച്ചുവെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. ബെംഗളൂരു സെന്‍ട്രലില്‍ വലിയ അട്ടിമറിയാണ് നടന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

‘2024ല്‍ അധികാരത്തില്‍ തുടരാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 25 സീറ്റുകള്‍ മോഷ്ടിച്ചാല്‍ മതിയായിരുന്നു. പൊതുതെരഞ്ഞെടുപ്പില്‍ 33,000ല്‍ താഴെ വോട്ടുകള്‍ക്ക് മാത്രം ബി.ജെ.പി 25 സീറ്റുകള്‍ നേടി,’ രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.

എന്നാല്‍ തെരഞ്ഞെടുപ്പില്‍ അട്ടിമറി നടത്തുന്നവരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്തിനാണ് ഇങ്ങനെ സംരക്ഷിക്കുന്നതെന്നും രാഹുല്‍ ഗാന്ധി ചോദിക്കുന്നു.

വോട്ടര്‍പട്ടികയില്‍ ചിലരുടെ പിതാവിന്റെ പേരിന്റെ സ്ഥാനത്തുള്ളത് ഏതാനും കോഡുകള്‍ മാത്രം, ചിലരുടെ മേല്‍വിലാസങ്ങളെല്ലാം ഒരുപോലെ, ചിലരുടെ വിലാസങ്ങളില്‍ വ്യത്യാസമുണ്ടെങ്കിലും ഫോട്ടോ ഒന്ന് തന്നെ, ചിലരുടെ വയസ് രേഖപ്പെടുത്തിയിട്ടില്ല, 70 വയസുള്ളയാല്‍ കന്നി വോട്ടര്‍, ഒരു വോട്ടര്‍ക്ക് നാല് ബൂത്തില്‍ വോട്ട് തുടങ്ങിയ തിരിമറികളും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.

Content Highlight: ‘Choreographed’ elections; Pulwama and Sindoor are creating a voting pattern: Rahul Gandhi

We use cookies to give you the best possible experience. Learn more