ന്യൂദല്‍ഹി: ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവത്തില്‍ ബി.ജെ.പിയെയും ആര്‍.എസ്.എസിനെയും വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. വിശ്വാസത്തിന്റെ പേരില്‍ കത്തോലിക്ക കന്യാസ്ത്രീകളെ ജയിലിലടച്ചത് നീതിയല്ലെന്ന് അദ്ദേഹം തന്റെ സാമൂഹ മാധ്യമത്തില്‍ കുറിച്ചു.
ബി.ജെ.പി – ആര്‍.എസ്.എസ് ആള്‍ക്കൂട്ട ഭരണമാണിതെന്നും ഈ ഭരണത്തിന് കീഴില്‍ ന്യൂനപക്ഷങ്ങളെ എങ്ങനെ പീഡിപ്പിക്കുന്നു എന്നത് ഈ സംഭവം വ്യക്തമാക്കുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
‘ഈ അറസ്റ്റിന് എതിരെ യു.ഡി.എഫ് എം.പിമാര്‍ ഇന്ന് പാര്‍ലമെന്റില്‍ പ്രതിഷേധിച്ചു. ഞങ്ങള്‍ നിശബ്ദരായിരിക്കില്ല. മതസ്വാതന്ത്ര്യം ഭരണഘടനാപരമായ അവകാശമാണ്. അവരെ ഉടന്‍ മോചിപ്പിക്കണമെന്നും ഈ അനീതിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നു,’ രാഹുല്‍ ഗാന്ധി തന്റെ പോസ്റ്റില്‍ കുറിച്ചു.
നാരായന്‍പുര്‍ ജില്ലയില്‍ നിന്നുള്ള മൂന്ന് പെണ്‍കുട്ടികളോടൊപ്പമായിരുന്നു ഈ കന്യാസ്ത്രീകള്‍ സഞ്ചരിച്ചിരുന്നത്. സഭയുടെ കീഴിലുള്ള ആശുപത്രികളിലേക്കും ഓഫീസുകളിലേക്കും ജോലിക്കായെത്തിയ 19 മുതല്‍ 22 വയസുള്ള പെണ്‍കുട്ടികളായിരുന്നു കന്യാസ്ത്രീക്കൊപ്പം ഉണ്ടായിരുന്നത്. പെണ്‍കുട്ടികളില്‍ ഒരാളുടെ സഹോദരനും കൂടെയുണ്ടായിരുന്നു.
ടി.ടി.ആര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് റെയില്‍വേ സ്റ്റേഷനിലെത്തിയ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകരാണ് കന്യാസ്ത്രീകള്‍ നിര്‍ബന്ധിത മതപരിവര്‍ത്തനവും മനുഷ്യക്കടത്തും നടത്തുകയാണെന്ന് ആരോപിച്ചത്. പിന്നാലെ കന്യാസ്ത്രീകളെ തടഞ്ഞുവെക്കുകയും ചെയ്തു. തുടര്‍ന്ന് റെയില്‍വേ പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
Content Highlight: Rahul Gandhi criticized the BJP and the RSS over the arrest of Malayali nuns in Chhattisgarh