| Sunday, 23rd August 2026, 11:52 am

ആൺകുട്ടികൾ ചെയ്താൽ കുഴപ്പമില്ല, പെൺകുട്ടികൾ ചെയ്‌താൽ സംസ്ക്കാരത്തിന് ചേരാത്തത്: മോഡിക്കെതിരെ രാഹുൽ ഗാന്ധി

കെ.എസ് ഷാബിന

പൂനെ: പെൺകുട്ടികൾ അധിക്ഷേപ വാക്കുകൾ ഉപയോഗിച്ചതിനെ മാത്രം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമർശത്തിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ആൺകുട്ടികൾ ഇത്തരം വാക്കുകൾ ഉപയോഗിച്ചാൽ പ്രശ്നമില്ലെന്നും പെൺകുട്ടികൾ ഉപയോഗിക്കുമ്പോൾ അത് ‘കൾച്ചറൽ ഷോക്’ ആകുന്നതും പുരുഷാധിപത്യ ചിന്തയുടെ ഭാഗമാണെന്നും രാഹുൽ ആരോപിച്ചു.

പൂനെയിൽ നടന്ന ‘ഛാത്രോം കി ഗൂഞ്ച്’ പരിപാടിയിൽ വിദ്യാർഥിനികളുമായി സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. പരീക്ഷാ ക്രമക്കേടുകളും പേപ്പർ ചോർച്ചയും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ നടന്ന പ്രതിഷേധത്തിനിടയിൽ ആൺകുട്ടികളും പെൺകുട്ടികളും അധിക്ഷേപ വാക്കുകൾ ഉപയോഗിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

‘ആൺകുട്ടികൾ അധിക്ഷേപ വാക്കുകൾ ഉപയോഗിച്ചാൽ പ്രശ്നമില്ല. എന്നാൽ ഒരു പെൺകുട്ടി അങ്ങനെ ചെയ്താൽ അത് ‘സാംസ്കാരത്തിന് ചേരാത്തത് ’ ആകുന്നു. ഇത് ശരിയായ സമീപനമല്ല,’ രാഹുൽ പറഞ്ഞു.

ഇത്തരം സമീപനം ‘മനുസ്മൃതി’ അടിസ്ഥാനമാക്കിയുള്ള പുരുഷാധിപത്യ ചിന്തയെ പ്രതിഫലിപ്പിക്കുന്നതാണെന്നും അദ്ദേഹം ആരോപിച്ചു. സ്ത്രീകൾക്ക് സമൂഹത്തിൽ ഒരു പ്രത്യേക സ്ഥാനം മാത്രം നിശ്ചയിക്കുകയും അവരെ നിയന്ത്രിക്കുകയും ചെയ്യുന്നതാണ് ഈ ചിന്തയെന്ന് രാഹുൽ പറഞ്ഞു.

‘ഒരു പെൺകുട്ടിക്ക് ഒരു പ്രത്യേക സ്ഥാനം മാത്രമാണെന്ന് പറയുന്ന മനോഭാവമാണിത്. അവളെ ഒരു കൂട്ടിലടച്ച് നിയന്ത്രിക്കണം, ജോലി ചെയ്യാൻ അനുവദിക്കരുത് എന്ന ചിന്ത. അതേസമയം ആൺകുട്ടികൾക്ക് പൂർണ സ്വാതന്ത്ര്യം നൽകുന്നു,’ അദ്ദേഹം പറഞ്ഞു.

സ്ത്രീകളാണ് ഇന്ത്യയുടെ ശക്തിയും രാജ്യത്തിന്റെ ഭാവിയുമെന്നു പറഞ്ഞ രാഹുൽ ഗാന്ധി, പുരുഷാധിപത്യത്തിനെതിരെ ഒരുമിച്ച് പോരാടണമെന്നും ആഹ്വാനം ചെയ്തു.

‘ഈ സ്ത്രീകളും പെൺകുട്ടികളും ഇന്ത്യയുടെ ശക്തിയാണ്. നിങ്ങൾ ഈ രാജ്യത്തിന്റെ അടിത്തറയും ഭാവിയുമാണ്. പുരുഷാധിപത്യം നിങ്ങളെ അടിച്ചമർത്തുകയും ഭയപ്പെടുത്തുകയും നിയന്ത്രിക്കുകയും ചെയ്യുന്നു. നമുക്ക് ഒരുമിച്ച് ഈ പുരുഷാധിപത്യം അവസാനിപ്പിക്കണം,’ അദ്ദേഹം പറഞ്ഞു.

സ്ത്രീകൾ സ്വന്തം ജീവിതത്തിൽ സ്വാതന്ത്ര്യവും വ്യക്തിത്വവും നിലനിർത്തണമെന്നും രാഹുൽ ആവശ്യപ്പെട്ടു. ‘നിങ്ങൾ ആരുടേയും സ്വന്തമല്ല. നിങ്ങൾ നിങ്ങളുടേത് മാത്രമാണ്. ഉറക്കെ സംസാരിക്കൂ, അഭിമാനത്തോടെ മുന്നോട്ട് വരൂ, സമൂഹത്തിൽ നിങ്ങളുടെ ഇടത്തിനായി പോരാടൂ,’ അദ്ദേഹം വിദ്യാർഥിനികളോട് പറഞ്ഞു.

പ്രധാനമന്ത്രി മോദിയുടെയും ആർ.എസ്.എസ് നേതാക്കളുടെയും പഴയ പ്രസംഗങ്ങളിലെ ചില പരാമർശങ്ങളും പരിപാടിയിൽ രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. മോദിയുടെ പഴയ ‘50 കോടി കാമുകി’ പരാമർശവും ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിന്റെതായി പറയപ്പെടുന്ന ഒരു പരാമർശവും അദ്ദേഹം വീഡിയോയിലൂടെ പ്രദർശിപ്പിച്ചു.

സ്ത്രീകളെ പിതാവ്, ഭർത്താവ്, മകൻ എന്നിവരുമായി ബന്ധപ്പെടുത്തി നിർവചിക്കുന്ന മനുസ്മൃതിയിലെ സമീപനത്തെയും രാഹുൽ വിമർശിച്ചു. ‘ഈ വാക്കുകൾ ലജ്ജാകരമാണ്. ഇത്തരം വാക്കുകൾ ഒരിക്കലും പറയാൻ പാടില്ലായിരുന്നു. നിങ്ങൾ ആരുടേയും സ്വന്തമല്ല,’ അദ്ദേഹം പറഞ്ഞു.

വെള്ളിയാഴ്ച പൂനെയിലെ COEP ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ എ.ബി.വി.പി, എൻ.എസ്.എ.യു.ഐ പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. സംഭവത്തിൽ 50-ഓളം യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തതായും റിപ്പോർട്ടുകളുണ്ട്.

Content Highlight: Rahul Gandhi calls out PM Modi’s double standard on gender and culture

കെ.എസ് ഷാബിന

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.

We use cookies to give you the best possible experience. Learn more