ന്യൂദല്‍ഹി: ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും യുവജന വിരുദ്ധനായ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദിയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പരാജയപ്പെട്ട വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്രപ്രധാനെ രാജിവെപ്പിക്കാന്‍ പോലും പറ്റാത്തത്രയും യുവജന വിരുദ്ധനാണ് മോദിയെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു.
സമൂഹമാധ്യമമായ എക്‌സില്‍ പങ്കുവെച്ച ഒരു വീഡിയോയിലാണ് രാഹുല്‍ ഈ കാര്യം അഭിപ്രായപ്പെട്ടത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്രപ്രധാന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും നേര്‍ക്കുള്ള പൊലീസ് അതിക്രമങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രസര്‍ക്കാര്‍ യുവാക്കളെ തോല്‍പിക്കുക മാത്രമല്ല അവരെ ആക്രമിക്കുകയാണെന്നും രാഹുല്‍ ഗാന്ധി തന്റെ വീഡിയോയില്‍ പറഞ്ഞു. ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാതിരിക്കുമ്പോള്‍ അത് ചോദ്യം ചെയ്യുന്ന വിദ്യാര്‍ത്ഥികളും യുവാക്കളും പൊലീസ് നടപടികള്‍ നേരിടേണ്ടി വരികയാണെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.
‘152 പരീക്ഷാ പേപ്പര്‍ ചോര്‍ച്ചകള്‍. 7.5 കോടി വിദ്യാര്‍ത്ഥികള്‍ ഇരകളാക്കപ്പെട്ടു. കുറ്റക്കാരായ ഒരാള്‍ പോലും ശിക്ഷിക്കപ്പെട്ടില്ല. ആരാണ് ശിക്ഷിക്കപ്പെടുന്നത്. കഷ്ടപ്പെടുന്ന യുവാക്കള്‍ മാത്രം,’ രാഹുല്‍ പറഞ്ഞു.
ചോദ്യപ്പേപ്പര്‍ ചോര്‍ത്തിയ ക്രിമിനലുകള്‍ സ്വതന്ത്രരായി നടക്കുകയാണ്. എന്നാല്‍ ചോദ്യങ്ങള്‍ ചോദിക്കുന്ന വിദ്യാര്‍ത്ഥികളെ പൊലീസ് വലിച്ചിഴയ്ക്കുകയും തല്ലിച്ചതയ്ക്കുകയുമാണെന്നും രാഹുല്‍ പറഞ്ഞു.
വിദ്യാഭ്യാസത്തെക്കുറിച്ച് കുട്ടികള്‍ പ്രസക്തമായ ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ അവര്‍ക്കെതിരെ സര്‍ക്കാര്‍ പ്രതികരിക്കുന്നത് ലാത്തിച്ചാര്‍ജ് ചെയ്തും തടവിലാക്കിയുമാണെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. ‘ഈ രാജ്യം യുവാക്കളെ തോല്‍പിക്കുകയാണ്. ഒപ്പം അവരെ ആക്രമിക്കുക കൂടിയാണ്,’ രാഹുല്‍ പറഞ്ഞു.
ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് യുവാക്കള്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തുമ്പോഴായിരുന്നു പൊലീസ് ലാത്തിച്ചാര്‍ജും കണ്ണീര്‍ വാതകവും ഉപയോഗിച്ച് പ്രതിഷേധക്കാരെ നേരിട്ടത്.
നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ച അടക്കമുള്ള വിഷയങ്ങളില്‍ ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് കോക്രോച്ച് ജനതാ പാര്‍ട്ടി തുടര്‍ന്നു വരികയായിരുന്ന സമരങ്ങളുടെ ഭാഗമായിട്ടായിരുന്നു മാര്‍ച്ച്. സി.ജെ.പി ആഹ്വാനം ചെയ്തത് പ്രകാരം ആയിരക്കണക്കിന് യുവാക്കള്‍ മാര്‍ച്ചില്‍ പങ്കെടുക്കാനായി ദല്‍ഹിയിലെത്തിയിരുന്നു.
മാര്‍ച്ചിനെത്തിയ വിദ്യാര്‍ത്ഥികള്‍ ബാരിക്കേഡുകള്‍ മറികടക്കാന്‍ ശ്രമിച്ചതോടെ ദല്‍ഹി പൊലീസ് ക്രൂരമായ ലാത്തിച്ചാര്‍ജ് നടത്തുകയായിരുന്നു. പോലീസ് ലാത്തിച്ചാര്‍ജില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റതായി സി.ജെ.പി അറിയിച്ചിരുന്നു.
Content Highlight: Rahul Gandhi calls Narendra Modi ‘most anti-youth’ PM in India’s history