ന്യൂദല്‍ഹി: കോണ്‍ഗ്രസിനുള്ളിലെ ആദിവാസി വിഭാഗത്തിനെ ശക്തിപ്പെടുത്തുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ആദിവാസി സമൂഹത്തില്‍ നിന്നുള്ളവര്‍ക്ക് പാര്‍ട്ടിക്കുള്ളില്‍ സ്ഥാനവും അവസരവും പിന്തുണയും നല്‍കി സാമൂഹികമായി ശക്തിപ്പെടുത്താനാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് രാഹുല്‍ ഗാന്ധി തന്റെ വസതിയില്‍ വെച്ച് ഗോത്ര നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയിലാണ് ആദിവാസി വിഭാഗത്തിനെ ശക്തിപ്പെടുത്തുമെന്ന് രാഹുല്‍ ഗാന്ധി ഉറപ്പ് നല്‍കിയത്. ഇതിനായി ആദിവാസി സമൂഹം മുന്നോട്ട് വരണമെന്നും ഓരോ സംസ്ഥാനത്ത് നിന്നും പത്ത് മുതല്‍ 15 വരെ നേതാക്കള്‍ മുഖ്യധാരയിലേക്ക് ഉയര്‍ന്ന് വരണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.
‘ഗോത്രവര്‍ഗക്കാരെ സഹായിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, അതിനായി സമൂഹം ഒന്നിക്കേണ്ടതുണ്ട്, ഗോത്രവര്‍ഗക്കാരുടെ അവകാശങ്ങള്‍ക്കായി യഥാര്‍ത്ഥത്തില്‍ പോരാടുന്നവര്‍ മുന്നോട്ട് വരേണ്ടതുണ്ട്.
ആദിവാസി സമൂഹത്തെ ശക്തിപ്പെടുത്താന്‍ ഓരോ സംസ്ഥാനത്തും 10-15 ഗോത്ര നേതാക്കള്‍ ഉയര്‍ന്നുവരണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു,’ ഗാന്ധി ആദിവാസി പ്രതിനിധികളോട് പറഞ്ഞു. ആദിവാസി ജില്ലകളിലെ പാര്‍ട്ടി ടിക്കറ്റുകളില്‍ യുവാക്കള്‍ക്ക് മുന്‍ഗണന ലഭിക്കുമെന്ന് രാഹുല്‍ ഗാന്ധി ഉറപ്പ് നല്‍കി.
രാഷ്ട്രീയ അധികാരം നല്‍കി അവരെ സാമൂഹികമായി ശക്തിപ്പെടുത്തുക എന്നതാണ് തന്റെ ലക്ഷ്യമെന്നും അതിനായി കോണ്‍ഗ്രസ് എല്ലാവിധ പിന്തുണയും നല്‍കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ‘സംഗതന്‍ സൃജന്‍ അഭിയാന്‍’ വഴി പുതിയ ജില്ലാ പ്രസിഡന്റുമാരെ നിയമിക്കുന്നതിനുള്ള പ്രക്രിയ കോണ്‍ഗ്രസ് ആരംഭിച്ചിട്ടുണ്ടെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
‘ഈ സംരംഭം ഞങ്ങള്‍ ഗുജറാത്തില്‍ നിന്നാണ് ആരംഭിച്ചത്, കോണ്‍ഗ്രസ് എല്ലാ സംസ്ഥാനങ്ങളിലും ഇത് നടപ്പിലാക്കും. വരും കാലങ്ങളില്‍, അവരുടെ ശക്തവും ഏകീകൃതവുമായ ശബ്ദം അധികാരത്തില്‍ പ്രതിധ്വനിക്കുമ്പോള്‍, അവരുടെ മാറ്റം തടയാന്‍ ആര്‍ക്കും കഴിയില്ല,’ രാഹുല്‍ ഗാന്ധി പറഞ്ഞു.
ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള ആദിവാസി പ്രതിനിധികള്‍ രാഹുല്‍ ഗാന്ധിയുമായുള്ള യോഗത്തില്‍ പങ്കെടുത്തതായി അഖിലേന്ത്യാ ആദിവാസി കോണ്‍ഗ്രസ് ചെയര്‍മാന്‍ വിക്രാന്ത് ഭൂരിയ പ്രതികരിച്ചു.
Content Highlight: Rahul Gandhi assures political power to tribals in Congress