| Monday, 11th August 2025, 9:52 am

രാഹുല്‍ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വോട്ടര്‍ പട്ടിക ക്രമക്കേട് ആരോപണത്തില്‍ രാഹുല്‍ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി. ഇന്ന് ഉച്ചക്ക് 12 മണിക്കാണ് ഇലക്ഷന്‍ കമ്മീഷന്‍ സമയം നല്‍കിയിരിക്കുന്നത്.

മുഴുവന്‍ എം.പിമാര്‍ക്കും അനുമതി വേണമെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആവശ്യം. എന്നാല്‍ പരമാവധി 30പേര്‍ക്കാണ് അനുവാദം ലഭിച്ചിരിക്കുന്നത്.

ഇന്നലെ വരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൂടിക്കാഴ്ച്ചക്ക് അനുമതി നിഷേധിച്ചിരുന്നു. എന്നാല്‍ ഇന്ന് രാവിലെയാണ് 30 പേര്‍ക്ക് അനുമതി നല്‍കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചത്.  237പേരുടെ പേരുകളാണ് കൂടിക്കാഴ്ചയ്ക്കായി ഇന്ത്യാസഖ്യത്തിന് വേണ്ടി പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി നല്‍കിയത്.

എന്നാല്‍ ഇത് അനുവദീയമല്ല പരമാവധി 30 പേരെ മാത്രമാണ് കൂടിക്കാഴ്ച്ച അനുവദിക്കാന്‍ കഴിയുകയുള്ളൂ എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചത്. 12 മണിക്ക് കൂടിക്കാഴ്ചയ്ക്ക് എത്തണമെന്നുുള്ള കര്‍ശനമായ നിര്‍ദേശമുണ്ട്.

11 മണിക്കാണ് മാര്‍ച്ച് തുടങ്ങുക.  വിജയ്  ചൗക്കില്‍ വെച്ച് മാര്‍ച്ച് 11. 30 വരെ നടത്തും. അവിടുന്ന് നേരെ എം.പിമാര്‍ തെരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് പോകുമെന്നാണ് രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അറിയിച്ചത്.

കര്‍ണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങളെ മുന്‍നിര്‍ത്തിയാണ് രാഹുല്‍ ഗാന്ധി ഓഗസ്റ്റ് ഏഴിന് ദല്‍ഹിയില്‍ വാര്‍ത്താസമ്മേളനം നടത്തിയിരുന്നത്. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ സീറ്റിലെ മഹാദേവപുര നിയമസഭാ മണ്ഡലത്തില്‍ വന്‍തോതിലുള്ള വോട്ട് മോഷണം നടന്നുവെന്നായിരുന്നു രാഹുലിന്റെ പ്രധാന ആരോപണം.

ഇതേ തുടര്‍ന്ന് രാഹുല്‍ ഗാന്ധിക്ക് കര്‍ണാടക തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ് വന്നിരുന്നു. ആരോപണങ്ങള്‍ക്ക് അടിസ്ഥാനമായ തെളിവുകള്‍ ഹാജരാക്കണമെന്നാണ് നോട്ടീസിലെ ആവശ്യം.

Content Highlight: Rahul Gandhi allowed to meet Election Commission

We use cookies to give you the best possible experience. Learn more