ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും തെരെഞ്ഞെടുപ്പ് കമ്മീഷനുമെതിരെ വീണ്ടും വിമര്‍ശനവുമായി കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധി. ‘ഗുജറാത്ത് മോഡലി’ന് പിന്നിലും വോട്ട് ചോരി ആണെന്ന് രാഹുല്‍ വിമര്‍ശിച്ചു.
ഗുജറാത്ത് മോഡല്‍ ഒരു സാമ്പത്തിക മാതൃകയല്ലെന്നും തെരെഞ്ഞെടുപ്പില്‍ വോട്ട് മോഷ്ടിക്കാനുള്ള ഒരു തന്ത്രമാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. ബിഹാറിലെ മുസാഫര്‍പൂരില്‍ ചൊവ്വാഴ്ച നടന്ന തെരെഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘2012 ല്‍ ഗുജറാത്തില്‍ തുടങ്ങിയ ഈ വോട്ട് മോഷണ തന്ത്രം അവര്‍ 2014ല്‍ ദേശീയ തലത്തിലേക്ക് കൊണ്ടുവന്നു. ബി.ജെ.പി സര്‍ക്കാര്‍ 40-50 വര്‍ഷം ഭരിക്കുമെന്ന് എങ്ങനെ ഒരാള്‍ക്ക് പറയാന്‍ കഴിയുമെന്ന് ഞാന്‍ ചിന്തിച്ചു.
ജനങ്ങളുടെ മനസ്സില്‍ എന്താണെന്ന് അവര്‍ക്കല്ലേ അറിയൂ. അതൊരു വിചിത്രമായ പ്രസ്താവനയായിരുന്നു. ഇപ്പോള്‍ സത്യം രാജ്യം മുഴുവന്‍ പുറത്തുവന്നു. അവര്‍ക്ക് ഇത് പറയാന്‍ കഴിയുന്നത് അവര്‍ വോട്ടുകള്‍ മോഷ്ടിക്കുന്നതുകൊണ്ടാണ്,’ രാഹുല്‍ ഗാന്ധി പറഞ്ഞു.
വോട്ട് മോഷണം സംബന്ധിച്ച തന്റെ വാര്‍ത്താസമ്മേളനത്തില്‍ ഒരു ബി.ജെ.പി നേതാവും പ്രതികരിച്ചില്ലെന്ന് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.
‘മോദിജി ഒരു വാക്ക് പോലും പറഞ്ഞില്ല, അമിത് ഷാ ഒരു വാക്ക് പോലും പറഞ്ഞില്ല. പിടിയിലാകുമ്പോള്‍ കള്ളന്‍ പൂര്‍ണ്ണമായും നിശബ്ദനാകും’ അദ്ദേഹം പറഞ്ഞു.
മോദിയുടെ വിജയത്തിന് പിന്നിലും വോട്ട് ചോരിയാണെന്ന് രാഹുല്‍ പറഞ്ഞു. അമിത് ഷായുടെയും തെരെഞ്ഞെടുപ്പ് കമ്മീഷന്റെയും സഹായത്തോടെ വോട്ടുകള്‍ വെട്ടിക്കുറച്ചും വ്യാജ വോട്ടര്‍മാരെ ചേര്‍ത്തുമാണ് തെരെഞ്ഞെടുപ്പില്‍ മോദി വിജയിച്ചതെന്ന് രാഹുല്‍ ആരോപിച്ചു.
കൈവശം തെളിവുകള്‍ ഇല്ലാതിരുന്നതിനാല്‍ തങ്ങള്‍ ഇതുവരെ ഒന്നും പറഞ്ഞിരുന്നില്ല. എന്നാല്‍ മഹാരാഷ്ട്രയില്‍ അവര്‍ അതിരുകടന്നതോടെ തെളിവുകള്‍ ലഭിച്ചു. ലോക്‌സഭാ തെരെഞ്ഞെടുപ്പിന് ശേഷം തെരെഞ്ഞെടുപ്പ് കമ്മീഷന്‍ മഹാരാഷ്ട്രയില്‍ ഏകദേശം ഒരു കോടി വോട്ടുകള്‍ അധികമായി ചേര്‍ത്തു, അവയെല്ലാം ബി.ജെ.പിക്ക് ലഭിച്ചു.
ഹരിയാന, മഹാരാഷ്ട്ര ലോക്‌സഭാ തെരെഞ്ഞെടുപ്പുകള്‍ എങ്ങനെയാണ് മോഷ്ടിക്കപ്പെട്ടതെന്ന് തെളിവുകളോടെ കാണിച്ചു തരുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
ബിഹാര്‍ നിയമസഭാ തെരെഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന വോട്ടര്‍ അധികാര്‍ യാത്രയില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിനും പങ്കെടുത്തു. 16 ദിവസത്തെ യാത്ര സെപ്റ്റംബര്‍ ഒന്നിന് പട്‌നയിലെ ഗാന്ധി മൈതാനത്ത് നടക്കുന്ന മഹാറാലിയോടെ സമാപിക്കും.
മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര നിയമസഭാ തെരെഞ്ഞെടുപ്പുകളിലും ലോക്‌സഭാ തെരെഞ്ഞെടുപ്പുകളിലും വോട്ടുകള്‍ ബി.ജെ.പിക്ക് അനുകൂലമായി മോഷ്ടിക്കപ്പെട്ടത് തെരെഞ്ഞെടുപ്പ് കമ്മീഷന്റെ ഒത്താശയോടെയാണെന്നും രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചു.
Content Highlight: Rahul Gandhi about Vote Chori and Gujarath Model