| Wednesday, 10th September 2025, 11:02 pm

രാഹുല്‍ എക്‌സ്ട്രീം ട്രോമയിലെന്ന് രാഹുല്‍ ഈശ്വര്‍; ഇങ്ങനെ വെളുപ്പിക്കല്ലേയെന്ന് സോഷ്യല്‍ മീഡിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ലൈംഗിക ആരോപണങ്ങളില്‍ നിയമനടപടി നേരിടുന്ന പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തില്‍ എക്‌സ്ട്രീം ട്രോമയിലെന്ന് സംഘപരിവാര്‍ അനുകൂലിയും രാഷ്ട്രീയ നിരീക്ഷകനുമായ രാഹുല്‍ ഈശ്വര്‍.

രാഹുല്‍ മാങ്കൂട്ടത്തിലുമായുള്ള ഫോണ്‍ സംഭാഷണം പുറത്തുവിട്ടുകൊണ്ടാണ് രാഹുല്‍ ഈശ്വറിന്റെ പ്രതികരണം. രാഹുലിന്റെ ഓരോ വാക്കുകളും നിങ്ങള്‍ കേള്‍ക്കണം, തീവ്ര ഫെമിനിസ്റ്റുകള്‍ കള്ളം പറയുന്നത് പോലെയല്ല, ഇല്ലാത്ത വേവലാതികള്‍ ഉണ്ടാക്കി പറയുന്നതെല്ലെന്നും പറഞ്ഞുകൊണ്ടാണ് രാഹുല്‍ ഈശ്വര്‍ ഫോണ്‍ സംഭാഷണം കേള്‍പ്പിക്കുന്നത്.

യഥാര്‍ത്ഥത്തില്‍ വേട്ടയാടപ്പെടുന്നത് പുരുഷനാണെന്ന് തിരിച്ചറിയാന്‍ കൂടിയാണ് താന്‍ ഇത് പുറത്തുവിടുന്നതെന്നും രാഹുല്‍ ഈശ്വര്‍ പറയുന്നുണ്ട്.

രാത്രിയില്‍ ഒരു പാരസെറ്റമോളും സിട്രിസിനും കഴിച്ച ശേഷമാണ് ഉറങ്ങുന്നതെന്നും അഞ്ച്, ആറ് മണിയാകുമ്പോഴാണ് തനിക്ക് ഉറക്കം വരുന്നതെന്നുമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ സംഭാഷണത്തിനിടെ പറയുന്നത്. രണ്ട് മണിക്കൂര്‍ മാത്രമാണ് ഉറങ്ങുന്നത്. വിശക്കാത്തതുകൊണ്ട് ഭക്ഷണം കഴിക്കുന്നില്ല. ട്രോമ എന്ന് പറഞ്ഞാല്‍ എക്‌സ്ട്രീം ട്രോമയിലൂടെയാണ് കടന്നുപോകുന്നതെന്നും രാഹുല്‍ പറയുന്നുണ്ട്.

എം.എല്‍.എ ആകണമെന്നോ മന്ത്രിയാകണമെന്നോ അല്ല ഇപ്പോഴത്തെ ആഗ്രഹം, റൂമിന് പുറത്തേക്ക് ഇറങ്ങണമെന്നാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറയുന്നു.

തെറ്റ് ചെയ്തതുകൊണ്ടാണോ മിണ്ടാത്തത്, പ്രതികരിക്കാത്തത് എന്നെല്ലാം ചോദിക്കാന്‍ ആളുകള്‍ക്ക് എളുപ്പമാണ്. സ്ത്രീകള്‍ക്ക് മാത്രമല്ലല്ലോ ട്രോമയുള്ളതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ രാഹുല്‍ ഈശ്വറിന് ചോദിക്കുന്നുണ്ട്.

നിലവില്‍ രാഹുല്‍ ഈശ്വര്‍ പങ്കുവെച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയമായിട്ടുണ്ട്. ഒരാളെ വെളുപ്പിക്കാന്‍ ഇങ്ങനെ കഷ്ടപ്പെടണോ എന്നാണ് സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം ചോദിക്കുന്നത്.

സ്വന്തം സഹോദരിക്കാണ് ഇത്തരത്തില്‍ ഒരു അവസ്ഥ വരുന്നതെങ്കില്‍ രാഹുല്‍ ഈശ്വര്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണക്കുമോയെന്നും ചിലര്‍ ചോദിക്കുന്നു.

പിണറായി രാജിവെക്കണോയെന്നും ചിലര്‍ പരിഹസിക്കുന്നുണ്ട്. ആരുടെ വിഷമം കണ്ടാലും ഉള്ള് പിടയാറുണ്ട്. എന്നാല്‍ രാഹുലിന്റെ സംസാരം കേട്ടിട്ട് അങ്ങനെയൊരു വികാരം ഉണ്ടാകുന്നില്ലെന്നും ചിലര്‍ പ്രതികരിക്കുന്നു.

Content Highlight: Rahul Easwar says Rahul Mamkootathil is in extreme trauma

We use cookies to give you the best possible experience. Learn more