| Saturday, 6th December 2025, 8:43 pm

ജാമ്യം കിട്ടിയില്ല; ഒടുവില്‍ ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുല്‍ ഈശ്വര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ജയിലിലെ നിരാഹാര സമരം അവസാനിപ്പിച്ച് രാഹുല്‍ ഈശ്വര്‍. ഇന്ന് (ശനി) കോടതി വീണ്ടും ജാമ്യം നിഷേധിച്ചതോടെയാണ് രാഹുല്‍ ഈശ്വര്‍ നിരാഹാരത്തില്‍ നിന്നും പിന്മാറിയത്. അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ അറസ്റ്റിലായതിന് പിന്നാലെയാണ് രാഹുല്‍ നിരാഹാര സമരം ആരംഭിച്ചത്.

തുടര്‍ന്ന് തിങ്കളാഴ്ച തന്റെ ആദ്യ ജാമ്യാപേക്ഷ തള്ളിയതോടെ രാഹുലിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. പിന്നാലെ രാഹുല്‍ ഈശ്വറിനെ പൊലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു.

തുടര്‍ന്ന് രണ്ട് ദിവസത്തെ കസ്റ്റഡിയ്ക്ക് ശേഷം രാഹുലിനെ തിരുവനന്തപുരത്തെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് തിരികെ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

ഇന്ന് തിരുവനന്തപുരം സി.ജെ.എം കോടതിയാണ് രാഹുല്‍ ഈശ്വറിന്റെ ജാമ്യം തള്ളിയത്. രാഹുല്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന പ്രോസിക്യൂഷന്റെ വാദം ശരിവെച്ചുകൊണ്ടാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.

അതിജീവിതയെ അധിക്ഷേപിച്ചിട്ടില്ലെന്ന വാദം നിലനില്‍ക്കില്ലെന്നാണ് കോടതി വിധിയില്‍ പറയുന്നത്. ഒരു വാക്കോ വാചകമോ അല്ല കോടതി നോക്കുന്നത്. സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോയുടെ മൊത്തം സ്വഭാവം കോടതി പരിഗണിക്കുമെന്നും വിധിയില്‍ പരാമര്‍ശമുണ്ട്.

പരാതിക്കാരിയെ അധിക്ഷേപിച്ചത് വ്യക്തമാണെന്നും ജാമ്യത്തില്‍ വിട്ടാല്‍ രാഹുല്‍ ഈശ്വര്‍ കുറ്റം ആവര്‍ത്തിക്കുമെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം. പ്രോസിക്യൂഷന്റെ വാദത്തില്‍ കഴമ്പുണ്ടെന്നും കോടതി പറഞ്ഞു.

കസ്റ്റഡിയിലിരിക്കെയും അതിജീവിതക്കെതിരെ പ്രതി പോസ്റ്റിട്ടുവെന്നും കോടതി നിരീക്ഷിച്ചു. പൊലീസിനെ സമ്മര്‍ദത്തിലാക്കാന്‍ വേണ്ടിയാണ് രാഹുല്‍ ഈശ്വര്‍ നിരാഹാരം സമരം നടത്തുന്നതെന്നും ഇതിന് അനുമതി നല്‍കിയാല്‍ മറ്റു തടവുകാരും സമാനമായ പ്രവൃത്തികള്‍ ആരംഭിക്കുമെന്നും വിധിയില്‍ പറയുന്നു.

Content Highlight: Rahul Easwar ends hunger strike in jail

We use cookies to give you the best possible experience. Learn more