തിരുവനന്തപുരം: അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ വലത് ആക്റ്റിവിസ്റ്റ് രാഹുല്‍ ഈശ്വറിന് ജാമ്യമില്ല. പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച വീഡിയോ പരിശോധിച്ച കോടതി രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ തള്ളി. തിരുവനന്തപുരം ജില്ലാ കോടതിയാണ് രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ തള്ളിയത്.
അതിജീവിതയെ അപമാനിച്ചതില്‍ രാഹുല്‍ ഈശ്വറിനെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്യുകയും ചെയ്തു.
പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തില്‍ ലൈംഗികമായി ചൂഷണം ചെയ്ത യുവതിയെ സൈബറിടങ്ങളില്‍ അധിക്ഷേപിച്ചതിന് പിന്നാലെയാണ് രാഹുല്‍ ഈശ്വറിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
നിലവില്‍ രാഹുലിനെ പൂജപ്പുര ജില്ലാ ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. തനിക്കെതിരായ കള്ളക്കേസിനെ നിയമപരമായി നേരിടുമെന്നും ജയിലില്‍ നിരാഹാരമിരിക്കുമെന്നും രാഹുല്‍ ഈശ്വര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്തത്. ആദ്യഘട്ടത്തില്‍ ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് ചുമത്തിയതെങ്കിലും ശേഷം അതില്‍ മാറ്റം വരുത്തുകയായിരുന്നു.
ബി.എന്‍.എസ് 75 (3) വകുപ്പ് ഉള്‍പ്പെടെയാണ് കൂട്ടിച്ചേര്‍ത്തത്. അതിജീവിതക്കെതിരെ ലൈംഗികച്ചുവയുള്ള പരാമര്‍ശം നടത്തിയെന്ന കണ്ടെത്തെലിനെ തുടര്‍ന്നാണ് ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് രാഹുലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
സൈബറിടങ്ങളില്‍ അപമാനിച്ചു, പേര് വെളിപ്പെടുത്താന്‍ മറ്റുള്ളവരെ പ്രേരിപ്പിച്ചു എന്നീ ആരോപണങ്ങളാണ് യുവതിയുടെ പരാതിയില്‍ ഉണ്ടായിരുന്നത്.
അതിജീവിതയെ അധിക്ഷേപിക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് പൊലീസ് ഇന്നലെ മുന്നറിയിപ്പ് നൽകിയിരുന്നു. കൂടാതെ പരാതിക്കാരിക്കെതിരെ മോശം കമന്റുകള്‍ ചെയ്തവര്‍ക്കെതിരെയും കേസെടുക്കുമെന്നും പൊലീസ് അറിയിച്ചിരുന്നു.
അതേസമയം രാഹുല്‍ ഈശ്വറിനൊപ്പം കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍, മഹിളാ കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രജിത പുളിക്കന്‍, ദീപാ ജോസഫ് എന്നിവര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്നാണ് വിവരം. അറസ്റ്റ് മുന്നില്‍ക്കണ്ട് സന്ദീപ് വാര്യര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്.
Content Highlight: Rahul Easwar denied bail