തിരുവനന്തപുരം: അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ വലത് ആക്ടിവിസ്റ്റ് രാഹുല്‍ ഈശ്വറിന് വീണ്ടും ജാമ്യം നിഷേധിച്ച് കോടതി. തിരുവനന്തപുരം അഡീഷണല്‍ ഡി.ജെ.എം കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഇതോടെ രാഹുല്‍ ഈശ്വര്‍ ജയിലില്‍ തുടരും.
രാഹുല്‍ ഈശ്വര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന പ്രൊസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. പത്തിന് രാഹുലിനെ കോടതിയില്‍ ഹാജരാക്കണമെന്നും നിര്‍ദേശമുണ്ട്. അന്ന് കസ്റ്റഡി അപേക്ഷ പരിഗണിക്കുമെന്നാണ് വിവരം.
അതേസമയം അതിജീവിതക്കെതിരായ എല്ലാ പോസ്റ്റുകളും നീക്കം ചെയ്യാമെന്ന് രാഹുല്‍ ഈശ്വര്‍ കോടതിയെ അറിയിച്ചിരുന്നു. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും എഫ്.ഐ.ആര്‍ വായിക്കുന്ന വീഡിയോയാണ് പോസ്റ്റ് ചെയ്തതെന്നും രാഹുല്‍ ജാമ്യാപേക്ഷ പരിഗണിക്കവെ പറഞ്ഞിരുന്നു.
എന്നാല്‍ കേസുകളുടെ എഫ്.ഐ.ആര്‍ എങ്ങനെ പരസ്യരേഖയാകുമെന്ന് കോടതി ചോദിച്ചു. പിന്നാലെ ജാമ്യം നിഷേധിക്കുകയും ചെയ്തു. പ്രോസിക്യൂഷനും രാഹുലിന്റെ ജാമ്യഹരജിയെ നിശിതമായി എതിര്‍ത്തു.
തിങ്കളാഴ്ചയും രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. 14 ദിവസം റിമാന്‍ഡില്‍ വിട്ടുകൊണ്ടായിരുന്നു കോടതി വിധി. തുടര്‍ന്ന് രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയ്ക്ക് ശേഷം രാഹുലിനെ തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
ഞായറാഴ്ചയാണ് രാഹുല്‍ ഈശ്വര്‍ അറസ്റ്റിലായത്. അതിജീവിതയെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതിനും വ്യക്തിവിവരങ്ങള്‍ വെളിപ്പെടുത്തിയതിനുമാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്.
ബി.എന്‍.എസ് 72, 75, 79, 351 എന്നീ വകുപ്പുകളാണ് രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്. ഇതിനിടെ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നല്‍കിയ ജാമ്യഹരജി രാഹുല്‍ ഈശ്വര്‍ പിന്‍വലിച്ചിരുന്നു.
കേസില്‍ രാഹുല്‍ ഈശ്വറിനൊപ്പം കോണ്‍ഗ്രസ് നേതാക്കളായ സന്ദീപ് വാര്യരും രജിത പുളിക്കനും കോണ്‍ഗ്രസ് അനുകൂലിയായ അഭിഭാഷക ദീപാ ജോസഫും പ്രതി ചേര്‍ക്കപ്പെട്ടിട്ടുണ്ട്. രജിത പുളിക്കാനാണ് കേസിലെ ഒന്നാം പ്രതി. സന്ദീപ് വാര്യര്‍ അഞ്ചാം പ്രതിയും രാഹുല്‍ ഈശ്വര്‍ നാലാം പ്രതിയുമാണ്.
Content Highlight: Rahul Easwar bail denied in case of insulting survivor