| Friday, 22nd August 2025, 7:01 am

രോഹിത്തിനെ ഞാന്‍ വെല്ലുവിളിച്ചു: തുറന്ന് പറഞ്ഞ് രാഹുല്‍ ദ്രാവിഡ്

സ്പോര്‍ട്സ് ഡെസ്‌ക്

വരാനിരിക്കുന്ന ഏഷ്യാ കപ്പിനായുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ടീം. ഇതോടെ സൂര്യകുമാര്‍ യാദവിനെ ക്യാപ്റ്റനായും ശുഭ്മന്‍ ഗില്ലിനെ വൈസ് ക്യാപ്റ്റനായും നിയമിച്ച് ഇന്ത്യ 15 അംഗ സ്‌ക്വാഡ് പുറത്തുവിട്ടിരുന്നു.

2024 ടി-20 ലോകകപ്പിലെ വിജയത്തിനുശേഷം രോഹിത്തിന്റെ ക്യാപ്റ്റന്‍സിയില്‍ അല്ലാതെ ഇന്ത്യ ഇറങ്ങുന്ന ആദ്യ ടി-20 ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റാണ് ഏഷ്യാ കപ്പ്. നിലവില്‍ രോഹിത് ശര്‍മ ഏകദിന ടീമിന്റെ ക്യാപ്റ്റന്‍ മാത്രമാണ്.

ഇപ്പോള്‍ രോഹിത് ശര്‍മയുമായുള്ള തന്റെ ബന്ധത്തെക്കുറിച്ചും അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സി മികവിനെക്കുറിച്ചും തുറന്ന് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്.

രോഹിത് ടീമിനെ എപ്പോഴും ശ്രദ്ധിച്ചിരുന്നെന്നും ഒരു ക്യാപ്റ്റന്‍ എന്ന നിലയില്‍ എന്താണ് വേണ്ടതെന്ന് അദ്ദേഹത്തിന് കൃത്യമായി അറിയാം എന്നും ദ്രാവിഡ് പറഞ്ഞു. ക്യാപ്റ്റന്‍സിയിലെ ചില കാര്യങ്ങളില്‍ താന്‍ രോഹിത്തിനെ വെല്ലുവിളിക്കുമെങ്കിലും രോഹിത് എല്ലാം സുഗമമായി ചെയ്യുമായിരുന്നു എന്നും ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു.

‘രോഹിത് ടീമിനെ നന്നായി ശ്രദ്ധിച്ചിരുന്നു. ഒരു ക്യാപ്റ്റനെന്ന നിലയില്‍ തനിക്ക് എന്താണ് വേണ്ടതെന്ന് അദ്ദേഹത്തിന് എപ്പോഴും കൃത്യമായി അറിയാമായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം മധ്യനിരയില്‍ കളിക്കാരെ മികച്ച രീതിയില്‍ കൈകാര്യം ചെയ്തതിനാല്‍ അത് എല്ലായ്‌പ്പോഴും ക്യാപ്റ്റന്റെ ടീമായിരുന്നു. അതിനാല്‍ വ്യക്തതയിലും എന്താണ് വേണ്ടതെന്ന് മനസിലാക്കുന്നതിലും നിങ്ങള്‍ ഒരു ക്യാപ്റ്റനെ സഹായിക്കേണ്ടതുണ്ട്.

ടീമില്‍ നിന്ന് എന്താണ് വേണ്ടതെന്നും അദ്ദേഹത്തിന് വ്യക്തമായിരുന്നു. രോഹിത്തിന്റെ അനുഭവപരിചയമാണ് അദ്ദേഹത്തെ സഹായിച്ചത്. ചില കാര്യങ്ങളില്‍ ഞാന്‍ അദ്ദേഹത്തെ വെല്ലുവിളിക്കുകയും എന്നാല്‍ ആ കാര്യങ്ങളില്‍ അദ്ദേഹം സുഖമായി നിറവേറ്റുകയും ചെയ്തു.

അദ്ദേഹം മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നും മറ്റുള്ളവരെയെല്ലാം സംഭാവന ചെയ്യാന്‍ പ്രേരിപ്പിക്കുമെന്നും എനിക്കറിയാമായിരുന്നു. അദ്ദേഹം ശാന്തനും ടീമുമായി എപ്പോഴും കണക്ടഡായി നില്‍ക്കുകയും ചെയ്യുന്നു,’ ദ്രാവിഡ് പറഞ്ഞു.

സെപ്റ്റംബര്‍ ഒമ്പതിനാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ഏഷ്യാ കപ്പ് ആരംഭിക്കുന്നത്. ഇന്ത്യയും പാകിസ്ഥാനും ഒരേ ഗ്രൂപ്പിലായതിനാല്‍ ആവേശം ഇരട്ടിയാകുമെന്നും ഉറപ്പാണ്.

2025 ഏഷ്യാകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

സൂര്യ കുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, സഞ്ജു സാംസണ്‍, ഹര്‍ഷിത് റാണ, റിങ്കു സിങ്

Content Highlight: Rahul Dravid Talking About Rohit Sharma

We use cookies to give you the best possible experience. Learn more