| Tuesday, 25th August 2026, 10:42 pm

ഒരു ഘട്ടത്തിലും ഇന്ത്യയെ എഴുതിത്തള്ളാന്‍ കഴിയില്ല; പിന്തുണയുമായി ദ്രാവിഡ്

ശ്രീരാഗ് പാറക്കല്‍

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്താന്‍ ഇന്ത്യയ്ക്ക് ഇനിയും സാധ്യതയുണ്ടെന്ന് മുന്‍ ഇന്ത്യന്‍ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. ഇന്ത്യയെ എഴുതി തള്ളാനായിട്ടില്ലെന്നും ദ്രാവിഡ് പറഞ്ഞു.

‘അവര്‍ യോഗ്യത നേടുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്ക് യോഗ്യത നേടുകയാണെങ്കില്‍ അതൊരു വലിയ മുന്നേറ്റമായിരിക്കും. ഇന്ത്യ അല്‍പം പിന്നിലാണ്, എന്നാല്‍ ഇന്ത്യന്‍ ടീമിനുള്ള നിലവാരം വെച്ച് ഒരു ഘട്ടത്തിലും അവരെ എഴുതിത്തള്ളാന്‍ കഴിയില്ല.

ശ്രീലങ്കയ്‌ക്കെക്കെതിരെ അവര്‍ മികച്ച തുടക്കമാണ് നല്‍കിയിരിക്കുന്നത്, അതൊരു നല്ല ആദ്യ പടിയാണ്. ന്യൂസിലാന്‍ഡില്‍ പോയി കളിക്കുന്നത് എപ്പോഴും വലിയൊരു വെല്ലുവിളിയാണ്. സ്വന്തം നാട്ടില്‍ നേരിടാന്‍ ഏറ്റവും കടുത്ത ടീമാണവര്‍,’ ദ്രാവിഡ് പറഞ്ഞു.

ലങ്കയ്‌ക്കെതിരായ രണ്ട് മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ നിലവില്‍ 1-0 ന് മുന്നിലാണ്. നിലവില്‍ രണ്ടാം ടെസ്റ്റിലെ മൂന്നാം ദിനം അവസാനിച്ചിരിക്കുകയാണ്. ഒന്നാം ഇന്നിങ്സില്‍ ബാറ്റ് ചെയ്യുന്ന ശ്രീലങ്ക എട്ട് വിക്കറ്റ് നഷ്ടത്തില്‍ 265 റണ്‍സ് നേടിയിട്ടുണ്ട്. ക്രീസിലുള്ളത് 137 പന്തില്‍ 85 റണ്‍സ് നേടിയ സോണല്‍ ദിനുഷയും എട്ട് റണ്‍സ് നേടിയ ലഹിരു കുമാരയുമാണ്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 503 റണ്‍സിന് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഫോളോ ഓണ്‍ ഒഴിവാക്കാനാകും ലങ്കയുടെ ലക്ഷ്യം.

നിലവില്‍ ഇന്ത്യ 10 മത്സരങ്ങളില്‍ 5 ജയവും 1 സമനിലയും 4 തോല്‍വിയും, 53.33% പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്. പട്ടികയില്‍ മുന്നിലുള്ളത് ഓസ്‌ട്രേലിയ (77.78%), സൗത്ത് ആഫ്രിക്ക (75%), ന്യൂസിലാന്‍ഡ് (72.22%), ബംഗ്ലാദേശ് (66.67%) എന്നിവരാണ്.

അതേസമയം ഒക്ടോബറില്‍ ന്യൂസിലന്‍ഡിനെതിരായ രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയാണ് ഇന്ത്യക്ക് മുന്നിലുള്ള അടുത്ത വലിയ വെല്ലുവിളി. ശേഷം ഓസ്‌ട്രേലിയയുമായുള്ള അഞ്ച് ടെസ്റ്റ് മത്സരങ്ങളുമുണ്ട്.

Content Highlight: Rahul Dravid says India will reach the World Test Championship final

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more