| Sunday, 31st August 2025, 3:16 pm

സഞ്ജുവിന് മുന്നേ ദ്രാവിഡിന്റെ പടിയിറക്കം; പിന്നില്‍ പരാഗ്?

സ്പോര്‍ട്സ് ഡെസ്‌ക്

രാജസ്ഥാന്‍ റോയല്‍സ് പരിശീലന സ്ഥാനം രാഹുല്‍ ദ്രാവിഡ് ഒഴിയാന്‍ കാരണം ടീമിനുള്ളിലെ അധികാര തര്‍ക്കമെന്ന് റിപ്പോര്‍ട്ട്. ഭാവി നായകന്‍ ഉള്‍പ്പെടെയുള്ള പ്രധാന തീരുമാനങ്ങളില്‍ അദ്ദേഹത്തിന്റെ വിയോജിപ്പാണ് ഇത്തരമൊരു തീരുമാനത്തിന് കാരണമെന്നാണ് ക്രിക്ബസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

കഴിഞ്ഞ ദിവസമാണ് രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സ് പരിശീലക സ്ഥാനം രാജി വെച്ചത്. ദ്രാവിഡ് പരിശീലക സ്ഥാനത്ത് നിന്നും പടിയിറങ്ങുകയാണെന്നും 2026 ഐ.പി.എല്ലില്‍ അദ്ദേഹം പരിശീലകനായി ടീമിനൊപ്പമുണ്ടാകില്ലെന്നും രാജസ്ഥാന്‍ റോയല്‍സ് പ്രസ്താവനയിലൂടെ അറിയിക്കുകയായിരുന്നു. ഫ്രാഞ്ചൈസി അദ്ദേഹത്തിന് വലിയ പദവി വാഗ്ദാനം ചെയ്തിരുന്നുവെന്നും അത് സ്വീകരിച്ചില്ലെന്നും പ്രസ്താവനയില്‍ ഉണ്ടായിരുന്നു.

എന്നാല്‍, റിയാന്‍ പരാഗിനെ ആര്‍.ആറിന്റെ മുഴുവന്‍ സമയം ക്യാപ്റ്റനാക്കാനുള്ള തീരുമാനോടുള്ള വിയോജിപ്പാണ് രാഹുലിന്റെ പടിയിറക്കത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. താരത്തെ ക്യാപ്റ്റനാക്കാന്‍ ആര്‍. ആര്‍. മാനേജ്‌മെന്റ് ഉറച്ച തീരുമാനത്തിലാണ്. നോര്‍ത്ത് ഈസ്റ്റിലെ ടീമിന്റെ ആരാധക പിന്തുണയ്ക്ക് കാരണം താരമാണ് എന്ന് ടീം മാനേജ്മന്റ് വിശ്വസിക്കുന്നതാണ് ഇത്തരം ഒരു തീരുമാനത്തിലേക്ക് ടീമിനെ നയിക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.

രാജസ്ഥാന്‍ റോയല്‍സിന്റെ ബ്രാന്‍ഡിങ്ങില്‍ പരാഗ് അവിഭാജ്യ ഘടകമാണെന്ന് ടീമിനുള്ളിലെ വൃത്തങ്ങള്‍ കരുതുന്നു. എന്നാല്‍, മെറിറ്റ് അടിസ്ഥാനമാക്കിയും ഭാവി മുന്നില്‍ കൊണ്ടുമാണ് ഇത്തരം തീരുമാനങ്ങള്‍ എടുക്കേണ്ടതെന്നുമാണ് ദ്രാവിഡിന്റെ നിലപാട്.

കഴിവുള്ള യശസ്വി ജെയ്സ്വാളിനെ പോലെയുള്ളവരെ അവഗണിച്ച് പരാഗിനെ നായക സ്ഥാനത്തേക്ക് പരിഗണിക്കുന്നതും വിയോജിപ്പിന് കാരണമായി എന്നും റിപ്പോര്‍ട്ടിലുണ്ട്. സഞ്ജു സാംസണ്‍ ടീം വിടുന്നതും ദ്രാവിഡിന്റെ തീരുമാനത്തിന് കാരണമായി എന്നും ഇത് സൂചിപ്പിക്കുന്നു.

‘ഒരു ക്യാപ്റ്റന്‍ എന്ന നിലയിലും താരമെന്ന നിലയിലും ദ്രാവിഡ് എപ്പോഴും സഞ്ജുവിനെ പിന്തുണച്ചിട്ടുണ്ട്. സഞ്ജുവിന്റെ ഭാവിയെക്കുറിച്ച് കൂടുതല്‍ വ്യക്തതയില്ലാതെ ടീം അടുത്ത ഘട്ടം ആസൂത്രണം ചെയ്യുന്നത് കാണുന്നത് അദ്ദേഹത്തിന്റെ അസ്വസ്ഥത വര്‍ധിപ്പിച്ചിട്ടുണ്ട്,’ രാജസ്ഥാന്‍ റോയല്‍സുമായി അടുത്ത വൃത്തം പറഞ്ഞു.

കുമാര്‍ സംഗക്കാരയുടെ പകരക്കാരനായാണ് രാഹുല്‍ ദ്രാവിഡ് 2025ല്‍ രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലക സ്ഥാനത്തെത്തിയത്. എന്നാല്‍ രണ്ടാം വരവില്‍ അദ്ദേഹത്തിന് തിളങ്ങാന്‍ സാധിച്ചിരുന്നില്ല. കഴിഞ്ഞ സീസണില്‍ പത്ത് മത്സരത്തില്‍ നാലെണ്ണത്തില്‍ മാത്രമാണ് രാജസ്ഥാന്‍ വിജയിച്ചത്. 18ാം സീസണില്‍ രാജസ്ഥാന്‍ പോയിന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്തായിരുന്നു.

ഇതിന് മുമ്പ് ദ്രാവിഡ് 2011 മുതല്‍ 2013 വരെയും രാജസ്ഥാന്‍ പരിശീലകനായിരുന്നു. ഇന്ത്യന്‍ പരിശീലക സ്ഥാനം ഒഴിഞ്ഞതിന് ശേഷം വീണ്ടും രാജസ്ഥാനില്‍ എത്തുകയായിരുന്നു.

Content Highlight: Rahul Dravid quit Rajasthan Royals coach due to Sanju Samson – Riyan Parag captaincy row: Report

We use cookies to give you the best possible experience. Learn more